
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
“ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις = A certain man). അതെ, ഏതോ ഒരു മനുഷ്യൻ. വിശേഷണങ്ങൾ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. നല്ലവനെന്നോ ചീത്തവനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ വിശേഷണങ്ങളില്ലാത്ത ഒരുവൻ. അവൻ ചിലപ്പോൾ നെറിയുള്ളവനായിരിക്കാം, അല്ലെങ്കിൽ ഒരു കള്ളനായിരിക്കാം. അറിയില്ല അവൻ ആരാണെന്ന്. പക്ഷെ അറിയാം വ്യക്തമായിട്ട്, ജറുസലെമിൽനിന്നും ജെറിക്കോയിലേക്ക് സഞ്ചരിക്കുന്നത് ഒരു മനുഷ്യനാണ്. നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധി.
അവനൊരു പേരുണ്ടോ? ഇല്ല. വേണമെങ്കിൽ അവനെ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവനെന്നോ, വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റപ്പെട്ടവനെന്നോ, പ്രഹരമേറ്റവനെന്നോ, വീണു കിടക്കുന്നവനെന്നോ, അർദ്ധപ്രാണനായവനെന്നൊക്കെ വിളിക്കാം. അങ്ങനെയാകുമ്പോൾ ഒറ്റപ്പെട്ട ഒരു പേരല്ല അവന്റേത്. നിത്യനാമമാണ്. എല്ലാവരുടെയും പേരാണത്. കണ്ണീരിന്റെ വലിയ ഭാരം വഹിക്കുന്ന, ലോകത്തിന്റെ വിശാലതയിലും ഞെരുക്കമനുഭവിക്കുന്ന എല്ലാവരുടെയും പേര്; എന്റെയും നിന്റെയും നാമം.
ഒരു പുരോഹിതനാണ് ആദ്യം ആ വഴിയെ വന്നത്. അയാൾ അവനെ ഒഴിവാക്കി മറുവശത്തുകൂടെ കടന്നുപോകുന്നു. “മറുവശത്തുകൂടെ കടന്നുപോയി” (ἀντιπαρῆλθεν). വീണുകിടക്കുന്നവന്റെ മറുവശം. എന്താണ് അവിടെയുള്ളത്? അവിടെ ഒന്നുമില്ല. മനുഷ്യനൊമ്പരങ്ങൾക്കപ്പുറം ഒന്നുമില്ല. ആ മറുവശം അസംബന്ധവും ഉപയോഗശൂന്യവുമാണ്. വീണുകിടക്കുന്നവനെ അവഗണിച്ചു കടന്നുപോകാൻ പ്രേരിപ്പിക്കുന്ന ആത്മീയതയുടെ പ്രതിനിധിയാണ് ആ പുരോഹിതൻ. അങ്ങനെയുള്ളവർ ഒഴിഞ്ഞുമാറലിന്റെ യുക്തി പ്രഘോഷിക്കും. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല എന്നുപറഞ്ഞ് സ്വയം ശുദ്ധത ഭാവിക്കും.
മനുഷ്യനൊമ്പരങ്ങൾക്ക് പുറത്താണ് നമ്മുടെ ആത്മീയചരിത്രമെന്ന് ആരും വിചാരിക്കരുത്. നാമെല്ലാവരും ഒരേ പാതയിലാണ്; ജറുസലെമിൽനിന്ന് ജറീക്കോയിലേക്കുള്ള പാതയിൽ. ഒരേ ചരിത്രത്തിലാണ്. രക്ഷപ്പെടുമെങ്കിൽ ഒരുമിച്ച് രക്ഷപ്പെടും അല്ലെങ്കിൽ ഒരുമിച്ച് നഷ്ടപ്പെടും. മനുഷ്യത്വത്തെ അവഗണിച്ചു കൊണ്ടുള്ള എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും വെറും പ്രഹസനങ്ങൾ മാത്രമാണ്. വീണുകിടക്കുന്നവന്റെ മറുവശത്ത് മതാത്മകതയെ ദർശിക്കുന്നതിനേക്കാൾ വലിയ അസംബന്ധം വേറെയില്ല. അങ്ങനെയുള്ള “മറുവശം” സ്വർഗ്ഗമല്ല എന്ന കാര്യം കൂടി ഓർക്കണം.
“എന്നാല്‍, ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്‌ഥലത്തു വന്നു. അവനെക്കണ്ട് മനസ്സലിഞ്ഞു” (v.33). നിത്യതയെ സ്പർശിക്കുന്ന മൂന്നു ക്രിയകൾ: അടുത്തു വരുക, കാണുക, മനസ്സലിയുക (ἦλθεν κατ’ αὐτὸν καὶ ἰδὼν ἐσπλαγχνίσθη). മനുഷ്യത്വം തുളുമ്പുന്ന വാചകമാണിത്. അടുത്തുവന്ന് കാണാതെ, മനസ്സലിയാതെ മനുഷ്യത്വം ഉണ്ടാകില്ല. അനുകമ്പയാണ് മനസ്സലിവ്. വൈകാരികത കുറവുള്ള വികാരമാണത്. മാധുര്യമില്ലാത്ത വികാരം. കാരണം, ഒരുമിച്ചുള്ള സഹനമാണത്.
യാത്രികനാണ് സമരിയക്കാരൻ. അവന് ഒരു ലക്ഷ്യമുണ്ട്. എന്നിട്ടും വീണുകിടക്കുന്നവനെ കാണുമ്പോൾ അവൻ കഴുതപ്പുറത്ത് നിന്ന് ഇറങ്ങുന്നു. അവന് ഭയമുണ്ട്. വീണുകിടക്കുന്നവന്‍ ഒരു കെണിയാകാം എന്ന ഭയം. പക്ഷേ മനസ്സലിവ് ആ ഭയത്തെ അതിജീവിക്കുന്നു. അനുകമ്പ ഒരു സഹജവാസനയല്ല, ആർജിച്ചെടുക്കേണ്ട ഒരു പുണ്യമാണത്. അതിനെ ഒരു തോന്നലായി കരുതരുത്. സഹജന്റെ നൊമ്പരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആത്മീയ നേട്ടമാണത്.
“നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സ്നേഹിക്കണം എന്ന മറുപടിയും നല്ല സമരിയക്കാരന്റെ ഉപമയും. ആ സ്നേഹത്തെ വിവരിക്കാൻ തുടർച്ചയായി പത്ത് ക്രിയകളാണ് ഉപമയിൽ ഉപയോഗിച്ചിരിക്കുന്നത്: വരുക, കാണുക, മനസ്സലിയുക, അടുത്തുചെല്ലുക, ഒഴിക്കുക, വച്ചുകെട്ടുക, പുറത്തു കയറ്റുക, കൊണ്ടുപോകുക, പരിചരിക്കുക… അങ്ങനെ പത്താമത്തെ ക്രിയയായ “കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം” വരെ. ഇതാണ് പുതിയ പത്ത് കല്പനകൾ. നമ്മൾ ഓരോരുത്തരും, വിശ്വാസിയായാലും അല്ലെങ്കിലും, പച്ച മനുഷ്യനാകാനും ഈ ഭൂമിയിൽ “ഒരു അയൽക്കാരൻ” ആയി വസിക്കാനും വേണ്ടിയുള്ള പുതിയ പത്ത് കൽപ്പനകൾ. പച്ച മനുഷ്യനാകുന്നവന് മാത്രമാണ് നിത്യജീവൻ അവകാശമാക്കാൻ സാധിക്കുക. എങ്ങനെ ഒരു പച്ച മനുഷ്യനാകാൻ കഴിയും? ഗുരു ഒരു ക്രിയയിലൂടെ മറുപടി നൽകുന്നു: സ്നേഹിക്കുക, സമരിയക്കാരനെ പോലെ. ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ സ്നേഹിക്കുക.
മനുഷ്യകുലത്തിന്റെ ഭാവിയെ നിർണയിക്കുന്ന ക്രിയയാണ് സ്നേഹിക്കുക എന്ന ക്രിയ (Ἀγαπήσεις). ഭാവികാലത്തിലേക്കാണ് ക്രിയ വിരൽചൂണ്ടുന്നത്. ഭാവി – അതിന് ചക്രവാളങ്ങളില്ല. അതിനാൽ സ്നേഹത്തിനും അതിരുകൾ നിർണ്ണയിക്കരുത്. കാരണം, സ്നേഹം ഒരു കടമയല്ല, ആവശ്യകതയാണ്. കാലം നിലനിൽക്കുന്നിടത്തോളം സ്നേഹവും നിലനിൽക്കും.
നാളേക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്? ഗുരു പറയുന്നു; നീ സ്നേഹിക്കണം (Ἀγαπήσεις). എന്റെ ഭാവിക്കുവേണ്ടി ഞാൻ എന്ത് ചെയ്യണം?ഗുരു വീണ്ടും പറയുന്നു; നീ സ്നേഹിക്കണം (Ἀγαπήσεις). മനുഷ്യത്വം, നിയതി, ചരിത്രം ഇവയെല്ലാം നിലനിൽക്കണമെങ്കിൽ ഒറ്റ നിയമമേ നിന്റെ മുന്നിലുള്ളൂ; നീ സ്നേഹിക്കണം (Ἀγαπήσεις). ആരെ? ദൈവത്തെയും മനുഷ്യനെയും.
ഒരു ഉപമയാണ് ഈ സുവിശേഷ ഭാഗത്തിന്റെ കേന്ദ്രം. ആ ഉപമയുടെ മധ്യത്തിൽ നിൽക്കുന്നത് ഒരു മനുഷ്യനാണ്. അതിലെ പ്രധാന ക്രിയ “നീ സ്നേഹിക്കണം” (Ἀγαπήσεις) എന്നതാണ്. അവസാനം ഗുരു നമ്മളോടും പറയുന്നു; ” നീയും പോയി അതുപോലെ ചെയ്യുക” (v.37). അപ്പോൾ നിത്യജീവൻ കണ്ടെത്തും.
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
ആഗമനകാലം രണ്ടാം ഞായർ രക്ഷാകരചരിത്രത്തിന്റെ യാത്ര അതിന്റെ അവസാനഘട്ടമായ രക്ഷകനിൽ എത്തിയിരിക്കുന്നു. രക്ഷകനായുള്ള കാത്തിരിപ്പിന്റെ ചരിത്രം പൂർത്തിയാകുന്നു. അതു തിരിച്ചറിഞ്ഞ…
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
This website uses cookies.