നെയ്യാറ്റിൻകരയിൽ “യൂത്ത് ബൈബിൾ കൺവെൻഷൻ പ്രാർത്ഥനാദിനം 2019”
ബാലരാമപുരം ഫെറോനയിലെ കമുകിൻകോട് ഇടവകയിൽ...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: KCYM (Latin) പ്രസ്ഥാനമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് പ്രാർത്ഥനയും പ്രവർത്തനവും എന്ന് പ്രഘോഷിച്ചുകൊണ്ടും, എല്ലാ തിരക്കുകളും മാറ്റിവച്ചുകൊണ്ട് യൗവന കാലത്തിൽ ഈശോയ്ക്ക് വേണ്ടി ജീവിക്കുന്ന പ്രാർത്ഥനാരൂപിയുള്ള മക്കളാണ് ഞങ്ങൾ എന്ന പ്രഖ്യാപനവുമായിരുന്നു നെയ്യാറ്റിൻകര രൂപതയുടെ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച യൂത്ത് ബൈബിൾ കൺവെൻഷൻ പ്രാർത്ഥനാദിനം 2019. ബാലരാമപുരം ഫെറോനയിലെ കമുകിൻകോട് ഇടവകയിലാണ് നെയ്യാറ്റിൻകര LCYM ന്റെ നേതൃത്വത്തിൽ യൂത്ത് ബൈബിൾ കൺവെൻഷൻ നടത്തപ്പെട്ടത്.
നെയ്യാറ്റിൻകര രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട യൂത്ത് കൺവെൻഷനിൽ 300ഓളം യുവജനങ്ങൾ പങ്കെടുത്തു. ബോസ്കോ ഞാളിയത്ത് അച്ചനും ടീമും ആയിരുന്നു യൂത്ത് കൺവെൻഷന് നേതൃത്വം കൊടുത്തത്. ദിവ്യബലിയോടു കൂടിയായിരുന്നു ധ്യാനം ആരംഭിച്ചത്.
ഇന്നത്തെ പ്രാർത്ഥന ദിനത്തിലൂടെ ലഭിച്ച പ്രാർത്ഥനാ ചൈതന്യം നഷ്ടപ്പെടുത്താതെ, അനുദിന ദിവ്യബലി അർപ്പണത്തിലൂടെയും, കുടുംബ പ്രാർത്ഥനയിലൂടെയും, വ്യക്തി പ്രാർത്ഥനയിലൂടെയും ഉജ്വലിപ്പിക്കാനുള്ള ദൃഢനിശ്ചയങ്ങളുമായാണ് യുവജനങ്ങൾ വീടുകളിലേക്ക് പോയത്.
ബോസ്കോ അച്ചന്റെ ധ്യാനം ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്ന് യുവജനങ്ങൾ പറഞ്ഞു. പ്രത്യേകിച്ച്, “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവന കാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക” (സഭാപ്രസംഗകൻ 12:1) എന്ന വാക്യം വളരെയധികം ഹൃദയസ്പർശിയായി.