Articles

നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം

"സഭ" എന്നാൽ ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എല്ലാ വിശ്വാസികളുടെയും കൂട്ടായ്മയാണ്...

ജോസ് മാർട്ടിൻ

ആഗോള കത്തോലിക്കാ തിരുസഭ നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മ ദിനമായി ആചരിക്കുമ്പോൾ, “സഭ” എന്നാൽ ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എല്ലാ വിശ്വാസികളുടെയും കൂട്ടായ്മയാണെന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുകയാണ്.

റോമന്‍ രക്തസാക്ഷിത്വ വിവരണത്തില്‍ പറയുന്നതിങ്ങനെ: “നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസംആചരിക്കുന്നത്”.

നമ്മുടെ അമ്മയായ തിരുസഭ എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും, തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു”. ഈ ദിവസങ്ങളിൽ (നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ) വിശ്വാസികള്‍ വിശുദ്ധ കുർബാന അർപ്പിച്ച് സിമിത്തേരിയില്‍ പോയി പ്രാർത്ഥിച്ചാൽ നമ്മെ വിട്ടുപിരിഞ്ഞവർക്ക് സമ്പൂര്‍ണ്ണ ദണ്ഠവിമോചനം ലഭിക്കുമെന്ന് തിരുസഭ പഠിപ്പിക്കുന്നു (സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥനാപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക്‌ വേണ്ടി മാത്രമാണ്).

സമ്പൂര്‍ണ്ണ പാപമോചനത്തിനായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍
(1)കുമ്പസാരം
(2)കുര്‍ബ്ബാന സ്വീകരണം
(3)പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
(അതോടൊപ്പം ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്)

ചരിത്രം
മരിച്ചവര്‍ക്കായുള്ള വിശുദ്ധ കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ്‌ സഭയിൽ തുടങ്ങിയതെങ്കിലും, ക്ലൂണി സഭയുടെ നാലാമത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മ ദിവസം എന്ന ആശയം കൊണ്ടു വന്നത്. അദ്ദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2-ന് അതായത് സകല വിശുദ്ധരുടേയും തിരുനാൾ ദിവസം കഴിഞ്ഞ് വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു.

ബെനഡിക്റ്റ് പതിനഞ്ചാമൻ പാപ്പയുടെ വാക്കുകൾ: ശുദ്ധീകരണ സ്ഥലത്ത് ഒരാത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നാഗ്രഹിച്ചുകൊണ്ട്, എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാൻ ഒരമ്മയുടെ ശ്രദ്ധയോടെ തിരുസഭ പരിശ്രമിക്കുന്നു.

നമ്മളിൽ നിന്ന് വേർപെട്ട് ശുദ്ധീകരണ സ്ഥലത്ത് വസിക്കുന്ന, നമ്മുടെ പ്രാർത്ഥനാ സഹായങ്ങൾ ആവശ്യമായ എല്ലാ ആത്മാക്കളുടേയും നിത്യരക്ഷക്കായി നമുക്ക് കർത്താവിനോട് അപേക്ഷിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker