ധന്യനായ മാർ തോമസ് കുര്യാളശേരി നൽകുന്നത് ഒരു തിരിഞ്ഞു നോട്ടത്തിന്റെ കാലം
ഇത് തിരിച്ചറിവിന്റെ കാലം - തിരിഞ്ഞു നോട്ടത്തിന്റെ അവസരം - ആത്മ നവീകരണത്തിന്റെ ആഹ്വാനം...
സി.അനിസ് ആലപ്പാട്ട് SABS
ആധുനികതയും പുത്തൻ സംസ്കാരവും ധാർമിക മൂല്യങ്ങളെ കാറ്റിൽ പറത്തി ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായി തീരുമ്പോൾ, അധാർമിക ജീവിതം സമൂഹത്തിന്റെ ഭാഗമാക്കിമാറ്റിയ മനുഷ്യൻ ഇന്ന് ഒരുയാഥാർത്ഥ്യം തിരിച്ചറിയുന്നു – ഇന്ന് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടത് ജീവനാണ്. പ്രൗഢിയും, പ്രതാപവും, സ്വന്തമെന്ന് കരുതിയതുമെല്ലാം കൊറോണ വൈറസിനു മുമ്പിൽ അടിയറവ് വെയ്ക്കപ്പെട്ടപ്പോൾ, ഒരു നിമിഷം കൂടി ജീവിക്കാൻ വ്യാമോഹിക്കുന്ന മനുഷ്യൻ. ‘ലോകത്തിന്റെ നശ്വരത’ എന്തെന്ന് കൺതുറക്കെ കാണാൻ നമുക്ക് കഴിഞ്ഞെങ്കിൽ!
അസ്തമയ സൂര്യന്റെ വിടവാങ്ങലിൽ ലോകത്തിന്റെ നശ്വരത കണ്ട ഒരു പുണ്യാത്മാവായിരുന്നു ധന്യനായ മാർ തോമസ് കുര്യാളശേരി. ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനും, ആരാധന സന്യാസിനീ സമൂഹ സ്ഥാപകനുമായ അഭിവന്ദ്യ കുര്യാളശേരി പിതാവിന്റെ ചരമവാർഷികം ഇന്ന് അനുസ്മരിക്കുന്നു. ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറി, മറ്റുള്ളവരുടെ വേദനയും ദുഖവും പ്രശ്നങ്ങളും സ്വന്തം ഹൃദയത്തിൽ ഒപ്പിയെടുത്ത്, ദിവ്യകാരുണ്യ ആരാധനയിൽ എല്ലാറ്റിനും പരിഹാരം കണ്ടെത്തിയ ക്രാന്തദർശിയായിരുന്നു പിതാവ്. സമൂഹത്തിനു വേണ്ടി തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകുവാൻ ഒരു സന്യാസിനീ സമൂഹത്തെ സ്ഥാപിക്കുമ്പോൾ വരുംനാളുകളിലേയ്ക്ക് ദൈവമൊരുക്കിയ പാതവെട്ടിത്തെളിക്കുകയായിരുന്നു.
ജനങ്ങളെ ദുഃഖത്തിലാഴ്ത്തിയ എടത്വായിലെ കോളറ ബാധിത പ്രദേശങ്ങളിൽ, വി.കുർബാനയെ കാര്യങ്ങളിലും, ഹൃദയത്തിലും വഹിച്ചുകൊണ്ട് പിതാവുനടന്നുനീങ്ങിയപ്പോൾ കോളറ എന്ന മഹാമാരി നിർവീര്യമാക്കപ്പെട്ടു എന്നത് ചരിത്രത്തിൽ അവശേഷിക്കുന്ന യാഥാർഥ്യമാണ്. ഇന്ന് ബലിവേദികൾ ദൈവജനത്തിനു മുൻപിൽ അടക്കപെട്ടപ്പോൾ, ദൈവജനമില്ലാതെ ബലിയർപ്പിക്കപ്പെട്ടപ്പോൾ, ദിവ്യകാരുണ്യം ഹൃദയത്തിൽ വഹിച്ചുകൊണ്ട് നമുക്കും ചുറ്റുമുള്ളവർക്ക് സൗഖ്യവും സമാധാനവും നൽകാനുള്ള ആഹ്വാനമാണ് അഭിവന്ദ്യ കുര്യാളശേരി പിതാവിന്റെ സ്മരണ നമ്മിലുണർത്തുന്നത്. വിശുദ്ധ കുർബാനയിൽ ജീവിതസാക്ഷാത്കാരം കണ്ടെത്തിയ അദ്ദേഹം വിശുദ്ധ കുർബാനയുടെ ഒരുപാസകനായിരുന്നു എന്നതിൽ സംശയമില്ല.
പ്രതിബന്ധങ്ങളിലുംപ്രതികൂലസാഹചര്യങ്ങളിലും വിശുദ്ധ കുർബാനയാണെന്റെ ശക്തി എന്ന് ജീവിതം കൊണ്ടുതെളിയിച്ച പിതാവ് തന്റെ 52-Ɔο വയസിൽ ഇഹലോകവാസം വെടിയുമ്പോൾ അവശേഷിപ്പിച്ച് പോയത് ‘വിശുദ്ധ കുർബാനയ്ക്കുമുമ്പിൽ മാധ്യസ്ഥം വഹിക്കാൻ, ആ ചൈതന്യം ഏറ്റുവാങ്ങാൻ, സാക്ഷ്യമാവാനുള്ള’ വലിയ പാഠമാണ്.
ഇന്ന് കൊറോണാ മഹാമാരിയുടെ വേദനയിലും, ദുഖത്തിന്റെയും, മരണത്തിന്റെയും താഴ്വരയിലും ആയിരിക്കുമ്പോഴും; കഴിഞ്ഞ നൂറ്റാണ്ടുകളിൽ പലപ്പോഴായി കടന്നുവന്ന മഹാമാരികളെ നേരിട്ട്, മറ്റുള്ളവർക്കായി ജീവൻ വെടിഞ്ഞ വിശുദ്ധാത്മാക്കൾ ജീവിച്ചിരുന്ന ഈ മണ്ണിൽ ആയിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ – വിളിയുടെ – വിശുദ്ധിയുടെ വിവിധ തലങ്ങൾ നമുക്ക് മുൻപിൽ അനാവൃതമാക്കപ്പെടുന്നില്ലേ? ലോകം മുഴുവൻ നിർവചിക്കാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സുരക്ഷിത വലയമൊരുക്കി നമ്മെ കാത്തുപരിപാലിക്കുന്ന ദൈവീക പദ്ധതിയെ കാണാതിരിക്കാനാവുമോ? സമൂഹത്തിലേക്ക് മിഴി തുറക്കാൻ, അപരനിലേയ്ക്ക് കരം തുറക്കാൻ, സഹാനുഭൂതിയുടെ ഹൃദയമുണർത്താൻ ഇനിയും നീ വൈകരുതേ എന്നല്ലേ ഇതിന്റെ അർഥം!
വിശുദ്ധ കുർബാനയിൽ സർവവും സമർപ്പിച്ച, ദിവ്യകാരുണ്യ ആരാധനയിൽ ആത്മസാക്ഷാത്കാരം കണ്ടെത്തിയ ധന്യനായ മാർ തോമസ് കുര്യാളശേരി പിതാവിന്റെ അനുസ്മരണയ്ക്ക് മുൻപിൽ ലോകം മുഴുവനുവേണ്ടിയും മാധ്യസ്ഥം യാചിക്കുവാൻ ദിവ്യകാരുണ്യം നമ്മെ പ്രാപ്തരാക്കട്ടെ. അങ്ങനെ ഈ ദിനം കൂടുതൽ ധന്യമാവട്ടെ.
Congrats to our beloved