Articles

നെയ്യാറ്റിൻകരയുടെ ഇടയൻ സപ്തതിയുടെ നിറവിൽ

"സേവിക്കുക-രക്ഷിക്കുക" എന്ന ആപ്തവാക്യം തന്റെ അപ്പസ്തോലിക മുദ്രയിൽ സ്വീകരിച്ചു...

ഫാ.സന്തോഷ് രാജൻ

“ആദ് ആബ്സിയൂസ് പ്രൊവഹേന്തും” [Ad aptius provehendum] (ദക്ഷിണേന്ത്യയിൽ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) ഇതായിരുന്നു 1996-ൽ നെയ്യാറ്റിൻകര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര്. ഈ സുവിശേഷവത്കരണം ത്വരിതപ്പെടുത്താൻ ദൈവം തിരഞ്ഞെടുത്തത് “വിൻസെന്റ് സാമുവൽ” എന്ന ആറയൂരുകാരനായ ഒരു വൈദികനെ ആയിരുന്നു.

“വിൻസെന്റ്” എന്ന പേര് കേൾക്കുമ്പോൾതന്നെ ഓർമ്മവരുന്നത് കത്തോലിക്കാസഭയിലെ എല്ലാ ഉപവി പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായ വിശുദ്ധ വിൻസെന്റിനെയാണ്. ദരിദ്രരോടും, അനാഥരോടും, വിധവകളോടും, ദുഃഖിതരോടും, ഏറ്റവും അനുഭാവവും കാരുണ്യവും പുലർത്തിയ മഹാവിശുദ്ധൻ. “സാമുവൽ” ഒരു പഴയനിയമ ബിബ്ലിക്കൽ പേരാണ്. ദൈവം നേരിട്ട് വിളിച്ച് വേർതിരിച്ച ദൈവത്തിന്റെ പ്രവാചകന്റെ പേരാണ് സാമുവൽ. ബാലൻ ആയിരുന്നപ്പോൾ തന്നെ ദൈവത്തിനു സമർപ്പിക്കപ്പെട്ടവൻ. 1497 ചതുരശ്ര മീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഒന്നരലക്ഷം ലത്തീൻ കത്തോലിക്കരുടെ ആത്മീയ പിതാവായി ദൈവം “വിൻസെന്റ് സാമുവൽ” എന്ന പുരോഹിതനെ തിരഞ്ഞെടുക്കുമ്പോൾ ഈ വൈദികനിൽ ദൈവം കണ്ടതും വിശുദ്ധ വിൻസെന്റിന്റെ ഉപവിയും, സാമുവലിന്റെ പ്രവാചക ധീരതയുമാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെയാണ് കത്തോലിക്കരുടെയും അകത്തോലിക്കരുടെയും, ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും, നാനാജാതി മതസ്ഥരുടെ ഇടയിൽ “വിൻസെന്റ് പിതാവ്” എന്ന ലളിതമായ, സ്നേഹപൂർണ്ണമായ പേരിൽ അദ്ദേഹം അറിയപ്പെടുന്നത്.

ആത്മീയ സാമൂഹിക സാമ്പത്തിക മണ്ഡലങ്ങളിൽ വലിയൊരു മാറ്റം ആഗ്രഹിച്ചിരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആത്മീയ നേതാവായി തീരുവാൻ ദൈവം ആറയൂർ ഇടവകയിലെ സാമുവൽ-റോസമ്മ ദമ്പതികളുടെ ആറുമക്കളിൽ മൂന്നാമത്തെ മകനെ തെരഞ്ഞെടുത്തു. വിൻസെന്റ് സാമുവൽ എന്ന ബാലൻ പ്രാഥമിക വിദ്യാഭ്യാസം ആറയൂരിലും, വ്ളാത്താങ്കരയിലുമായി പൂർത്തിയാക്കി. തിരുവനന്തപുരം മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി 1975-ൽ പീറ്റർ ബർണാഡ് പെരേര പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.

ഇന്ന് വിൻസെന്റ് പിതാവിനോട് ഇടപെടുന്നവരെല്ലാം അദ്ദേഹത്തിന്റെ സൗമ്യതയും, മൃദുവായ സംസാരവും, എല്ലാവരോടും ഇടപഴകാനുള്ള താൽപര്യവും, മനുഷ്യത്വപരമായ സമീപനവും എടുത്തു പറയാറുണ്ട്. ഒരു ഇടയന്റെ ഈ ഗുണങ്ങളെല്ലാം അദ്ദേഹം സ്വായത്തമാക്കിയത് യുവവൈദികനായിരുന്നപ്പോഴുള്ള ഇടവക അജപാലന മേഖലയിൽ നിന്നാണന്ന കാര്യം ഉറപ്പാണ്. പഠനത്തിൽ മിടുക്കനായിരുന്ന യുവവൈദികനെ റോമിലേക്ക് ഉപരിപഠനത്തിനയയ്ക്കുമ്പോൾ മേലധികാരികൾക്കുണ്ടായിരുന്ന കണക്കുകൂട്ടലുകൾ ഒരിക്കലും പിഴച്ചില്ലന്ന് ചരിത്രം തെളിയിച്ചു. റോമിലെ പൊന്തിഫിക്കൽ ഉർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്മാറ്റിക് തിയോളജിയിൽ ഏറ്റവും ഉന്നതവിജയമായ “സുമ്മ കും ലൗദേ” കരസ്ഥമാക്കി കൊണ്ടാണ് അദ്ദേഹം മാതൃരൂപതയിലേക്ക് മടങ്ങിയത്. റോമിലെ പഠനവും, യൂറോപ്യൻ ഭാഷകളിലെ പ്രാവീണ്യവും, യൂറോപ്യൻ രാജ്യങ്ങളെയും വ്യക്തികളെയും സംഘടനകളെയും കുറിച്ചുള്ള അറിവും ഇന്ന് നെയ്യാറ്റിൻകര രൂപതയുടെ വളർച്ചയ്ക്കായി വിനിയോഗിക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നു.

ഉപരി പഠനത്തിന് ശേഷം ആലുവ സെമിനാരിയിൽ വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും, പഠിപ്പിക്കാനുമായി സഭ അദ്ദേഹത്തെ നിയോഗിച്ചു. എല്ലാ നിയോഗങ്ങളുടെയും പൂർത്തീകരണമെന്നോണം 1996- നവംബർ 1-ന് ഭാരതസഭയുടെ ചരിത്രത്താളുകളിൽ ഇടം നേടുന്ന രീതിയിൽ മാതൃരൂപതയിൽ വച്ചുതന്നെ വിശ്വാസ പ്രഘോഷണ തിരുസംഘത്തലവൻ കാർഡിനൽ ജോസഫ് ടോംകോയാൽ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. നാനാജാതി മതസ്ഥരും, സമുദായാംഗങ്ങളും, വ്യത്യസ്ത സാംസ്കാരിക പാരമ്പര്യം പേറുന്നവരും നിറഞ്ഞ ഒരു ബഹുസ്വര മിഷൻ പ്രദേശത്ത് എന്ത് പ്രവർത്തന ശൈലിയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. എല്ലാവരെയും സേവിക്കുകയും, സേവനത്തിലൂടെ അവരെ രക്ഷിക്കുകയുമാണ് തന്റെ ആത്മീയ ദൗത്യമെന്ന് മനസ്സിലാക്കിയ പുതിയ ഇടയൻ “സേവിക്കുക-രക്ഷിക്കുക” എന്ന ആപ്തവാക്യം തന്റെ അപ്പസ്തോലിക മുദ്രയിൽ സ്വീകരിച്ചു. ചരിത്രത്തിൻറെ വലിയൊരു അധ്യായം ഇവിടെ ആരംഭിക്കുന്നതേയുള്ളൂ. വിശ്വാസികളുടെ ആത്മരക്ഷയാണ് തന്റെ പ്രഥമ കർത്തവ്യമെന്ന് മനസ്സിലാക്കിയ ബിഷപ്പ് ആത്മീയവും കൗദാശികവുമായ ജീവിതത്തിന് പ്രഥമസ്ഥാനം നൽകി. എന്നാൽ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ വളർച്ചയെ ഒരിക്കലും അവഗണിച്ചിരുന്നുമില്ല. ഒരു വാടകവീട് മെത്രാസന മന്ദിരമാക്കി ദൗത്യം ആരംഭിച്ച ബിഷപ്പ് സെമിനാരികളുടെയും, പാസ്ററൽ സെന്റെറുകളുടെയും, ഇടവകകളുടെയും, പള്ളികളുടെയും, വൈദിക മന്ദിരങ്ങളുടെയും നിർമ്മാണത്തിന് ശേഷം നാല് വർഷങ്ങൾക്ക് മുൻപ് രൂപതാ സിരാകേന്ദ്രമായ പുതിയ മെത്രാസന മന്ദിരവും ആശീർവദിച്ചു.

