Articles

പരിശുദ്ധ അമ്മയും, പ്രായമായ അമ്മമാരും

പല മാതാപിതാക്കളും, മക്കളെ ഒത്തിരി സ്നേഹിച്ചിട്ടും, അവർക്കുവേണ്ടി, കണ്ണീരോടെ പ്രാർത്ഥിച്ചിട്ടും, മക്കളാൽ അവർ അവഗണിക്കപ്പെടുകയാണ്...

ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഓ.സി.ഡി.

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങൾ എല്ലാവർക്കും നേരുന്നു. കൊറോണ വൈറസ് കാരണം ഇന്ന്, ലോകത്തിന്റെ പല ഭാഗത്തും ദിവ്യബലി പോലും ഇല്ലാതെ മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ കടന്നു പോകുമ്പോൾ, ഒത്തിരി സ്നേഹത്തോടെ പരിശുദ്ധ അമ്മയെ ഓർത്തു പ്രാർത്ഥിക്കാം. അമ്മ നമ്മുക്കു വേണ്ടി സ്വർഗത്തിൽ തിരുകുമാരനോട് മാദ്ധ്യസ്ഥം വഹിക്കട്ടെ.

ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും, 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ പരിശുദ്ധമായ ജീവിതത്തിന്റെ അവസാനത്തില്‍, “ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്ന” സത്യം വിശ്വാസസത്യമായി പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. സ്വർഗത്തെകുറിച്ച് സ്വപ്നം കണ്ടുകൊണ്ടു, വിശുദ്ധിയിൽ ജീവിക്കാൻ ഈ തിരുന്നാൾ നമ്മോടു ആഹ്വനം ചെയ്യുന്നു. ഒപ്പം “സ്വർഗത്തിൽ നമ്മുക്ക് ഒരു അമ്മയുണ്ട്” എന്ന് ഈ തിരുന്നാൾ നമ്മളെ വീണ്ടും ഓർമപ്പെടുത്തുകയാണ്.

അല്ലെങ്കിലും, അമ്മയില്ലാത്ത സ്ഥലം എങ്ങനെയാണ് സ്വർഗം ആകുന്നത്!!! പലപ്പോഴും “അവധിക്കു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടിൽ അമ്മ ഇല്ലെങ്കിൽ, വീട് ഉറങ്ങിയത് പോലെയാ, അമ്മയുടെ ശബ്ദം കേട്ടില്ലെങ്കിൽ ഒരു രസവും ഇല്ല ” എന്ന് പറഞ്ഞ ഒരു സുഹൃത്ത്‌ എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവന്റെ അമ്മ, മരുമകളെ പേടിച്ചു, ഉമ്മറപ്പടിയിൽ നിശബ്ദമായി ഇരിക്കുന്നു! ആ വീട് സ്വർഗമാകുമോ ആവോ!!!

ദൈവവചനത്തിൽ നാം കാണുന്നു, കാനായിലെ കല്യാണവീട്ടിൽ വീഞ്ഞ് തീർന്നു പോയപ്പോൾ, പരിശുദ്ധ അമ്മ ഈശോയോടു ആദ്യത്തെ അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപെടുന്നുണ്ട്. എന്നാൽ ഈശോ പറയുന്നത് “എന്റെ സമയം ആയിട്ടില്ല” എന്നാണ്‌. കാരണം, താൻ അത്ഭുതം പ്രവർത്തിച്ചു തുടങ്ങിയാൽ, തന്റെ കുരിശിലേക്കുള്ള ദൂരം കുറയും എന്ന് ക്രിസ്തുവിനു നന്നായി അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോട് പറഞ്ഞു, “അമ്മേ അമ്മയോട് കൂടി ജീവിച്ചു കൊതി തീർന്നിട്ടില്ല, സമയം ആയില്ല, പ്ലീസ് കുറച്ചുകൂട്ടി കാലം… ” എന്നാണ്‌ അവൻ പറഞ്ഞത്. അതേ ശരിക്കും പറഞ്ഞാൽ മാതാപിതാക്കന്മാരെ പിരിയാൻ എന്തു വേദനയാണ് അല്ലേ !! ഞാൻ സെമിനാരിയിൽ പോയപ്പോൾ, ആദ്യമായി എന്റെ മാതാപിതാക്കളെ പിരിഞ്ഞു നിന്നപ്പോൾ അനുഭവിച്ച വേദനയുടെ നാളുകൾ ഇപ്പോൾ ഞാൻ ഓർക്കുന്നു.!! അതേ “ക്രിസ്തുവിനുവേണ്ടി ഇറങ്ങി പുറപ്പെടുന്ന ഓരോരുത്തരും ഇതുപോലെ സ്വന്തക്കാരെ ഉപേക്ഷിക്കേണ്ട വേദന അറിയുന്നവർ ആണ്”!!!

ഒരിക്കൽ അനിയന്റെ മകൾ അമ്മുക്കുട്ടി എന്റെ അമ്മയോട് ചോദിച്ചത് കേട്ടു, “അമ്മച്ചി,… അമ്മച്ചി പള്ളിയിൽ പോയാൽ എന്താ പ്രാർത്ഥിക്കുന്നത്?” അതിന് എന്റെ അമ്മ പറഞ്ഞത്, “ഞാൻ സ്വന്തം കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കാറില്ല, പക്ഷെ ബാക്കി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും.”അതേ, എല്ലാ അമ്മമാരും അങ്ങനെയാ, അവരുടെ ടെൻഷൻ എപ്പോഴും മക്കളെയും, ഭർത്താവിനെയും, വീട്ടിലെ ഓരോ കാര്യങ്ങളെയും കുറിച്ചാണ്. സ്വന്തം കാര്യം പലപ്പോഴും ദൈവത്തോട് പറയാൻ പോലും മറന്നു പോകും!!!

കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും മായ എന്ന് പേരുള്ള ഒരു അമ്മ വിളിച്ചു, “അച്ചാ കുർബാനയിൽ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കണം, മകന്റെ കണ്ണ് ഓപ്പറേഷൻ ആയിട്ടു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.” ഞാൻ ഓപ്പറേഷൻ തിയേറ്ററിന്റെ പുറത്തു പ്രാത്ഥിച്ചു കാത്തിരിക്കുകയാണ്. അതേ, രാത്രിയിൽ കണ്ണീരോടെ ജപമാലയും ചൊല്ലികൂട്ടി, ഉറക്കമിളച്ചു ഇരിക്കാൻ ഒരു അമ്മ മനസിന് അല്ലേ പറ്റൂ!! തൊണ്ണൂറ് വയസുള്ള എന്റെ ചാച്ചന്റെ അമ്മ ഇടക്ക് ഫോൺ വിളിക്കുമ്പോൾ പറയും, “മോനേ, നീ എന്നാണിനി വരുന്നത്, കാണാൻ കൊതിയാകുന്നു. എനിക്ക് മോനെ കണ്ടിട്ടു മരിച്ചാൽ മതി. “പറ്റുമോ ആവോ? ഞാൻ പറഞ്ഞു, “തീർച്ചയായും പറ്റും അമ്മച്ചി… ഞാനും പ്രാർത്ഥിക്കുന്നുണ്ട്! ദൈവമേ അമ്മച്ചിയെ കാക്കണേ!!!

കഴിഞ്ഞ ദിവസം, ഒരു പ്രായമായ അമ്മ പറഞ്ഞു, “അച്ചാ എന്റെ ജീവിതം മുഴുവൻ സഹനം ആയിരുന്നു. പട്ടിണിയും രോഗങ്ങളും, നൊമ്പരങ്ങളും… എനിക്ക് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു, എന്റെ മക്കൾക്കു എങ്കിലും നല്ലത് വരുത്തണേ എന്ന്! പക്ഷേ, ആർക്കും ഒരു ഉപദ്രവം പോലും ചെയ്യാത്ത എന്റെ മകന്റെ അവസ്ഥ കാണുമ്പോൾ ചങ്ക് തകർന്നു പോകുകയാ അച്ചാ!! മകന്റെ മകൾ ജനിച്ചപ്പോൾ മുതൽ, സംസാരശേഷിയില്ലാതെ, സ്വന്തമായി ഒന്നും ചെയ്യാൻ പോലും അറിയാതെ… ഇപ്പോൾ 18 വയസ്സ് ആകാറായി,… മകനും ഭാര്യയും പരാതിയില്ലാതെ പൊന്നുപോലെ കുഞ്ഞിനെ നോക്കുനുണ്ട് എങ്കിലും!” ഈ കുരിശുകൂടി ദൈവം തന്നത് ഓർക്കുമ്പോൾ, താങ്ങാൻ പറ്റുന്നില്ല അച്ചാ, ഒന്നു പ്രാർത്ഥിക്കണേ! ഞാനും അറിയാതെ കണ്ണ് നിറഞ്ഞു ദൈവത്തോട് ചോദിച്ചു പോയി, “ദൈവമേ ഇത്രക്കും വേണമായിരുന്നോ, ആ പാവങ്ങളോട്? അവരെ ഒന്നു സഹായിക്കാൻ പോലും ആരും ഇല്ല. ചങ്കുപൊട്ടി കരയുന്ന അവരുടെ നിലവിളി നീ കേൾക്കുന്നില്ലേ? ഞാൻ നിന്നോട് കെഞ്ചി ചോദിക്കുവാ, ഒന്നു സഹായിച്ചുകൂടെ അവരെ?,” ഒടുവിൽ ആ അമ്മ പറഞ്ഞു, സാരമില്ല അച്ചാ, “ദൈവം തന്ന പാനപാത്രം നാം കുടിക്കേണ്ടതല്ലയോ!” അതുകേട്ടപ്പോൾ പിന്നെ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. ദൈവമേ എന്റെ ചെറിയ കുരിശുകളും, നൊമ്പരങ്ങളും പരാതി ഇല്ലാതെ സഹിക്കാൻ കൃപതരണേ എന്ന പ്രാർത്ഥന മാത്രം !!

ഇന്ന്, പല മാതാപിതാക്കളും, മക്കളെ ഒത്തിരി സ്നേഹിച്ചിട്ടും, അവർക്കുവേണ്ടി, കണ്ണീരോടെ പ്രാർത്ഥിച്ചിട്ടും, മക്കളാൽ അവർ അവഗണിക്കപ്പെടുകയാണ്! അവർക്കു കഴിവില്ല, ശക്തിയില്ല, അറിവില്ല, രോഗമായി, കാഴ്ച്ച മങ്ങി, കേൾവി കുറഞ്ഞു, വീട് മുഴുവൻ വൃത്തികേട് ആക്കും എന്നു പറഞ്ഞു, ശരിക്കും ഭക്ഷണം പോലും കൊടുക്കാതെ എത്ര കുടുംബങ്ങളിൽ മാതാപിതാക്കൾ പുറംതള്ളപ്പെടുന്നു. എന്തുകൊണ്ടാണ്, വൃദ്ധസദനങ്ങൾ നിറയുന്നത്? പല കുടുംബങ്ങളിലും മാതാപിതാക്കൾ വീടിന്റെ അകക്കോണുകളിൽ, നരകിച്ചു കഴിയുന്ന വാർത്തകൾ കേട്ടു മനസ് വേദനിക്കുന്നു. “കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്രേ”. (കൊളോസോസ്‌ 3:20)

ഇന്ന്, പരിശുദ്ധ അമ്മയെ ഓർക്കുമ്പോൾ, സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഓർക്കണം എവിടെയാണ് സുഹൃത്തേ നിന്റെ മാതാപിതാക്കൾ!! അവർക്കു സ്വാതന്ത്ര്യം ഉണ്ടോ? അതോ അവർ ഇരുളറകളിൽ ആണോ? നീ മൂലം നിന്റെ മാതാപിതാക്കൾ വേദനിക്കുനുണ്ടോ? എത്ര നാൾ ആയി നീ അവരോട് ഫോണിൽ എങ്കിലും ഒന്നു വിളിച്ചു സംസാരിച്ചിട്ട്?? സാധിക്കുമെങ്കിൽ ഈ വായന കഴിഞ്ഞ് ആദ്യം ചെയ്യേണ്ടത്, നിന്റെ മാതാപിതാക്കളെ വിളിച്ചു സുഖവിവരം തിരക്കുകയാണ്. എത്ര നാളായി അവർ, നിന്റെ സ്നേഹത്തോടെയുള്ള ആ വിളി കേട്ടിട്ട് !!! അപ്പോൾ നിന്റെ മാതാപിതാക്കളേ, വിളിക്കുമല്ലോ അല്ലേ, എന്നെ പറ്റിക്കരുത് ട്ടോ…! “മാതാപിതാക്കന്‍മാരാണു നിനക്കു ജന്‍മം നല്‍കിയതെന്ന്‌ ഓര്‍ക്കുക; നിനക്ക്‌ അവരുടെ ദാനത്തിന്‌എന്തു പ്രതിഫലം നല്‍കാന്‍ കഴിയും?” (പ്രഭാഷകന്‍ 7:28).

മാതാപിതാക്കൾ മരിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ ഓർത്തു പ്രാർത്ഥിക്കാം. ഒപ്പം വൃദ്ധസദനങ്ങളിൽ വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും ഓർത്തു പ്രാർത്ഥിക്കാം. സ്വർഗ്ഗത്തിൽ പരിശുദ്ധ അമ്മ സന്തോഷിക്കട്ടെ!

ഒരിക്കൽ കൂടി എല്ലാവർക്കും തിരുന്നാൾ മംഗളങ്ങൾ!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker