നെയ്യാറ്റിൻകരയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
NIDS ന്റെ നേതൃത്വത്തിൽ "സമരിറ്റൻ ബ്ലഡ് ഡോണേഴ്സ് ഫോറം" രൂപീകരിച്ചു...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യും സമരിറ്റൻ ടാസ്ക് ഫോഴ്സും സംയുക്തമായി തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജിയുടെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 07-04-2021 ബുധനാഴ്ച രാവിലെ 09.30-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് ആരംഭിച്ച രക്തദാന ക്യാമ്പ് രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു, തുടർന്ന് NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ രക്തദാനം നടത്തിക്കൊണ്ട് രക്തദാന ക്യാമ്പിന് ആരംഭം കുറിച്ചു.
NIDS ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ കമ്മിഷൻ സെക്രട്ടറി ശ്രീ.ദേവദാസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീനകുമാരി, പാറശാല മേഖല ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽ ബായി, സമരിറ്റൻ ടാസ്ക് ഫോഴ്സ് ടീം വൈസ് ക്യാപ്റ്റൻ ശ്രീ ബിജോയ് രാജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ.ബിജു ആന്റണി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ലോകാരോഗ്യദിനത്തോടനുബന്ധിച്ച് NIDS ന്റെ നേതൃത്വത്തിൽ “സമരിറ്റൻ ബ്ലഡ് ഡോണേഴ്സ് ഫോറം” രൂപീകരിച്ചു. 66 സന്നദ്ധ പ്രവർത്തകർ പങ്കെടുത്തതിൽ 43 അംഗങ്ങൾ രക്തം ദാനം ചെയ്തു. തുടർന്ന്, ഉച്ചയ്ക്ക് 02.00 മണിക്ക് കോവിഡ് 19 ന്റെ അനന്തര ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സാം ലീവൻസ് ക്ലാസ് നയിച്ചു.