നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ് നടപടി സ്വീകരിക്കാത്തത് തുടർകഥയാവുന്നു
നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ് നടപടി സ്വീകരിക്കാത്തത് തുടർകഥയാവുന്നു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നൽകുന്ന പരാതികളിൽ, പോലീസ് നടപടി സ്വീകരിക്കാതിരിക്കുന്നത് തുടർകഥയാവുന്നതായി പരാതി. ബോണക്കാട് കുരിശുമലയിൽ കുരിശുകൾ തകർത്തതുമായി ബന്ധപ്പെട്ട് അന്ന് റെക്‌ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ കണിച്ച് കുന്നത്ത് വിതുര പോലീസിന് പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. തുടർന്ന് സർക്കാർ നിർദേശത്തെത്തുടർന്ന് സ്‌ഥാപിച്ച മരക്കുരിശ് തകർത്തതുമായി ബന്ധപ്പെട്ട് പാലോട് സി.ഐ.ക്കും ഡി.വൈ.എസ്.പി.ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും അതിലും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ജനുവരി 1-ന് ലാറ്റിൻ വിമൺ അസോസിയേഷൻ വനം മന്ത്രി രാജുവിന്റെ വീട്ടിലേക്ക് നടത്തിയ കുരിശ് സത്യാഗ്രഹത്തിന് നേരെ പോലീസ് ലാത്തി വീശിയ സംഭവത്തിൽ പോലീസന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. ഉൾപ്പെടെയുളളവർക്ക് പരാതി നൽകിയെങ്കിലും പ്രാഥമിക മൊഴിയെടുക്കൽ പോലും പോലീസ് നടത്തിയിട്ടില്ല.
മൂന്ന് മാസം മുമ്പ് പാറശാല അയിര പളളിവികാരി ഫാ. ജോയി.സി. യുടെ ബൈക്ക് സാമൂഹ്യ വിരുദ്ധർ അഗ്‌നിക്കിരയാക്കുകയും മേടകത്തിക്കുകയും ചെയ്തിട്ടും നടപടികൾ എങ്ങുമെത്തിയില്ല.
കഴിഞ്ഞ തിങ്കളാഴ്‌ച അർദ്ധരാത്രിയിൽ ഗേറ്റ് തകർത്ത് ഒരു സംഘം സാമൂഹ്യ വിരുദ്ധർ രൂപതയുടെ ആധ്യാമിക കേന്ദ്രം തകർത്തിട്ടും പോലീസ് നിസംഗത തുടരുകയാണ്.
ഇത്രയധികം പരാതികൾ രൂപത നൽകിയിട്ടും പോലീസ് കേസന്വേഷിക്കാത്തത് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന അക്ഷേപവും രൂപതയിലെ സംഘടനകൾ ഉന്നയിക്കുന്നുണ്ട്.