Daily Reflection

നമ്മിലെ  കുറവുകൾ അംഗീകരിച്ച്, അവ  പരിഹരിക്കണം 

നമ്മിലെ  കുറവുകൾ അംഗീകരിച്ച്, അവ  പരിഹരിക്കണം 

2 രാജാ.- 17:5-8,13-15,18
മത്താ.- 7:1-5

“ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.”

മറ്റുള്ളവരുടെ കുറവുകളും, കുറ്റങ്ങളും കണ്ടുപിടിക്കാൻ ആവേശം കാണിക്കാതെ നമ്മുടെ സ്വന്തം കുറ്റങ്ങളും, കുറവുകളും കണ്ടുപിടിക്കാൻ ആവേശം കാണിക്കണം. മറ്റുള്ളവരുടെ നിസ്സാരമായ കുറവുകൾ കണ്ടുപിടിക്കാൻ കാണിക്കുന്ന പകുതി താല്പര്യം നമ്മുടെ കുറവുകൾ കണ്ടുപിടിക്കാൻ ഉപയോഗിച്ചാൽ നന്മ നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കും. ഒരു കൈയില്ലാത്തവൻ വിരലില്ലാത്തവനേ കുറ്റം പറയുന്ന അധമ സംസ്കാരം നാം മാറ്റുമ്പോൾ വ്യക്തിപരമായും, സമൂഹപരമായും വളർച്ച  ഉണ്ടാകും.

സ്നേഹമുള്ളവരെ, സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ നാം ശ്രമിക്കാറില്ല. ആയതിനാൽ സ്വന്തം കുറവുകൾ കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവ സമൂഹത്തിലേക്ക് വലിച്ചെറിയുന്നതിൽ  നാം വളരെയധികം സന്തോഷം കണ്ടെത്തുന്നു. നീചവും, മനുഷ്യത്വം ഇല്ലാത്തതുമായ ഒരു പ്രവർത്തനമാണിത്.

നമ്മുടെ കുറവ് കണ്ടുപിടിച്ച് അവ പരിഹരിക്കുമ്പോൾ മറ്റുള്ളവരുടെ കുറവല്ല മറിച്ച് നന്മ കാണാനായി സാധിക്കും. ആദ്യം നമ്മുടെ കുറവുകൾ നാം അംഗീകരിച്ചാൽ മാത്രമേ അവ പരിഹരിക്കാനായി കഴിയുകയുള്ളു. മറ്റുള്ളവരുടെ കുറവുകൾ അന്വേഷിച്ചു പോകുമ്പോൾ നമ്മുടെ കുറവുകൾ അംഗീകരിക്കാനോ, പരിഹരിക്കാനോ സാധിക്കാതെ മനുഷ്യത്വം നഷ്ടപെട്ടവരായി ജീവിക്കേണ്ടിവരും. മറ്റുള്ളവരുടെ കുറവുകൾ കണ്ടുപിടിച്ച് അവയിൽ സന്തോഷിക്കാതേ; സ്വന്തം കുറവുകൾ അംഗീകരിച്ച് അവ പരിഹരിക്കുന്ന  മനുഷ്യത്വമുള്ള വ്യക്തികളെയാണ് ഈ ലോകത്തിന് ആവശ്യം. ആയതിനാൽ ആദ്യം നമ്മുടെ കണ്ണിലെ  തടിക്കഷണം എടുത്തുമാറ്റിയിട്ട് മറ്റുള്ളവരുടെ നന്മ കാണാനായി ശ്രമിക്കാം.

കാരുണ്യനാഥ, നമ്മുടെ  കുറവുകൾ മനസ്സിലാക്കി അവ പരിഹരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker