പരിതപിക്കുന്ന പാദരക്ഷകൾ
മാറ്റം അനിവാര്യമാണ്... മാറേണ്ടതായ സമയത്ത് മാറണം... മാറ്റണം...
യാത്ര സുഗമമാക്കാൻ, സുഖകരമാക്കാൻ, പാദങ്ങൾക്ക് സംരക്ഷണ കവചമൊരുക്കി, ഒരു സഹയാത്രികനെപ്പോലെ സദാസമയവും നമ്മോടൊപ്പം ഉണ്ടായിരിക്കുന്ന ചെരിപ്പുകളെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? കല്ലിലും, മുള്ളിലും, കാനനത്തിലും സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ട്, നമ്മുടെ ഭാരം വഹിച്ച്, സഹിച്ച് തേഞ്ഞുതീരുന്ന ചെരുപ്പുകൾ! പലപ്പോഴും പടിക്കു പുറത്താണ് സ്ഥാനം! ചിലപ്പോൾ വലിച്ചെറിയും… ഒരുവേള ചെരുപ്പുകൾക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ നമ്മുടെ എത്ര എത്ര മുഖം മൂടികൾ പൊതുജനമധ്യത്തിൽ അഴിഞ്ഞു വീഴുമായിരുന്നു!
പണ്ടുകാലത്ത് ചെരിപ്പ് ഉപയോഗിക്കാത്ത ഒരു തലമുറയെ ഉണ്ടായിരുന്നു. അതിന്റേതായ ഗുണവും ഉണ്ടായിരുന്നു. ഭൂമി വലിയൊരു കാന്തമാണ്. ഊർജ്ജ സ്രോതസ്സാണ്. കാൽപാദം ഭൂമിയുമായി സ്പർശിക്കുമ്പോൾ രക്തചംക്രമണം വർദ്ധിക്കും. ശരീരത്തിലെ കോശങ്ങൾക്ക് ഗുണമായി ഭവിക്കുകയും ചെയ്യും. കാൽപാദങ്ങളുടെ ഉൾഭാഗം മർമ്മങ്ങളുടെ കലവറയാണ്. കൊടും ക്രിമിനലുകളെ പോലീസുകാർ കാൽപ്പാദങ്ങളിൽ ചൂരൽപ്രയോഗം നടത്തുന്നതിന്റെ കാരണം അതാണ്. ഇന്ന് പിള്ളത്തൊട്ടിയിൽ കിടക്കുന്ന കുഞ്ഞിനുപോലും ചെരുപ്പ് ധരിപ്പിക്കുന്ന ഫാഷന്റെ കാലം…!
കോടിക്കണക്കിന് രൂപയാണ് ചെരിപ്പു കമ്പനിക്കാർ പരസ്യം നൽകാൻ ചെലവിടുന്നത്. പരസ്യത്തിന്റെ മോഹന വലയത്തിൽപ്പെട്ട് നാം ഒത്തിരി വിലപിടിപ്പുള്ള ചെരിപ്പുകൾ വാങ്ങി കൂട്ടാറുമുണ്ട്. എന്നാൽ, ചിലരുടെ ചെരിപ്പുകൾ കണ്ടാൽ അറപ്പും, ഓക്കാനവും വരും; കഴുകിവൃത്തിയാക്കാത്ത ചെരിപ്പുകൾ. ഇന്ന് കാലം മാറി. നാനാവിധത്തിലുള്ള രോഗാങ്ങളുടെ എണ്ണവും വർദ്ധിച്ചു. ചെരിപ്പുകൾ നോക്കിയാൽ മതി നമ്മുടെ സ്വഭാവം മനസ്സിലാക്കാൻ കഴിയും… അവരുടെ അടിവസ്ത്രങ്ങളുടെ സുചിത്വവും. പലപ്പോഴും നമുക്ക് പാകമാകാത്ത ചെരിപ്പുകളാണ് പൊങ്ങച്ചത്തിന്റെ പേരിൽ, ഫാഷന്റെ പേരിൽ നാം ധരിക്കുന്നത്. ചില വിദേശരാജ്യങ്ങളിലെങ്കിലും “ഹൈഹീൽഡ് ചെരുപ്പ്” നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾ ഉപ്പൂറ്റി ഉയർന്ന തരത്തിലുള്ള ചെരുപ്പ് ധരിച്ചാൽ സുഖപ്രസവം അസാധ്യമായി തീരും… സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകേണ്ടിവരും… കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ…!
