Kerala

നിർമ്മല റാഫേലിന് മലയാള സാഹിത്യത്തിൽ ഡോക്റ്ററേറ്റ്‌

ലത്തീൻ കത്തോലിക്കാ സമുദായത്തിലെ അഞ്ഞൂറ്റിക്കാരുടെ അന്യംനിന്നു പോകുന്ന ഭാഷയും സംസ്കാരവുമായിരുന്നു ഗവേഷണ വിഷയം

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ നിർമ്മല റാഫേലിന് മലയാള സാഹിത്യത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്റ്ററേറ്റ്‌. ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിലെ അഞ്ഞൂറ്റിക്കാരുടെ അന്യംനിന്നു പോകുന്ന ഭാഷയും, സംസ്കാരവുമായിരുന്നു പഠന വിഷയം.

താൻ ജനിച്ചു വളർന്ന ഈ വിഭാഗത്തിൽ ഇവിടെ സംരക്ഷിക്കപ്പെടേണ്ട ധാരാളം നാട്ടറിവുകളുണ്ടെന്നും, അവയൊക്കെ വരുംതലമുറയ്ക്ക് അന്യംനിന്ന് പോകാതിരിക്കാൻ പകർന്നുകൊടുക്കപ്പെടേണ്ടവയാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് ഈ പഠനം നടത്തിയതെന്ന് ഡോ.നിർമ്മല റാഫേൽ പറഞ്ഞു.

ഈ പഠനത്തിന്റെ ഭാഗമായി പുറംലോകമറിയാതെ മൺമറഞ്ഞു പോയ ഒരുപാട് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയുകയും, ആയിരത്തിലേറെ വാക്കുകളുള്ള ഒരു പ്രദേശീക ഭാഷാനിഘണ്ടു തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്നും, ഇനിയും കൂടുതൽ പഠനങ്ങൾ നടത്തി അവയൊക്കെയും പുറംലോകത്തെത്തിക്കണമെന്നാണ് ആഗ്രഹമെന്നും, താൻ ഇതുവരെ കണ്ടെത്തിയവ പുസ്തകമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡോ.നിർമ്മല റാഫേൽ കാത്തലിക് വോക്സിനോട്‌ പറഞ്ഞു.

ഭക്ഷണ സംസ്കാരം, ആചാര ഭാഷ , കടൽ പാട്ടുകൾ വസ്ത്ര സംസ്കാരം, അവയവ ഭാഷ എല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമാണ് ഉദാഹരണമായി ഭക്ഷണ സംസ്കാരത്തിൽ: വട്ട അപ്പം, പിതിരപ്പം, കരുവാചിക്കിയത്, മുട്ട, ചായ തുടങ്ങിയവ; വസ്ത്ര സംസ്കാരത്തിൽ: കവായ, കർപ്പൂസ്, കവണി, ചുട്ടിമുറി തുടങ്ങി അവയവ; ഭാഷയിൽ: പതക്, കൊരലി, നെഞ്ചാം കൊട്ട, കണ്ണ; അതുപോലെ തന്നെ ആഭരണ ഭാഷയിൽ: മേക്കാ മോതിരം പോലുള്ളത്; തൊഴിൽ ഭാഷയിൽ: തിരിവെട്ട്, തിരികൂട്, പൂമച്ചൻ, ചിന്തവല്ലി, ക്രാസി തുടങ്ങി മറ്റെവിടെയും കേൾക്കനോ കാണാനോ സാധിക്കാത്ത ഒട്ടനവധി തനത് സംസ്‌കാരങ്ങൾ ഫോർട്ടു കൊച്ചി മുതൽ കാർത്തികപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ അഞ്ഞൂറ്റിക്കാരുടെ ഇടയിലുണ്ട്.

ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ റീത്താലയം ഇടവകാ അംഗമായ ഡോ.നിർമ്മല റാഫേൽ മലപ്പുറം ജില്ലയിലെ പുറത്തൂർ G.H.S.S. മലയാളം അധ്യാപികയാണ്. ഭർത്താവ് കെ.ജെ.സെബാസ്റ്റ്യൻ, കാട്ടൂർ ഹോളി ഫാമിലി ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ്, മക്കൾ അഭിനന്ദ്, ആർദ്ര.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker