പരിശുദ്ധാത്മാവിനെ പ്രവർത്തിക്കാനനുവദിക്കുക
പരിശുദ്ധാത്മാവിനായി പ്രാർത്ഥിക്കാം, ആത്മാവിന്റെ പ്രവർത്തനങ്ങൾക്കായി നമ്മുടെ ജീവിതത്തെ തുറന്ന് കൊടുക്കാം
പെന്തക്കോസ്താ ഞായർ
ഒന്നാം വായന: അപ്പൊ.പ്രവ. 2:1-11
രണ്ടാം വായന: റോമാ. 8:8-17
സുവിശേഷം: വി.യോഹന്നാൻ 14:15-16,23-26
ദിവ്യബലിക്ക് ആമുഖം
യഹൂദരുടെ ആദ്യ ഫലവിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് അവരുടെ പെന്തക്കോസ്താ. ഗ്രീക്ക് ഭാഷയിൽ “50” എന്ന സംഖ്യയ്ക്ക് പെന്തക്കൊസ്ത എന്നാണ് പറയുന്നത്. യഹൂദരുടെ പെസഹാ തിരുനാളിനു ശേഷം അൻപത് ദിനങ്ങൾ കഴിഞ്ഞു ആഘോഷിക്കുന്നത് കൊണ്ടാണ് ഇതിന് പെന്തക്കോസ്താ എന്ന പേര് വന്നത്. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള യഹൂദ മതാനുയായികൾ അന്നേദിവസം ജറുസലേമിൽ എത്തിച്ചേരുന്നു. എന്നാൽ, യേശുവിന്റെ പീഡാനുഭവത്തിനും ഉത്ഥാനത്തിനും (പെസഹാ) ശേഷമുള്ള 50 ദിവസങ്ങൾ കഴിഞ്ഞു വരുന്ന പെന്തക്കോസ്ത അസാധാരണമായ മറ്റൊരു തിരുനാൾ ആയി മാറി. യേശു വാഗ്ദാനം ചെയ്ത സർവ്വകാര്യങ്ങളും നമ്മെ പഠിപ്പിക്കുകയും, ഓർമിപ്പിക്കുകയും ചെയ്യുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ദൈവം ലോകത്തിലേക്കു അയയ്ക്കുന്നു. ചില ദൈവ ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ പെന്തക്കോസ്താ തിരുനാൾ മുതൽ യേശുവിന്റെ രണ്ടാംവരവ് വരെയുള്ള ഇന്നിന്റെ കാലഘട്ടം പരിശുദ്ധാത്മാവിന്റെ സമയമാണ്. നാമിന്ന് ശ്രവിക്കുന്ന അപ്പോസ്തല പ്രവർത്തനങ്ങൾ പരിശുദ്ധാത്മാവിന്റെ സുവിശേഷവും. പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനായി നമുക്കൊരുങ്ങാം, തിരുവചനം ശ്രവിക്കാം, ദിവ്യബലി അർപ്പിക്കാം.
ദൈവവചന പ്രഘോഷണം കർമ്മം
യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ഇന്നത്തെ തിരുവചനങ്ങളിൽ പ്രധാനമായും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്, പെന്തക്കോസ്താ ദിനം പരിശുദ്ധാത്മാവിനെ ആഗമനം എപ്രകാരം സംഭവിച്ചു എന്ന് വിവരിക്കുന്ന ഒന്നാം വായനയിലെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നുള്ള ഭാഗമാണ് (അപ്പോസ്തല പ്രവർത്തനങ്ങൾ 2:1-11). ഇതിൽ ആദ്യഭാഗത്ത് (1-4) പരിശുദ്ധാത്മാവിന്റെ ആഗമനം എപ്രകാരം സംഭവിച്ചുവെന്നും, രണ്ടാം ഭാഗത്ത് (5-11) പെന്തക്കോസ്തായുടെ പരിണിത ഫലങ്ങൾ എന്തൊക്കെയാണെന്നും പറയുന്നു. സുവിശേഷത്തിൽ യേശു വാഗ്ദാനം ചെയ്ത സഹായകൻ ശിഷ്യന്മാരുടെമേലും, നമ്മുടെ മേലും വരുന്ന ഈ ദിനത്തിൽ പരിശുദ്ധാത്മാവിന്റെ നമുക്ക് വിചിന്തന വിഷയമാക്കാം. പരിശുധാത്മാവിനെക്കുറിച്ച് സംസാരിക്കാൻ തിരുവചനം ചില പ്രതീകങ്ങളാണ് ഉപയോഗിക്കുന്നത്. പ്രധാനമായും കാറ്റ് (വായു), അഗ്നി ജ്വാലകൾ.
1) കാറ്റ് (വായു)
“കൊടുങ്കാറ്റടിക്കുന്നത് പോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്ത് നിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീട് മുഴുവൻ നിറഞ്ഞു” ഇപ്രകാരമാണ് നാം തിരുവചനത്തിൽ ശ്രവിക്കുന്നത്. പരിശുദ്ധാത്മാവ് കാറ്റാണ്, കാറ്റ് അതിന് ഇഷ്ടമുള്ള ഇടത്തേയ്ക്ക് വീശുന്നു എന്ന് തിരുവചനം തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ പരിശുദ്ധാത്മാവിന്റെ ചലനാത്മകതയും, ദൈവേഷ്ടത്തെയും ഒരുപോലെ കുറിക്കുന്നു. ദൈവത്തിന്റെ ചൈതന്യം ജലത്തിനുമീതെ ചലിച്ച് കൊണ്ടിരുന്നുവെന്ന് ഉല്പത്തി പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. അതോടൊപ്പം കാറ്റിനെ തടയാൻ ആർക്കും സാധിക്കുകയുമില്ല. ചലനാത്മകമായ പരിശുദ്ധാത്മാവ് സഭയിലും നമ്മുടെ ജീവിതത്തിലുമുണ്ട്. പരിശുദ്ധാത്മാവില്ലാതെ സഭയിലും ചലനമില്ല. തിരുസഭയെ ജീവനുള്ളതാക്കിത്തീർക്കുന്നത് സഭയിലെ ആത്മാവിന്റെ സാന്നിധ്യമാണ്. നമ്മുടെ ആത്മീയ ജീവിതവും ജീവസ്സുറ്റതും, ചലനാത്മകവും, ഊർജ്വസ്വലവുമാകണമെങ്കിൽ പരിശുദ്ധാത്മാവാകുന്ന കാറ്റ് നമ്മുടെ ജീവിതത്തിലും വേണം.
2) അഗ്നിനാളം
“അഗ്നി ജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു”. നാമിന്ന് ശ്രവിച്ച ഒന്നാം വായനയിലെ മൂന്നാമത്തെ വാക്യമാണിത്. സ്വയം മലിനമാകാതെ താൻ സ്പർശിക്കുന്നവയെയെല്ലാം ശുദ്ധീകരിക്കുന്നതാണ് അഗ്നി. അഗ്നി ഒരിക്കലും നിർഗുണമല്ല, അഗ്നി സർവ്വതിനേയും പരിശോധിക്കുന്നു. അഗ്നിയുടെ സാമീപ്യം ഏറ്റവും നല്ല ജീവിത സാഹചര്യങ്ങളുടെ അടയാളമാണ്. പരിശുദ്ധാത്മാവ് അഗ്നി ജ്വാലകളായി വന്നിറങ്ങുമ്പോൾ നമ്മുടെ ജീവിതവും പരിശോധിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവാകുന്ന അഗ്നി ജ്വാല നമ്മുടെ വിശ്വാസ ജീവിതത്തെ ജ്വലിപ്പിക്കണം.
പരിശുദ്ധാത്മാവിനെ പ്രവർത്തിക്കാനനുവദിക്കുക
നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിനെ പ്രവർത്തിക്കാൻ അനുവദിക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. രണ്ട് രീതിയിലുള്ള അപകടങ്ങൾ ഇതിൽ പതിയിരിപ്പുണ്ട്.
ഒന്നാമതായി: നമ്മുടെ ബുദ്ധിക്കനുസരിച്ചുള്ള പ്ലാനും പദ്ധതിയുമായി ദൈവസ്വരം ശ്രവിക്കാതെ മുന്നോട്ട് പോകുന്ന ജീവിത ശൈലിയാണത്. പരിശുദ്ധാത്മാവിന്റെ പ്രവർത്തിക്കാൻ ഒരവസരം നൽകാത്ത, അമിത പ്രവർത്തനം നിറഞ്ഞ, പ്രാർത്ഥനയില്ലാത്ത ജീവിതം നയിക്കുന്നവർക്കാണ് ഇത്തരമൊരപകടം സംഭവിക്കുന്നത്.
രണ്ടാമത്തെ പാളിച്ച: സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കാതെ എല്ലാം ആത്മാവ് പ്രവർത്തിക്കും എന്നുപറഞ്ഞു അലസജീവിതം നയിക്കുക എന്ന അപകടം. ഒരു വിശ്വാസിക്ക് ഏറ്റവും അനുയോജ്യമായത് പ്രവർത്തിക്കുന്നതോടൊപ്പം പ്രാർത്ഥിക്കുന്ന ജീവിത ശൈലിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ പ്രവർത്തനങ്ങളെ ആത്മാവ് നിയത്രിക്കത്തക്കവിധത്തിൽ, നമ്മുടെ ബുദ്ധിയെ ആത്മാവ് പ്രകാശിപ്പിക്കത്തക്കവിധത്തിൽ ദൈവാത്മാവിന് നമ്മുടെ ജീവിതത്തിൽ സ്ഥാനം നൽകണം. പന്തക്കുസ്താദിനം പരിശുദ്ധഅമ്മയും ശിഷ്യന്മാരും അതുതന്നെയാണ് ചെയ്തത്. യേശുവിനെ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞവർ ദൈവമയക്കുന്ന സഹായകനായി പ്രാർഥിച്ചു, അവർക്കത് ലഭിച്ചു. പരിശുദ്ധാത്മാവിന്റെ ആഗമനത്തിലൂടെ അവർ ഏറ്റവും തീക്ഷ്ണതയുള്ള അപ്പോസ്തലന്മാരായി. നമുക്കും പരിശുദ്ധാത്മാവിനായി പ്രാർത്ഥിക്കാം, ആത്മാവിന്റെ പ്രവർത്തനങ്ങൾക്കായി നമ്മുടെ ജീവിതത്തെ തുറന്ന് കൊടുക്കാം.
ആമേൻ.
(പ്രിയ വൈദീക സുഹൃത്തുക്കളെ, 2018-ലെ പെന്തക്കോസ്താ തിരുനാൾ പ്രസംഗത്തിൽ അപ്പൊ.പ്രവ. 2:5-11 വാക്യങ്ങൾ വിചിന്തന വിധേയമാക്കിയിരുന്നതുകൊണ്ട് ആവർത്തന വിരസത ഒഴിവാക്കാനായി ആ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. “ചിതറിക്കപ്പെടുന്ന ബാബേൽ, ഒരുമിപ്പിക്കുന്ന പെന്തകോസ്ത” എന്ന പ്രസംഗത്തിന് ചുവടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പ്രവേശിക്കാം)
ചിതറിപ്പിക്കുന്ന ബാബേൽ ഒരുമിപ്പിക്കുന്ന പെന്തക്കൊസ്ത