ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചാല്‍ കെട്ടിയുണ്ടാക്കിയ നവോത്ഥാനവും വര്‍ഗ്ഗീയതയും പമ്പകടക്കും
തിരുവന്തപുരത്തും ആറ്റിങ്ങലിലും ഒരു മാധ്യമവും വിലയിരുത്താത്ത ബോണക്കാട് കുരിശുമല ഉണ്ടായിരുന്നു
അനിൽ ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണ രസതന്ത്രത്തിലൂടെയുളള തെരെഞ്ഞെടുപ്പ് വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചതെന്നാണ് വിലയിരുത്തല്‍. അത് ശരിയല്ലേ ? തീര്‍ത്തും ശരി തന്നെ. മോദി പേടിയില്‍ ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ഒന്നിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷെ, ക്രൈസ്തവരുടെ വലിയയൊരു വിഭാഗം സര്‍ക്കാരിനെതിരെയാണ് തിരിഞ്ഞത്. തിരുവന്തപുരത്തും ആറ്റിങ്ങലിലും ഒരു മാധ്യമവും വിലയിരുത്താത്ത ബോണക്കാട് കുരിശുമല ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മത ന്യൂനപക്ഷങ്ങള്‍ തെരെഞ്ഞെടുപ്പ് ദിനത്തിലും ആശങ്കയിലായിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കോവളം, നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, അരുവിക്കര നിയോജക മണ്ഡലങ്ങളില്‍ 3 മണിക്ക് ശേഷമാണ് വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത്. ഏറെക്കുറെ സംസ്ഥാനത്തെ അവസ്ഥയും ഇതു തന്നെയായിരുന്നു. പത്തനംതിട്ടയിലും വിലപ്പോവാത്തതാണ് വര്‍ഗ്ഗീയതയെന്നാണ് ആന്‍റോ ആന്‍റണിയുടെ വിജയം സൂചിപ്പിക്കുന്നത്.
തിരുവനന്തപുരവും പത്തനംതിട്ടയും തരുന്ന കണക്കുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് തല്‍ക്കാല ആശ്വാസം നല്‍കുമെങ്കിലും വരും നാളുകളില്‍ കരുതിയിരിക്കണം എന്ന സന്ദേശം കൂടി നല്‍കുന്നു. കേരളം ഒരിക്കലും ന്യൂനപക്ഷ വോട്ടുകളെ പറ്റി ഇത്ര കണക്ക് കൂട്ടിയിട്ടില്ലാത്ത തെരെഞ്ഞെടുപ്പ് കൂടിയായിരുന്നു 17ാം ലോകസഭാ തെരെഞ്ഞെടുപ്പ്. അത്ര കണ്ട് കേരളത്തെപ്പോലും വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് ചിലര്‍ കൊണ്ടെത്തിച്ചു.
തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബോണക്കാടിലെ കുരിശ് പൊളിപ്പും, വിശ്വാസികളെ പ്രത്യേകിച്ച് സ്ത്രീ വിശ്വാസികളെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതും, നെയ്യാറ്റിന്‍കര ബിഷപ്പിനെ ഒന്നാം പ്രതിയാക്കി 20 ലേറെ കേസുകള്‍ എടുക്കുകയും, 30 ലധികം വിശ്വാസികൾക്കെതിരെയും 15 ഓളം വൈദികര്‍ക്കെതിരെയും പോലീസെടുത്ത കളളക്കേസുകളും വര്‍ഗ്ഗീയ-നവോത്ഥാന കക്ഷികളുടെ മുനയൊടിക്കുന്ന യാഥാര്‍ത്ഥ്യമായി. പത്തനംതിട്ടയില്‍ വര്‍ഗ്ഗീയതക്ക് കിട്ടിയത് ശരിയായ പ്രഹരമാണ്.
എറണാക്കുളത്ത് 1,69153 ഭൂരിപക്ഷം തീരദേശത്തെ ലത്തീന്‍ കത്തോലിക്കരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ നെറികേടിന്‍റെ കൂടി വിലയിരുത്തലാണ്. ആശങ്കയില്‍ കേരളത്തില്‍ ന്യൂനപക്ഷം വോട്ട് ചെയ്യുമ്പോള്‍, ഹിന്ദി ഹൃദയ ഭൂമി പിടിച്ച് നരേന്ദ്ര ദാമോദര്‍ ദാസ് മോദി വീണ്ടും അധികാരക്കസേരയിലേറുകയാണ്. നിസ്സാഹയരാണ് മലയാളികള്‍. മഹാരാഷ്ട്ര, ഹരിയാന, ഒറീസ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളിലെ ക്രൈസ്തവരും മുസ്ലീംങ്ങളും ഇപ്പോള്‍ ആശങ്കയിലാണ്. വോട്ടെടുപ്പ് സമയത്തുതന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല സ്ഥാനാര്‍ത്ഥികളും ഭീഷണിയുമായെത്തിയിരുന്നു. ന്യൂന പക്ഷങ്ങളുടെ ആശങ്കയൊഴിക്കാന്‍ പ്രതിജഞാ ബന്ധരായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാന്‍ സാധ്യതയില്ല. കേരളവും പഞ്ചാബും മാറ്റിവച്ചാല്‍ തീരാത്ത ആശങ്കയിലാണ് ഭാരതത്തിലെ ന്യൂന പക്ഷങ്ങള്‍.