നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണ സമാപനം നാളെ മുതല്‍ നെടുമങ്ങാട്ട്
നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണ സമാപനം നാളെ മുതല്‍ നെടുമങ്ങാട്ട്
അനിൽ ജോസഫ്
നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ സമാപനത്തിന് നാളെ തുടക്കമാവും. 3 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, മരിയന്‍ എക്സിബിഷന്‍, പുസ്കവണ്ടി, മരിയന്‍ ക്വിസ്, സെമിനാറുകള്‍, അഖണ്ഡജപമാല, ജപമാല പദയാത്ര എന്നിവ ഉണ്ടായിരിക്കും. താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് കൂരിയ പ്രസിഡന്റ് ലില്ലി അധ്യക്ഷത വഹിക്കും.
മരിയന്‍ എക്സിബിഷന്‍ നെടുമങ്ങാട് ഫൊറോന വികാരി ഫാ.സിറില്‍ ഹാരിസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം നെയ്യാറ്റിന്‍കര രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് ഉദ്ഘാടനം ചെയ്യും.
ശനിയാഴ്ച രാവിലെ 10 ന് “പരിശുദ്ധ അമ്മ സ്ത്രീകള്‍ക്ക് മാതൃക” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനം കെആര്‍എല്‍സിസി ലെയ്റ്റി സെക്രട്ടറി ഫാ.ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 9 മുതല്‍ അഖണ്ഡ ജപമാല. ഉച്ചക്ക് 1.30 ന് ജപമാല പദയാത്ര. പദയാത്ര നെടുമങ്ങാട് നവജ്യോതി ആനിമേഷന്‍ സെന്‍ററില്‍ നിന്ന് ആരംഭിച്ച് താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ സമാപിക്കും. പദയാത്രയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് നിര്‍വ്വഹിക്കും.
ജപമാല മാസചാരണത്തിന്റെ സമാപന സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. ലീജിയന്‍ ഒഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്‍റ് ഷാജി ബോസ്കോ അധ്യക്ഷത വഹിക്കും. ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയത്തിന്‍റെ നേതൃത്വത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.