രൂപതയിലെ വ്യത്യസ്ത സാമൂഹിക-വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുകയും, പിന്തുണയ്ക്കുകയും, നടപ്പിലാക്കുകയും ചെയ്യുമ്പോൾ ഭാവിയിൽ രൂപയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ബാധ്യതയുണ്ടാക്കാൻ സാധ്യതയുള്ള ആശയങ്ങളെ ദീർഘവീക്ഷണത്തോടുകൂടി കൈകാര്യം ചെയ്യാനുള്ള ആർജ്ജവം പിതാവ് കാണിക്കാറുണ്ട്. തത്വശാസ്ത്രത്തിൽ ഇതിനെ Via Negativa [വിയ നെഗറ്റീവ] (Negative Way) എന്നാണ് പറയുന്നത്. ചെയ്യുന്ന കാര്യങ്ങളിൽ കഴിയുന്നതും തെറ്റുകളും കുറവുകളും ഒഴിവാക്കുന്ന രീതിയാണിത്. വിശ്വപ്രസിദ്ധനായ ലിയനാഡോ ഡാവിഞ്ചി തന്റെ സൃഷ്ടികർമ്മങ്ങളിലെല്ലാം ഈ സമവാക്യമാണ് ഉപയോഗിച്ചിരുന്നത്. ഒരു ശിലയിൽ നിന്ന് ശില്പത്തിന്റെ ഭാഗമല്ലാത്തതിനെ എല്ലാം നീക്കം ചെയ്യുക. തൽഫലമായി ഏറ്റവും കളങ്കമറ്റ ശിൽപം ലഭിക്കുന്നു. രൂപതയുടെ നയരൂപീകരണ വേളകളിലെല്ലാം എല്ലാം പിതാവ് പുലർത്തുന്ന ദീർഘവീക്ഷണവും, ബുദ്ധികൂർമ്മതയും Via Negativa [വിയ നെഗറ്റീവ] തന്നെയാണ്. ഈ ബൗദ്ധിക നിലപാട് രൂപതയുടെ വളർച്ചയെ ത്വരിതപ്പെടുത്തി. ഫെറോനകളുടെയും, ഇടവകകളുടെയും, മിഷൻ സ്റ്റേഷനുകളുടെയും എണ്ണം വർദ്ധിപ്പിച്ചതും, രൂപതയെ റീജിയണായി തിരിച്ചുകൊണ്ടുള്ള ഭരണസംവിധാനവും, സുസ്ഥിരമായ അടിസ്ഥാന ക്രൈസ്തവ സമൂഹവും ഇതിന് ഉദാഹരണങ്ങളാണ്. സംസ്ഥാനതലത്തിലുള്ള സഭാപ്രവർത്തനങ്ങൾക്ക് മാതൃകയാകാനും ചുക്കാൻ പിടിക്കാനും ബിഷപ്പിന് സാധിക്കും എന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലിയും, അതിനോട് അനുബന്ധിച്ച് രൂപതാമക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പടുകൂറ്റൻ റാലിയും.

തിരുഹൃദയ ഭക്തിയെയും, ദിവ്യകാരുണ്യത്തെയും, മരിയ ഭക്തിയെയും മുറുകെപ്പിടിച്ചുകൊണ്ട് ആഴമേറിയ ആത്മീയ ജീവിതം നയിക്കുന്ന ബിഷപ്പ് നെയ്യാറ്റിൻകര രൂപതയോടും, രൂപതാ മക്കളോടും, രൂപതയിലെ വൈദികരോടും, സന്യസ്തരോടും 100% പ്രതിബദ്ധത പുലർത്തുമ്പോഴും; കെ.ആർ.എൽ.സി.സി.യിലും, കെ.സി.ബിസി.യിലും, സി.ബി.സി.ഐ.യിലും വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് സാർവത്രിക സഭയോടുള്ള ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുന്നു. 2020 ഓഗസ്റ്റ് 10-ന് ബിഷപ്പിന് 70 വയസ്സ് പൂർത്തിയാകുമ്പോൾ, ഇനിയും ദീർഘകാലം തീക്ഷ്ണതയോടും ജാഗ്രതയോടുംകൂടെ സഭാമക്കളെ സേവിക്കാനും രക്ഷിക്കാനും പ്രിയ പിതാവിന് ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Ad Multos Annos…

Show More

One Comment

  1. Dear and most Rev.Fr. I wish a very happy 70th birthday and many many happy returns of the day. We pray to God Almighty for your welfare and happiness. We pray that the God Almighty shower His choicest blessings for long years to come. Your commitment to the diocese of Neyyattinkara has brought a lot of Development among the catholic community in Neyyattinkara. We pray for your good health for long years to come. Imploring your Blessings. SIMON.LALU and family.

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker