Kerala

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം: പ്രതിഷേധം ശക്തമാക്കാന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം: പ്രതിഷേധം ശക്തമാക്കാന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനം, അധ്യാപകരുടെ നിയമനാംഗീകാരം, യോഗ്യതാനിര്‍ണയ പരീക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നീ വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ ആലപ്പുഴയില്‍ സമാപിച്ച കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ദ്വിദിന നേതൃത്വ ക്യാമ്പ് തീരുമാനിച്ചു. സര്‍ക്കാര്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരിയില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആയിരക്കണക്കിന് അധ്യാപകര്‍ നിയമനാംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1979നു ശേഷം സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും 1979നു മുന്‍പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിലെ 50 ശതമാനം നിയമനങ്ങളും ഫലത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാധിഷ്ഠിതമായ വിദ്യാഭ്യാസാവകാശങ്ങളുടെ ധ്വംസനമാണിത്. അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വീസ് പെന്‍ഷനു പരിഗണിക്കാന്‍ ഹൈക്കോടതി ഉത്തരവായിട്ടും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

ഹയര്‍സെക്കന്‍ഡറി മേഖലയില്‍ ഒരു ബാച്ചിന് ഉണ്ടായിരിക്കേണ്ട മിനിമം കുട്ടികളുടെ എണ്ണം 25ല്‍ നിന്നും 50 ആയി വര്‍ധിപ്പിച്ചു. അധ്യാപക യോഗ്യതനിര്‍ണയപരീക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. നിരവധി വര്‍ഷങ്ങളായി സര്‍വീസിലുള്ള അധ്യാപകര്‍ക്കു പ്രമോഷന്‍ ലഭിക്കുമ്പോള്‍ വീണ്ടും യോഗ്യതാനിര്‍ണയ പരീക്ഷ എഴുതണമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധപരിപാടികളുടെ ഭാഗമായി ഡിപിഐ ഓഫീസിനു മുന്‍പില്‍ അധ്യാപകരുടെ ഏകദിന ഉപവാസസമരം നടത്തും. നവംബറില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ഫാ. രാജു കളത്തില്‍, സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. എം. ആബേല്‍, ഡി.ആര്‍ ജോസ്, ഷാജി മാത്യു, സിബി വലിയമറ്റം, മാത്യു ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker