നെയ്യാറ്റിൻകര രൂപതയിലെ രണ്ടു വൈദീക വിദ്യാർഥികൾ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു
നെയ്യാറ്റിൻകര രൂപതയിലെ രണ്ടു വൈദീക വിദ്യാർഥികൾ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു

അനിൽ ജോസഫ്
പൂനെ: നെയ്യാറ്റിന്‍കര രൂപതയിലെ ചന്ദ്രമംഗലം ഇടവകാംഗമായ ബ്രദര്‍ ജിനു റോസും, അരുവിക്കര ഇടവകാംഗമായ ബ്രദര്‍ വിപിന്‍ രാജും പൂനെ പേപ്പല്‍ സെമിനാരിയില്‍ വച്ച് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ക്രിസ്തുദാസ് രാജപ്പനില്‍ നിന്നും ഫെബ്രുവരി 2-ാം തീയതി ശനിയാഴ്ച ഡീക്കന്‍ പട്ടം സ്വീകരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മറ്റു 13 പേരും അന്നേദിവസം ഡീക്കന്‍ പട്ടം സ്വീകരിച്ചു. ശനിയാഴ്ച രാവിലെ 08.30- ന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ആംഗലേയ ഭാഷയിലായിരുന്നു.
ചന്ദ്രമംഗലം ഇടവകയില്‍ പത്രോസ്-ശോഭാ ദമ്പതികളുടെ മൂത്തമകനായ ഡീക്കന്‍ ജിനു റോസ് 1991 ആഗസ്റ്റ് 26-ന് ജനിച്ചു. അദ്ദേഹത്തിന് രണ്ട് സഹോദരന്മാരാണ്.
ഡീക്കന്‍ വിപിന്‍ രാജ് അരുവിക്കര ഇടവികയിലെ സെല്‍വരാജ്-ആഗ്നസ് ദമ്പതികളുടെ മൂത്ത മകനാണ്. 1991 മാര്‍ച്ച് 27-നായിരുന്നു ജനനം. അദ്ദേഹത്തിന് ഒരു ഇളയ സഹോദരനാണുള്ളത്.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇരുവരും 2007 ജൂണ്‍ 3-ന് നെയ്യാറ്റിൻകര രൂപതയുടെ പേയാട് സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പരിശീലനം ആരംഭിക്കുകയും പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന്, പോങ്ങുംമൂട് സെന്‍റ് വിന്‍സെന്‍റ്സ് സെമിനാരിയില്‍ ഡിഗ്രി പഠനം പൂർത്തിയാക്കി.
അതിനുശേഷം ബ്രദര്‍ ജിനു റോസ് ആലുവ സെന്‍റ് ജോസഫ് കാര്‍മ്മല്‍ഗിരി സെമിനാരിയിലും ബ്രദര്‍ വിപിന്‍ രാജ് പൂനെ പേപ്പല്‍ സെമിനാരിയിലും തത്ത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടർന്ന്, ഇവര്‍ നെയ്യാറ്റിന്‍കര രൂപതയിലെ രണ്ട് മൈനര്‍ സെമിനാരികളിലായി റീജന്‍സി കാലയളവ് പൂര്‍ത്തിയാക്കി. റീജന്‍സി കാലയളവിനു ശേഷം ഇരുവരും പൂനെ പേപ്പല്‍ സെമിനാരിയിലേയ്ക്ക് അയക്കപ്പെട്ടു. ഇപ്പോൾ ഇരുവരും ദൈവശാസ്ത്രപഠനത്തിന്റെ അവസാന കാലയളവിലാണ്.
നെയ്യാറ്റിൻകര രൂപതയുടെ ചുറ്റുപാടുകളും, രൂപതയോടുള്ള സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ചാണ് തങ്ങളുടെ സെമിനാരി രൂപീകരണത്തിന്റെ അവസാനനാളുകളെന്ന് ഇരുവരും പറഞ്ഞു.