Daily Reflection

നമ്മൾ ദൈവത്തിന്റെ പ്രവർത്തിചെയ്യുന്ന കൂദാശകൾ

യേശു ചെയ്ത പ്രവർത്തികൾ നമ്മൾ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് ദൈവത്തിലേക്കുള്ള വഴികളായി മാറും...

“നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ലെങ്കിലും എന്റെ നല്ല പ്രവർത്തികളിൽ വിശ്വസിക്കുവിൻ, അപ്പോൾ പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്നു നിങ്ങൾ അറിയുകയും ആ അറിവിൽ നിങ്ങൾ നിലനിൽക്കുകയും ചെയ്യും” (യോഹ. 10:38). യേശുവിനെ എറിയാൻ കല്ലുകൾ എടുത്ത യഹൂദരോടാണ് യേശു ഇങ്ങനെ പറയുന്നത്. കല്ലുകൾ എടുക്കാൻ കാരണം അവൻ തന്നെത്തന്നെ ദൈവമെന്ന് ആരോപിച്ചുവെന്ന കുറ്റംകൊണ്ടാണ്. അവർ അതിനെ ദൈവദൂഷണമായി കണക്കാക്കി.

ഇതിനെ യേശു മൂന്നു രീതിയിൽ വിശദീകരിച്ചുകൊടുക്കുന്നു:

1) ഒന്നാമതായി സങ്കീർത്തനം 82:6 ഉദ്ധരിച്ചുകൊണ്ടാണ് അതിനെ ന്യായീകരിക്കുന്നത്. അവിടെ വചനം പഠിപ്പിക്കുന്നു, “നിങ്ങൾ ദൈവങ്ങളാണ്, നിങ്ങൾ അത്യുന്നതന്റെ മക്കളാണ്”. അങ്ങിനെ വിളിക്കാൻ കാരണം, അതിനു തൊട്ടു മുമ്പത്തെ വാക്യങ്ങൾ ഉത്തരം നൽകുന്നു. “ദുർബലർക്കും അനാഥർക്കും നീതിപാലിച്ചുകൊടുക്കുവിൻ; പീഢിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചുകൊടുക്കുവിൻ. ദുർബലരേയും പാവപ്പെട്ടവരെയും രക്ഷിക്കുവിൻ, ദുഷ്ടരുടെ കെണികളിൽ നിന്നും അവരെ മോചിപ്പിക്കുവിൻ” (സങ്കീ. 82:3-4). എന്നുപറഞ്ഞാൽ പാവപ്പെട്ടവർക്കും, ദുർബലർക്കും രക്ഷകനായി വരുന്ന എല്ലാ മനുഷ്യരെയും ദൈവങ്ങളെന്നു വിളിച്ചിരുന്നു. ആ അർത്ഥത്തിൽ ഈ സങ്കീർത്തനത്തിന്റെ പൂർത്തീകരണമായി ലോകത്തിനു രക്ഷകനായി അവതരിക്കുന്നവൻ യഥാർത്ഥത്തിൽ ദൈവം തന്നെയെന്ന് അവർ തിരിച്ചറിയുന്നില്ല. ബൈബിളിന്റെ വെളിച്ചത്തിൽ ശത്രുവെന്നു പറയുന്നത് പിശാചിനെയും കൂടിയാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ, തിന്മയെ വിജയിക്കാനാണ് രക്ഷകൻ കുരിശിലേറുന്നത്. ജെറമിയ 20:13-ൽ പറയുന്നത് യേശുവിന്റെ ഈ രക്ഷാകര പ്രവർത്തിയെക്കുറിച്ചാണ്, “അവൻ ദുഷ്ടരുടെ കയ്യിൽ നിന്നും ദരിദ്രരുടെ ജീവനെ രക്ഷിച്ചു”. ശത്രുവിനെ വിജയിക്കാൻ ജനിച്ചവനെ അവർ തിരിച്ചറിയുന്നില്ല.

കൂടാതെ ഇവിടെ യഹൂദർക്കുള്ള വിമർശനം കൂടിയുണ്ട്. കാരണം യഹൂദ പ്രമാണികളും, പുരോഹിതന്മാരുമൊക്കെ തങ്ങളെത്തന്നെ ദൈവങ്ങൾ എന്നുവിളിച്ചിരുന്നു, വിളിപ്പിച്ചിരുന്നു. ദുർബലരേയും പാവപ്പെട്ടവരെയും പീഡിപ്പിച്ചുകൊണ്ടാണ് അവർ ഈ പേരിനു അർഹരാകാൻ ശ്രമിച്ചിരുന്നത്. അവർക്കുള്ള ഒരു സ്വയം വിലയിരുത്തലിന്റെ സമയം കൂടിയാണിത്.

2) ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെയും ദൈവങ്ങൾ എന്ന് അവൻ വിളിച്ചു. (യോഹ. 10:35) ഇവിടെയും അവർക്കുള്ള ഒരു വിമർശനമാണ്. “വിശുദ്ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ” (യോഹ. 10:35-b). യേശു സങ്കീർത്തനം ഉദ്ധരിച്ച് അവർ പറഞ്ഞ വാക്കുകൾക്ക് മറുപടികൊടുക്കുമ്പോൾ അവന്റെ ജീവിതം തന്നെ വചനത്തിന്റെ പൂർത്തീകരണമാണെന്ന് അവൻ വിശദീകരിക്കുന്നു. പക്ഷെ അവരുടെ അടുത്തേക്കുവന്ന വചനം മാംസം ധരിച്ച ക്രിസ്തുവിനെ അവർ തിരിച്ചറിയുന്നില്ല. കാരണം അവർ യഥാർത്ഥത്തിൽ വചനം സ്വീകരിച്ചിട്ടില്ല, വചനം അവരുടെ അടുത്തേക്ക് അവരുടെ ജീവിതത്തെ മാറ്റുന്നവിധത്തിൽ അവരുടെ അടുത്തേക്ക് വന്നിട്ടില്ല. അവ വചനത്തിൽനിന്നും അകലെയാണ് ഇപ്പോഴും ജീവിക്കുന്നതെന്ന സത്യം യേശു അവരെ ഓർമ്മപെടുത്തുകയാണ്.

3) യേശു പറയുന്നു, “നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ലെങ്കിലും എന്റെ നല്ല പ്രവർത്തികളിൽ വിശ്വസിക്കുവിൻ, അപ്പോൾ പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്നു നിങ്ങൾ അറിയുകയും ആ അറിവിൽ നിങ്ങൾ നിലനിൽക്കുകയും ചെയ്യും” (യോഹ. 10:38). കാരണം യേശു ചെയ്യുന്ന പ്രവർത്തികൾ ദൈവത്തിന്റെ അടയാളങ്ങളാണ്. ഇവിടെ യേശുവിന്റെ പ്രവർത്തിയെന്നു പറയുന്നത്, അത്ഭുതങ്ങൾ മാത്രമല്ല, യേശുവിന്റെ ജീവിതം തന്നെയാണ്. യേശുവിന്റെ ജീവിതം തന്നെ ദൈവത്തിന്റെ ഈ ഭൂമിയിലെ ജീവിക്കുന്ന അടയാളമാണ്. ആ അടയാളം കണ്ടിട്ടും അവർ വിശ്വസിക്കുന്നില്ല. ആ അടയാളമായ ക്രിസ്തുവിനെയും അവന്റെ എല്ലാ പ്രവർത്തികളെയും വിശ്വസിക്കുന്നവർക്ക് മനസിലാകും അവൻ പിതാവിലും പിതാവ് അവനിലുമാണ് വസിക്കുന്നെതെന്ന്. കൂടാതെ ആ അറിവിൽ നിലനിൽക്കുവാനും സാധിക്കും. ‘നിലനിൽക്കുക’, എന്നാൽ ഈ ബന്ധത്തിൽ ജീവിക്കുകയെന്നാണർത്ഥം. അതായത്, ആ ബന്ധത്തിൽ ജീവിക്കുകയെന്നാൽ, അവൻ ചെയ്ത പ്രവർത്തികളിൽ ജീവിക്കയെന്നർത്ഥം. അപ്പോൾ ജെറമിയ പറഞ്ഞ വാക്കുകൾ പൂർത്തിയാകും, “വീരയോദ്ധാവിനെപോലെ കർത്താവു എന്റെ പക്ഷത്തുണ്ട്” (ജെറ. 20:11). ദൈവത്തിന്റെ വാക്കുകൾ അനുസരിച്ചു ജീവിക്കുന്നവൻ ഈ ലോകത്തിൽ ദൈവത്തിന്റെ തന്നെ അടയാളമാണ്. അവനെ സംരക്ഷിക്കാൻ ദൈവം ഒരു വീരയോദ്ധാവിനെ പോലെയുണ്ട്, കാരണം, ദൈവത്തിന്റെ പ്രവർത്തികൾചെയ്യുന്നതുവഴി ആ പ്രവർത്തികൾതന്നെ ഒരു പരിചയായി നിലനിൽക്കും.

രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ ‘ക്രിസ്തുവിലൂടെ ദൈവത്തിന്റെ കൂദാശ അഥവാ അടയാളം’ എന്ന് വിളിക്കുന്നു. എന്ന് പറഞ്ഞാൽ സഭയും സഭയിലെ മക്കളും ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുമ്പോൾ, വചനം ജീവിക്കുമ്പോൾ നമ്മൾ ക്രിസ്തു ചെയ്ത അടയാളങ്ങൾ ഈ ഭൂമിയിൽ ചെയ്യുന്നു, അതുവഴി ക്രിസ്തുവിലൂടെ നമ്മൾ ദൈവത്തിന്റെ കൂദാശകൾ അഥവാ അടയാളങ്ങളായി മാറുന്നു.

ജീവിതത്തിനു ക്രിസ്തു നൽകുന്ന മൂനുവെല്ലുവിളികൾ:

1) ദുർബലർക്കും അനാഥർക്കും ദൈവത്തിന്റെ നീതി നടപ്പാക്കികൊടുക്കുക. ദുർബലരും അനാഥരും പാവപ്പെട്ടവരും എന്ന് പറഞ്ഞാൽ ദൈവത്തെ അറിയാത്തവരും, അവിടുത്തെക്കുറിച്ചുള്ള അറിവിൽ പാവപ്പെട്ടവരുമായവർ. അവർക്കു ദൈവത്തിന്റെ പ്രവർത്തികൾ, അടയാളങ്ങൾ കാണിച്ചുകൊടുക്കുക.

2) ദൈവചനം അവതരിച്ച ക്രിസ്തുവിനെപോലെ വചനം ഈ ഭൂമിയിൽ നമ്മുടെ പ്രവർത്തികളിലൂടെ അവതരിക്കണം. അപ്പോൾ നമ്മളും ദൈവത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായി മാറും.

3) യേശു ചെയ്ത പ്രവർത്തികൾ നമ്മൾ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് ദൈവത്തിലേക്കുള്ള വഴികളായി മാറും.
അപ്പോൾ നമ്മളും “നിങ്ങൾ ദൈവങ്ങളാകും, നമ്മൾ അത്യുന്നതന്റെ മക്കളാകും, അവിടുത്തെ ജീവിക്കുന്ന കൂദാശകളാകും”.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker