നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തന് നാളെ തറക്കല്ലിടും
നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയം കത്തീഡ്രലായി ജോണ്‍പോള്‍ 2-ാമന്‍ പാപ്പ പ്രഖ്യാപിച്ചത് 1996 ല്‍
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റില്‍കര രൂപതയുടെ പുതിയ കത്തീഡ്രല്‍ ദേവാലയത്തിന് നാളെ തറക്കല്ലിടും. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നാളെ രാവിലെ അര്‍പ്പിക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ് തറക്കില്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത്.
വികാരിജനറല്‍ മോണ്‍.ജി ക്രിസ്തുദാസും രൂപതയിലെ എപ്പിസ്കോപ്പല്‍ വികാരിമാരും വൈദികരും സന്യസ്തരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. 1644 ല്‍ അലങ്കാര മാതാവിന്‍റെ പേരില്‍ ഇശോ സഭാ വൈദികര്‍ ആരംഭിച്ച ദേവാലയം 1908 ലാണ് അമലോത്ഭവ മാതാവിന്‍റെ പേരില്‍ പുന:ര്‍നാമകരണം ചെയ്യുന്നത്.
ദേവാലയം സ്ഥാപിക്കുന്ന കാലത്ത് കൊച്ചിരൂപതക്ക് കീഴിലായിരുന്നു പില്‍ക്കാലത്ത് കൊല്ലത്തിന്‍റെയും തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളുടെ ഭാഗമായി മാറുകയായിരുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ ഏറ്റവും പുരാതനമായ ദേവാലയത്തിന്‍റെ കീഴിലായിരുന്നു വ്ളാത്താങ്കര , കാരക്കാമണ്ഡപം,ബാലരാമപുരം, കമുകിന്‍കോട്, അമരവിള ദേവാലയങ്ങള്‍ .
ആദ്യമുണ്ടായിരുന്ന അലങ്കാരമാതാ പളളിക്ക് പകരം 1908 ല്‍ പണിത അമലോത്ഭവമാതാ ദേവാലയം അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബിഷപ്പ് ബന്‍സിഗറിന്‍റെ നേതൃത്വത്തില്‍ പണിത ആദ്യദേവാലയമായിരുന്നു. തിരുവനന്തപുരം രൂപത വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചതോടെയാണ് നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായി നെയ്യാറ്റിന്‍കര അമലോത്ഭവമാതാ ദേവാലയത്തെ പ്രഖ്യാപിക്കുന്നത്.
2018 ലാണ് പുനരുദ്ധാരണത്തിന്‍റെ ഭാമമായി ദേവാലയം പൊളിച്ചത്. 14,000 (പതിനാലായിരം) ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായാണ് പുതിയ ദേവാലയം പണിയുന്നത്. ഗോഥിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്യ്തിരിക്കുന്ന ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി മോണ്‍. അല്‍ഫോണ്‍സ് ലിഗോരിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 2 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുന്നതെന്ന് പുതിയ പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ ജസ്റ്റിന്‍ ക്ലീറ്റസ് അറിയിച്ചു.