നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും
നെയ്യാറ്റിന്‍കര രൂപതയില്‍ തൈല പരികര്‍മ്മ പൂജയും പൗരോഹിത്യ നവീകരണവും
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വിശുദ്ധ വാരത്തില്‍ ലത്തീന്‍ ആരാധന ക്രമത്തിലെ പരമ്പരാഗത ആനുഷ്ടാനമായ തൈല പരികര്‍മ്മ പൂജയും അതോടൊപ്പം പൗരോഹിത്യ നവീകരണവും നടന്നു. നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രലില്‍ നടന്ന തിരുകർമ്മങ്ങള്‍ക്ക് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധാത്മാവിനാല്‍ നേരിട്ട് അഭിഷേകം ചെയ്യപ്പെട്ടവരാണ് വൈദികരെന്നും, അശരണര്‍ക്കും ആലംബ ഹീനര്‍ക്കും വൈദികര്‍ കൈത്താങ്ങാകണമെന്നും, ശുശ്രൂഷയുടെ പൂര്‍ത്തികരണം പരസ്നേഹ പ്രവര്‍ത്തികളിലൂടെയാണ് പൂര്‍ണ്ണമാവുന്നതെന്നും ബിഷപ്പ് ഉദ്‌ബോധിപ്പിച്ചു.
രാവിലെ മുതല്‍ വൈദികര്‍ക്ക് വേണ്ടി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ ക്രമീകരിച്ചിരുന്ന ഒരുക്കധ്യാനത്തിന് കെ.ആര്‍.എല്‍.സി.സി. ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ നേതൃത്വം നല്‍കി.
ദിവ്യബലി മദ്ധ്യേയുള്ള കാഴ്ചവയ്പില്‍ മാമോദീസ, സ്ഥൈര്യലേപനം, രോഗീലേപനം, തിരുപ്പട്ടം, ദേവാലയ ആശീർവാദം തുടങ്ങിയവയുടെ പരികര്‍മ്മത്തിനുളള തൈലം നെയ്യാറ്റിന്‍കര റീജിയനെ പ്രതിനിധീകരിച്ച് മോണ്‍.സെല്‍വരാജനും, നെടുമങ്ങാടിനെ പ്രതിനിധീകരിച്ച് ചുളളിമാനൂര്‍ ഫൊറോന വികാരി ഫാ.അല്‍ഫോണ്‍സ് ലിഗോറിയും, കാട്ടാക്കടയെ പ്രതിനിധീകരിച്ച് മോണ്‍.വിൻസെന്‍റ് കെ.പീറ്ററും സമര്‍പ്പിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വി.പി.ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
വിവിധ ഇടവകകളില്‍ നിന്നുളള അൽമായ പ്രതിനിധികളും, സന്യാസിനികളും, രൂപതയിലെ എല്ലാ വൈദികരും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.