Sunday Homilies

നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്?

നമ്മുടെ ആര്‍പ്പുവിളികള്‍ യേശുവിനു വേണ്ടിയാണോ? യേശുവിനെതിരെയാണോ?

കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ കുരുത്തോല ഞായറാഴ്ച

സുവിശേഷം : വി. ലൂക്ക 19:28-40

ദിവ്യബലി വായനകൾ

ഒന്നാം വായന : ഏശ. 50:4-7
രണ്ടാം വായന : ഫിലി. 2:6-11
സുവിശേഷം : വി. ലൂക്ക 22:14-23:56

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

‘വിശുദ്ധവാരത്തിലേക്കുളള വാതില്‍’ എന്ന് വിശേഷിപ്പിക്കാറുളള “ഓശാന ഞായറി”ലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ ആരാധനാ ക്രമത്തില്‍ ഈ ഞായറിനെ ‘കര്‍ത്താവിന്റെ പീഡാനുഭവത്തിന്‍റെ കുരുത്തോല ഞായറാഴ്ച’ എന്നു വിശേഷിപ്പിക്കുന്നു. കുതിരയും ചെങ്കോലും കിരീടവും മേലങ്കിയും ഇല്ലാത്ത ഒരു രാജാവ് കഴുതക്കുട്ടിയുടെ പുറത്ത് വിനയാന്വിതനായി, നന്മയുടെ ചെങ്കോലും സ്നേഹത്തിന്റെ മേലങ്കിലും സാഹോദര്യത്തിന്റെ കിരീടവുമണിഞ്ഞ്, ജനമനസുകളിലെ നിരത്തുകളിലൂടെ സമാധാനത്തിന്‍റെ രാജാവായി പ്രവേശിക്കുന്നു. ഈ കുരുത്തോല ഞായറിനെ നമുക്ക് വിചിന്തന വിധേയമാക്കാം.

കര്‍ത്താവിന് ഇതിനെക്കൊണ്ടാവശ്യമുണ്ട്:

തനിക്കു സഞ്ചരിക്കാനുളള കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍ ആരെങ്കിലും അതിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ അതിന് മുറുപടിയായി പറയാന്‍ ശിഷ്യന്മാര്‍ക്ക് യേശു പറഞ്ഞുകൊടുക്കുന്ന ഉത്തരമാണ് ‘കര്‍ത്താവിന് ഇതിനെക്കൊണ്ടാവശ്യമുണ്ട്’. കര്‍ത്താവിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ? എന്ന് നാം ഓരോരുത്തരും ചോദിക്കണം. നമ്മുടെ ആത്മീയ ജീവിത യാത്രയില്‍ നാം നിരന്തരം ചോദിക്കേണ്ട ചോദ്യമാണിത്. നാം ഏത് ജീവിതാവസ്ഥയില്‍ ആണെങ്കിലും കര്‍ത്താവിന് എന്നെക്കൊണ്ട് ആവശ്യമുണ്ടോ? ആവശ്യമുണ്ടെങ്കില്‍, എന്താണ് ആ ആവശ്യം? ആ ആവശ്യം നിറവേറ്റാന്‍ തയ്യാറാണോ? യേശുവിനെ വഹിക്കാന്‍ നാം ഒരുക്കമാണെങ്കില്‍, നമ്മുടെ ജീവിതവും ജെറുസലേമിലെ സാഘോഷ പ്രവേശനം പോലെ മനോഹരമാകും. ആര്‍പ്പു വിളികളും ജയഘോഷവും ഹൃദ്യമായ സ്വീകരണവും ആത്മീയ ജീവിതത്തില്‍ ഉണ്ടാകും. നാം യേശുവിന് സഞ്ചരിക്കാന്‍ നമ്മുടെ ജീവിതം നല്‍കണമെന്നു മാത്രം. ജനങ്ങള്‍ നല്‍കിയ സ്വീകരണം കണ്ട് പിറ്റേ ദിവസം യേശു ഇല്ലാതെ ജെറുസലേം നഗരത്തിലേക്ക് അതേ വഴിയിലൂടെ വന്ന കഴുതയുടെ കഥ നമുക്കെല്ലാവര്‍ക്കും അറിയാം. അവന്‍ സ്വീകരിക്കപ്പെടുകയല്ല ആട്ടിപ്പായിക്കപ്പെടുകയാണ് ചെയ്തത്. യേശുവില്ലാത്ത ക്രിസ്ത്യാനിയുടെ ജീവിതവും അപ്രകാരമായിരിക്കും.

നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്?

‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗ്രഹീതന്‍ സ്വര്‍ഗ്ഗത്തില്‍ സമാധാനം. അത്യുന്നതങ്ങളില്‍ മഹത്വം’ എന്ന് അവര്‍ ആര്‍ത്തുവിളിച്ചു. യേശുവിന്റെ ജനന സമയത്ത് മാലാഖമാരുടെ സ്തുതി ഗീതങ്ങള്‍ക്കു തുല്യമായ വാക്യങ്ങളാണിത്. യേശുവിന്‍റെ ജീവിതവും വാക്കുകളും പ്രവര്‍ത്തിയും എല്ലാറ്റിനുമുപരി അവന്‍ ചെയ്ത അത്ഭുതങ്ങളും കണ്ട് അവന്‍റെ ശിഷ്യഗണവും ജനക്കൂട്ടവും ആര്‍ത്തുവിളിച്ചുവെന്ന് സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ചരിത്ര സംഭവം കഴിഞ്ഞ് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇത് അനുസ്മരിക്കുമ്പോള്‍ നമുക്ക് വിചിന്തന വിധേയമാക്കേണ്ടത് നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയുളളവയാണ് എന്നതാണ്. കായിക മേഖലയിലും സിനിമാ ലോകത്തും ആര്‍പ്പുവിളികള്‍ ഉണ്ട്. നമ്മുടെ ആര്‍പ്പുവിളികള്‍ ആര്‍ക്കുവേണ്ടിയാണ്. സമൂഹ മാധ്യമങ്ങളില്‍ ഏതെങ്കിലും ഒരു കാര്യത്തെ അനുകൂലിച്ചു കൊണ്ട് ശബ്ദമില്ലാതെ എന്നാല്‍ വാക്കുകള്‍ കൊണ്ട് ആര്‍പ്പുവിളിക്കുന്നവരുണ്ട്. നമുക്കു ചിന്തിക്കാം നമ്മുടെ ആര്‍പ്പുവിളികള്‍ യേശുവിനു വേണ്ടിയാണോ? യേശുവിനെതിരെയാണോ? സഭയ്ക്കു വേണ്ടിയാണോ? അതോ സഭയ്ക്ക് എതിരെയുളള ആക്രോശങ്ങളാണോ?

യേശുവിന്‍റെ രാജകീയ പ്രവേശനത്തില്‍ സന്തോഷിച്ച് അവന്റെ ശിഷ്യഗണവും അവനെ സ്നേഹിക്കുന്നവരും ആര്‍പ്പുവിളിച്ചപ്പോള്‍ യേശുവിനെ വെറുക്കുന്നവരും അവനോട് അസൂയ ഉളളവരും ദുഃഖിതരാകുന്നു. എന്നാല്‍, പിന്നീട് യേശു പിടിക്കപ്പെടുമ്പോള്‍ യേശുവിനെ സ്നേഹിച്ചവര്‍ ദുഃഖിക്കുകയും അവന്‍റെ ശത്രുക്കള്‍ സന്തോഷിക്കുകയും “അവനെ ക്രൂശിക്കുക” എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇത്തരത്തിൽ തത്തുല്യമായ ഒരു അവസ്ഥയിലൂടെ നാമും കടന്നുപോയിട്ടുണ്ട്. നമ്മെ സ്നേഹിക്കുന്നവരും, നമ്മോടു വെറുപ്പുളളവരും, നമ്മുടെ ജയപരാജയങ്ങളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍, കുരിശില്‍ കിടന്നുകൊണ്ട് യേശു എല്ലാവരോടും ക്ഷമിക്കുന്നു.

ഓശാന ഞായര്‍ പ്രദക്ഷിണവും, കുരിശിന്റെ വഴിയും, യേശു കടന്നുപോയ നമ്മുടെ ജീവിത വഴികള്‍ തന്നെയാണ്. ഈ രണ്ട് വഴികളിലൂടെയും സഞ്ചരിച്ചുകൊണ്ട് നമ്മുടെ ജീവിത യാത്രയ്ക്ക് അവന്‍ മാതൃക നല്‍കുന്നു. നമുക്ക് അവനെ അനുഗമിക്കാം.

ആമേന്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker