നെയ്യാറ്റിൻകര രൂപതയിൽ യുവജനങ്ങൾക്ക് വാർത്ത എഴുത്ത് പരിശീലനം നൽകി
നെയ്യാറ്റിൻകര രൂപതയിൽ യുവജനങ്ങൾക്ക് വാർത്ത എഴുത്ത് പരിശീലനം നൽകി
ആതിര വൈ. & ഷിന്റാ എസ്.ജെ.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ യുവജനങ്ങൾക്ക് “വാർത്ത എഴുത്ത്” പരിശീലനം നൽകി. പത്താം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ലോഗോസ് പാസ്റ്ററൽ സെൻട്രലിൽ വച്ചായിരുന്നു പരിശീലനം. നെയ്യാറ്റിൻകര രൂപതയുടെ എൽ.സി.വൈ.എംമും ഓൺലൈൻ പത്രമായ കാത്തലിക് വോസ്കസും ചേർന്നാണ് വാർത്ത എഴുത്ത് പരിശീലനം സംഘടിപ്പിച്ചത്.
സത്യദീപം ന്യൂസ് പേപ്പറിന്റെ മുൻ സബ് എഡിറ്ററായിരുന്ന, ഇപ്പോൾ റോമിൽ മീഡിയ & കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് ചെയ്യുന്ന ഫാ. മാർട്ടിൻ എടയൻതറത്തും, ഫാ. ജസ്റ്റിനും ചേർന്നാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.
90-ഓളം യുവജനങ്ങൾ പങ്കെടുത്ത വാർത്ത എഴുത്ത് പരിശീലനം മാധ്യമ രംഗത്ത് യുവജനങ്ങളിൽ
പുത്തൻ തിരികൊളുത്തിയിട്ടുണ്ട്. രണ്ടു സെക്ഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചത്. വാർത്ത എഴുത്ത് ഒരു കലയാണെന്നും സത്യസന്ധമായ വാർത്ത ജനങ്ങളിലെത്തിക്കേണ്ടത് നമ്മുടെ സുവിശേഷ ദൗത്യമാണെന്ന് എപ്പോഴും ഓർക്കണമെന്നും ക്‌ളാസുകളിൽ ആഹ്വാനമുണ്ടായി.
കത്തോലിക്കാ യുവജനങ്ങളിൽ സാമൂഹ്യാവബോധം വളർത്തിയെടുക്കുക, യാഥാർഥ്യങ്ങളെ പുറംലോകത്തെത്തിക്കുക, യുവജനങ്ങളിൽ വാർത്ത എഴുത്ത് വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിശീലന പരിപാടി വൻവിജയമായിരുന്നുവെന്ന് എൽ.സി.വൈ.എം. ഡയറക്ടർ ഫാ. ബിനു. റ്റി. പറഞ്ഞു.