നെയ്യാറ്റിന്‍കര രൂപതയിലെ 2 വൈദികര്‍ ഒരേ സമയം കോവിഡ് ബാധിച്ച് മരിച്ച 2 വിശ്വാസികളുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
നെയ്യാറ്റിന്‍കര രൂപതയിലെ 2 വൈദികര്‍ ഒരേ സമയം കോവിഡ് ബാധിച്ച് മരിച്ച 2 വിശ്വാസികളുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ 2 വിശ്വാസികളുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ 2 വൈദികരുടെ നേതൃത്വത്തില്‍ നടന്നു. നെയ്യാറ്റിന്‍കര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്റോയും, മണിവിള ഇടവക വികാരിയും രൂപതാ യൂത്ത് കമ്മിഷന്‍ ഡയറക്ടറുമായ ഫാ.റോബിന്‍ സി.പീറ്ററുമാണ് പിപിഇ കിറ്റുകള്‍ ധരിച്ച് സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
നെയ്യാറ്റിന്‍കര രൂപതയില്‍ മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സ് രൂപീകരിച്ച ശേഷം സമിതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ മൃതസംസ്കാര ശുശ്രൂഷയായിരുന്നു ഇത്. വൈദികര്‍ക്ക് സഹായികളായി സമരിറ്റന്‍സ് ടാസ്ക് ഫോഴ്സിലെ വോളന്‍റിയര്‍മാരും ഉണ്ടായിരുന്നു.
മണിവിളയിലെ ഒരു വിശ്വാസിയുടെ മൃതദേഹം എത്തിക്കും എന്നാണ് പഞ്ചായത്തധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും, മണിവിളയുടെ ഉപഇടവകയായ മഞ്ചവിളാകം ദേവാലയത്തിൽ മരണമടഞ്ഞ വിസ്വാസിയും ഒരേ പഞ്ചായത്തായതിനാലും, പഞ്ചായത്ത് അധികൃതല്‍ രണ്ടുമൃതശരീരങ്ങളും ഒരുമിച്ച് എത്തിച്ചതിനാലും വൈദികര്‍ ഒരേസമയം മൃതസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ജയരാജ് (കീഴാറൂര്‍), വിശ്വനാഥന്‍ (ആമച്ചല്‍), രാജേഷ് എസ് ആര്‍ (മൈലം), ജിജോ സാം (കളത്തുകാല്‍ ), അനുകുട്ടന്‍ ( അത്താഴമംഗലം) ബിജു ആന്‍റണി, ശശികുമാര്‍ (പത്തനാവിള), ബിജോയ് രാജ്-ടീം വൈസ് ക്യാപ്റ്റന്‍ (പാറശ്ശാല), ബിബിന്‍ രാജ് (വിഴവൂര്‍), സേവ്യര്‍ (അത്താഴമംഗലം) എന്നീ ടാസ്ക് ഫോഴ്സ് വോളന്റിയർമാര്‍ സഹായികളായെത്തി. ചുരുക്കം ബന്ധുക്കള്‍ പിപിഇ കിറ്റ് ധരിച്ച് ടാസ്ഫോഴ്സിനൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.