ആധുനിക സുഖസൗകര്യങ്ങളുടെ പേരിൽ വീട്ടിലും, സ്കൂളിലും, പള്ളികളിലും ഗ്രാനൈറ്റ്, ടൈൽസ്, മാർബിൾസ് etc.etc. നാം പാകിവെച്ചിരിക്കുകയാണ്. മേൽപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം പാദരക്ഷകൾ പടിക്ക് പുറത്ത് കിടക്കേണ്ടത് സ്ഥിതിയാണ്. ദേവാലയങ്ങളിൽ “പാദരക്ഷകൾ പുറത്തിടുക” എന്നൊരു ബോർഡ് തൂക്കിയിട്ടുണ്ട്. അതിന് കാരണം പറയുന്നത്: ദേവാലയം പരിശുദ്ധമാണ്, മോശയോട് ‘നീ നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക’ (പുറപ്പാട് 3:5). പ്രസ്തുത പശ്ചാത്തലവും, സ്ഥലവും, സാഹചര്യവും തീർത്തും വ്യത്യസ്തമാണെന്ന് വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ കഴിയണം. മോശ ഹോറെബ് മലയിൽ അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കാൻ നിർബന്ധിതനായ സാഹചര്യം മനസ്സിലാക്കണം. രാജകൊട്ടാരത്തിൽ നിന്ന് ഒളിച്ചോടാൻ ഉണ്ടായ സന്ദർഭം അറിയണം. മോശയുടെ ഭുജബലവും, അക്രമവാസനയും, കൊട്ടാരത്തിലെ സുഖശീതളമായ ജീവിതവും നീ ഉപേക്ഷിക്കണം… കഴിഞ്ഞ കാലങ്ങളിൽ നീ നടന്നവഴി ഇനി തുടരാനാവില്ല. കഴിഞ്ഞ കാലത്ത് നീ നേടിയതൊക്കെയും ഉപേക്ഷിക്കണം… നീ കഴിഞ്ഞകാല അനുഭവങ്ങളുടെ ബന്ധനത്തിലാണ് കഴിയുന്നത്… അത് അഴിച്ചുമാറ്റി നീ പുറത്തുവരണം… ഒരു ചെരിപ്പുകണക്കെ നീ അവയൊക്കെയും വലിച്ചെറിയണം…!
അർത്ഥമറിയാതെ വേദം ചൊല്ലുന്നവൻ വിഴുപ്പു ചുമക്കുന്ന കഴുതയ്ക്ക് സമാനമെന്ന് പഴമൊഴി… (പള്ളിക്കുള്ളിൽ ചെരുപ്പ് ധരിക്കരുതെന്ന് പറയുന്നത് വിലകൂടിയ ടൈൽസും, ഗ്രാനൈറ്റും, മാർബിളും ചീത്തയാകും എന്ന ചിന്താഗതി കൊണ്ട് മാത്രം). വിശുദ്ധ മാർക്കോസ് ആറാം അധ്യായത്തിൽ എട്ടാം വാക്യത്തിൽ യേശു ശിഷ്യന്മാരോട് ചെരുപ്പ് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട് (പരിശുദ്ധ പിതാവ്, മെത്രാൻ, വൈദികർ ചെരിപ്പ് ധരിക്കുന്നുണ്ടല്ലോ?) യഥാർത്ഥത്തിൽ ചെരിപ്പിലുള്ള മാലിന്യത്തെക്കാൾ എന്തുമാത്രം മാലിന്യമാണ് (അസൂയ, വൈരാഗ്യം, ശത്രുത, ജഢികാസക്തി) നാം ഉള്ളിൽ ചുമന്ന് നടക്കുന്നത്? മാറ്റം അനിവാര്യമാണ്… മാറേണ്ടതായ സമയത്ത് മാറണം… മാറ്റണം! അത് മനോഭാവമായാലും മാറ്റിയേ മതിയാവൂ!