Vatican

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” വത്തിക്കാൻ രേഖ

"സഹരക്ഷക, മധ്യസ്ഥ, എല്ലാ കൃപകളുടെയും മധ്യസ്ഥ" എന്നീ ശീർഷകങ്ങൾ ഒഴിവാക്കണമെന്നാണ് രേഖയിൽ പറയുന്നത്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ “സഹരക്ഷക” എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. “സഹരക്ഷക, മധ്യസ്ഥ, എല്ലാ കൃപകളുടെയും മധ്യസ്ഥ” എന്നീ ശീർഷകങ്ങൾ ഒഴിവാക്കണമെന്നാണ് രേഖയിൽ പറയുന്നത്. വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററിയാണ് പരിശുദ്ധ മറിയത്തിന്റെ ശീര്‍ഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖയായ ‘മാത്തെര്‍ പോപ്പുളി ഫിദെലിസ്’ പ്രസിദ്ധീകരിച്ചത്. ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി മോണ്‍. അര്‍മാന്‍ദോ മത്തേയോയും ഒപ്പുവച്ച രേഖയ്ക്ക് ഒക്ടോബര്‍ ഏഴാം തീയതിയാണ് ലിയോ പതിനാലാമന്‍ പാപ്പാ അംഗീകാരം നല്‍കിയത്.

മരിയന്‍ ഭക്തിയെ സംബന്ധിക്കുന്ന ഒരു സൈദ്ധാന്തിക രേഖയാണിത്. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാര്‍, വേദപാരംഗതന്മാര്‍, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങള്‍, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകള്‍ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. “സഹരക്ഷക” എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കല്‍ കാരണങ്ങളാലും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏഴ് സന്ദര്‍ഭങ്ങളിലെങ്കിലും ഈ ശീര്‍ഷകം ഉപയോഗിച്ചതായിട്ടും രേഖ ചൂണ്ടിക്കാട്ടുന്നുണ്ട്.

1996 ല്‍ കര്‍ദിനാള്‍ റാറ്റ്സിംഗര്‍ (ബെനഡിക്ട് പതിനാറാമൻ) പറഞ്ഞത് ഇങ്ങനെയാണ്: “സഹരക്ഷക” എന്ന ശീര്‍ഷകത്തിന്റെ കൃത്യമായ അര്‍ത്ഥം വ്യക്തമല്ല, അതില്‍ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പക്വതയുള്ളതല്ല… ഈ ശീര്‍ഷകം തിരുവെഴുത്തുകളിലും അപ്പസ്തോലിക പാരമ്പര്യത്തിലും എങ്ങനെയാണെന്ന് ഇതുവരെ വ്യക്തവുമല്ല” എന്നാണ്. ഈ ശീര്‍ഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാന്‍സിസ് പാപ്പായും മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

വിശ്വാസികളുടെ അമ്മയെന്ന നിലയില്‍ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറിയത്തിന്റെ ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രേഖയില്‍ ചില മരിയന്‍ ശീര്‍ഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങള്‍ക്കെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നത്. “വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസജനതയുടെ അമ്മ” തുടങ്ങിയ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു.

അതേസമയം, “കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ” എന്നീ ശീര്‍ഷകങ്ങള്‍ ചില അര്‍ത്ഥത്തില്‍ സ്വീകാര്യമെന്നു തോന്നാമെങ്കിലും ഇവയുടെ അര്‍ത്ഥവിശദീകരണങ്ങള്‍ ഏറെ അപകട സാധ്യതകള്‍ മുന്‍പോട്ടു വയ്ക്കുന്നുവെന്നു രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

സാമൂഹിക ജീവിതത്തിന്റെ ഏറ്റവും വൈവിധ്യമാര്‍ന്ന മേഖലകളില്‍ ‘മധ്യസ്ഥത’ എന്ന പദത്തിന്റെ വളരെ സാധാരണമായ ഉപയോഗം നിലനില്‍ക്കുന്നുവെങ്കിലും, പരിശുദ്ധ മറിയത്തെ ഈ ശീര്‍ഷകത്തില്‍ അഭിസംബോധന ചെയ്യുന്നത് അനുചിതമാണെന്നും, ഈ ശീര്‍ഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാന്‍ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker