Meditation

6th Sunday of Easter_Year A_നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ… (യോഹ 14:15-21)

യേശു ഒരു ഇടം അന്വേഷിക്കുകയാണ്, ഹൃദയത്തിൽ ഒരു ഇടം...

ഉയിർപ്പുകാലം ആറാം ഞായർ

“നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും” (v.15). സ്നേഹം എന്ന ഒറ്റ വാക്കിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. ഒരേയൊരു കൽപനയെ ഗുരുനാഥൻ നൽകിയുള്ളൂ അത് പരസ്പരം സ്നേഹിക്കുക എന്ന് മാത്രമാണ്. ഇപ്പോൾ അവൻ പറയുന്നു എന്നെ സ്നേഹിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൽപന പാലിക്കാൻ സാധിക്കും. ഇതൊരു ശാസനയല്ല. ഒരു തിട്ടപ്പെടുത്തൽ മാത്രമാണ്. സ്നേഹിക്കുകയാണെങ്കിൽ പുതിയൊരു ലോകത്തിലേക്ക് നിനക്ക് പ്രവേശിക്കാം. ഈയൊരു സത്യം നമ്മളോരോരുത്തരും അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്. സ്നേഹിക്കുകയാണെങ്കിൽ ഒരു പുതിയ സൂര്യൻ നിന്റെ ആകാശത്ത് തെളിയുമെന്ന്, നിന്നിലൊരു പുതിയ ആവേശമുണ്ടാകുമെന്ന്, നിന്റെ ഉള്ളിൽ സന്തോഷത്തിരമാലകൾ കുതിച്ചുയരുമെന്ന്, നിന്റെ മേദിനിയിലെന്നും വസന്തകാലമായിരിക്കുമെന്നും.

അവൻ പറയുന്നു; ‘എന്റെ കൽപ്പന പാലിക്കുക’. ശ്രദ്ധിക്കേണ്ടത് ‘എന്റെ’ എന്ന സർവ്വനാമമാണ്. അവൻ നിർദ്ദേശിച്ചത് കൊണ്ടല്ല കൽപന അവന്റേതാകുന്നത്. മറിച്ച് ‘എന്റെ’ എന്ന സർവ്വനാമത്തിൽ അവന്റെ ജീവിതം മുഴുവൻ ഉൾക്കൊള്ളുന്നുണ്ട്. അതായത് നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പോലെ നിങ്ങൾ ജീവിക്കുമെന്നാണ് അവൻ ഉദ്ദേശിക്കുന്നത്. നീ ക്രിസ്തുവിനെ സ്നേഹിക്കുകയാണെങ്കിൽ അവൻ നിന്റെ ചിന്തകളിലും മനോഭാവങ്ങളിലും നിറഞ്ഞുനിൽക്കും. നിന്റെ പ്രവർത്തികളിൽ അവന്റെ ആർദ്രതയുണ്ടാകും. നിന്റെ വാക്കുകളിൽ അവന്റെ സാന്ത്വനമുണ്ടാകും. അവൻ അനുഭവിച്ച ശാന്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും ക്ഷമയുടെയും സ്വാദ് നീയും അനുഭവിക്കും. നിന്റെ ഭക്ഷണമേശകളിൽ പാവപ്പെട്ടവർക്ക് സ്ഥാനമുണ്ടാകും. ലളിതമായ ആലിംഗനങ്ങളിലൂടെയും നറുമണമുള്ള ബന്ധങ്ങളിലൂടെയും അവന്റെ ജീവിതത്തിന്റെ ലാവണ്യം മുഴുവനും നിന്നിൽ നിറഞ്ഞു നിൽക്കും. അങ്ങനെ അവൻ ജീവിച്ച ശുദ്ധവും സുന്ദരവും വിശുദ്ധവുമായ ജീവിതം നീയും ജീവിക്കും. അതുകൊണ്ടാണ് വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് സ്നേഹിക്കുക പിന്നെ ഇഷ്ടമുള്ളതെന്തും ചെയ്തുകൊള്ളുകയെന്ന്. സ്നേഹിക്കുന്നുണ്ടെങ്കിൽ നിനക്ക് മുറിവേൽപ്പിക്കാനോ ചതിക്കാനോ കവർന്നെടുക്കാനോ ആക്രമിക്കാനോ കളിയാക്കാനോ സാധിക്കില്ല. സ്നേഹിക്കുന്നുണ്ടെങ്കിൽ നിനക്ക് സഹായിക്കാനും ചേർത്തു നിർത്താനും അനുഗ്രഹിക്കാനും മാത്രമേ സാധിക്കൂ. സ്നേഹം ഉള്ളിൽ നിന്നും ഒരു തള്ളൽ ആയി പുറത്തേക്ക് വരുന്നത് ഇങ്ങനെയൊക്കെയാണ്. ആദ്യം സ്നേഹിക്കുക എന്നിട്ട് നീ നിന്റെ ഹൃദയത്തിന്റെ പാത സ്വീകരിക്കുക.

ഈ വചനഭാഗത്തിന്റെ ഏറ്റവും വലിയ സവിശേഷത ഏകത്വം എന്ന ആശയം ഒരു തെളിനീരുറവ പോലെ നിർഗ്ഗളിക്കുന്ന ഭാഷണരീതിയാണ്. ഞാനും നീയും എന്ന ദ്വൈതഭാവം യേശുവിന്റെ വാക്കുകളില്ലില്ല. സ്നേഹം അദ്വൈതത്തിന്റെ കണ്ണിയായി മാറുന്നു. ദൈവവും ഞാനും ഒന്നായി മാറുന്ന അദ്വൈതത്തിന്റെ ആവിർഭാവങ്ങൾക്ക് അനർഘമായ ആവിഷ്കാരങ്ങളുണ്ടാകുന്നു. സ്നേഹത്തിലൂടെ ഒന്നാകുന്ന അദ്വൈതത്തിന്റെ ആവിഷ്കാരം ശ്രദ്ധിക്കുക; “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമാണ്” (v.20). സ്നേഹത്തിന്റെ ആന്തരിക ഉള്ളടക്കമാണ് വരികളിൽ അടങ്ങിയിരിക്കുന്ന ഭാവം. ‘ഉള്ളിൽ’, ‘പൂർണമായും മുഴുകിയ’, ‘ഒന്നായ’, ‘ദൃഢമായ’ എന്നീ അർത്ഥതലങ്ങൾ ഒരു വൈഡൂര്യം പോലെ വരികളിൽ പ്രകാശിക്കുന്നുണ്ട്.

യേശു ഒരു ഇടം അന്വേഷിക്കുകയാണ്, ഹൃദയത്തിൽ ഒരു ഇടം. യേശു എന്ന മുന്തിരിച്ചെടിയിലെ ഒരു ശാഖയാണ് നീ. ആ നീരുറവയിലെ ഒരു തുള്ളിയാണ്, ആ സൂര്യനിലെ ഒരു രശ്മിയാണ്, ആ മൂശാരിയിലെ ഒരു തീപ്പൊരിയാണ്, ആ ഇളംകാറ്റിലെ പ്രാണവായുവാണ് നീ. അതുകൊണ്ടാണ് അവൻ പറയുന്നത്, “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല” (v.18). അവനിൽ നിന്നും നിന്നെ വിഭജിക്കാനോ മാറ്റുവാനോ ആർക്കും സാധിക്കില്ല. കീഴടക്കേണ്ട ഒരു സാന്നിധ്യമല്ല ക്രിസ്തു. എത്തിപ്പെടേണ്ട ഒരു ലക്ഷ്യവുമല്ല അവൻ. നിന്റെ ഉള്ളിലെ ചോദനയാണവൻ. നിന്റെ ഉണ്മയുടെ സ്പന്ദനമാണവൻ. അതുകൊണ്ട്, നിന്റെ ഉള്ളിലെ അവന്റെ സാന്നിധ്യത്തെ ആദ്യം കണ്ടെത്തുക. എന്തിനു അവനെ പുറത്ത് അന്വേഷിക്കണം?

വിശ്വാസം എന്നത് പലർക്കും പൂർത്തീകരിക്കാൻ പറ്റാതെ പോയ ആഗ്രഹം പോലെ സംഘർഷാത്മകമോ നഷ്ടപ്പെട്ട നല്ല ദിനങ്ങളുടെ ഓർമ്മ പോലെയോ ആണ്. ഈ മനോഭാവത്തെയാണ് യേശു തകിടം മറിക്കുന്നത്. ശൂന്യതയില്ലല്ല അവൻ നമ്മുടെ വിശ്വാസത്തിന് അടുത്തറയിടുന്നത്. പൂർണ്ണതയിലാണ്. ഇന്നലെയിലല്ല, ഇന്നിലാണ് വിശ്വാസം നിലനിൽക്കുന്നത്. ഗൃഹാതുരതയിലല്ല, സ്നേഹത്തിലാണ് വിശ്വാസത്തിന്റെ ജീവശ്വാസം. പാരമ്പര്യത്തിലല്ല, പ്രവർത്തിയിലാണ് വിശ്വാസത്തിന്റെ തായ് വേര്. എല്ലാത്തിനേക്കാളുമുപരി ദൈവമെന്ന നിത്യതയിലാണ് നമ്മളും നമ്മുടെ വിശ്വാസവും നിലനിൽക്കുന്നത്. അമ്മയുടെ ഉദരത്തിനുള്ളിലെ കുഞ്ഞ് എന്നപോലെ ദൈവത്തിൽ വസിക്കുന്നവരാണ് നമ്മൾ. കുഞ്ഞിന് അമ്മയെ കാണാൻ സാധിക്കില്ല. പക്ഷേ അമ്മയുടെ സാന്നിധ്യം നല്ലതുപോലെ അനുഭവവേദ്യമാകും. ആ സാന്നിധ്യം കുഞ്ഞിനെ ആവരണം ചെയ്യുന്നുണ്ട്, ചൂട് പകരുന്നുണ്ട്, പരിപാലിക്കുന്നുണ്ട്, താരാട്ടുന്നുണ്ട്.

ദൈവത്തിന് എന്താണ് ജോലി? ചോദ്യം ബാലിശമാണ്. പക്ഷേ ഉത്തരം ഗൗരവമുള്ളതു തന്നെയാണ്. ജീവൻ നൽകുക. ജീവിപ്പിക്കുക. യേശുവിനെ സംബന്ധിച്ച് ഇതൊരു മാനിയ തന്നെയായിരുന്നു. ജീവൻ നൽകുക എന്ന പ്രവർത്തിയല്ലാതെ മറ്റെന്ത് പ്രവർത്തികളാണ് അവൻ ചെയ്തിട്ടുള്ളത്, പറഞ്ഞിട്ടുള്ളത്, ചിന്തിച്ചിട്ടുള്ളത്? ‘ജീവൻ’, ‘സ്നേഹം’ ഇവകളെ രണ്ടിനെയും ഒരിക്കലും മാറ്റിനിർത്താൻ സാധിക്കില്ല. അതുകൊണ്ട് നീ അറിഞ്ഞിരിക്കണം വിശ്വാസത്തെ സംബന്ധിച്ചുള്ള ഏറ്റവും ആത്യന്തികമായ ചോദ്യം മാനുഷികതയെ തൊടുന്ന തരത്തിലുള്ളതായിരിക്കുമെന്ന്. വിശപ്പ്, ദാഹം, ഒറ്റപ്പെടൽ, നഗ്നത, രോഗാവസ്ഥ, തടങ്കൽ തുടങ്ങിയ മാനുഷീക നൊമ്പരങ്ങൾ ദൈവ നൊമ്പരങ്ങളുമാണ് (cf. മത്താ 25:31-40) അവിടെയാണ് നിന്റെ വിശ്വാസം ജീവനായി, സ്നേഹമായി പകർന്നു നൽകേണ്ടത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker