കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ നൂറാം ജന്മദിനം 27-ന്. 1918 ഫെബ്രുവരി 27-ന് ജർമനിയിലെ ബർലിനിൽ എവാൾഡ് താൻഹോയിസറിന്റെയും മരിയയുടെയും മൂന്നു മക്കളിൽ മൂത്തവനായ ബർണാഡ് എന്ന ഫോർത്തുനാത്തൂസ് താൻഹോയിസർ 1967 ജനുവരിയിലാണ് ഇന്ത്യയിലെത്തി കട്ടപ്പനയിൽ ആശുപത്രി ആരംഭിച്ച് സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലർ സഭയുടെ ഇന്ത്യയിലെ പ്രവർത്തനം തുടങ്ങിയത്.
രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളസേവനം നടത്തിയ ബ്രദർ ഫോർത്തുനാത്തൂസ് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായിരുന്ന കാവുകാട്ടു പിതാവിന്റെ ക്ഷണം സ്വീകരിച്ചാണ് കട്ടപ്പനയിലെത്തി ആതുരസേവനം ആരംഭിച്ചത്. ഇന്ത്യൻ പൗരത്വം സ്വീകരിച്ചു സാധുസേവന പ്രവർത്തനങ്ങൾ തുടങ്ങിയ ബ്രദർ ഫോർത്തുനാത്തൂസിനെ 1995 നവംബർ ഏഴിനു ജർമൻ പൗരന്മാർക്കുമാത്രം നൽകിയിരുന്ന ജർമൻ സർക്കാരിന്റെ ആതുര സേവനത്തിനുള്ള ജർമൻ സർവീസ് ക്രോസ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
കഠിനാധ്വാനത്തിനിടയിൽ പകർച്ചവ്യാധികളാലും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും ശാരീരികവും ആത്മീയവുമായ ശുശ്രൂഷകൾ ലഭിക്കാതെ സ്വപ്നങ്ങൾ ബാക്കിയാക്കി മണ്മറയുന്ന ഒരു ജനതയുടെ ഇടയിലേക്കായിരുന്നു ഒരു ദൈവദൂതനെപ്പോലെ ’പാവങ്ങളുടെ വല്യച്ചൻ’ കടന്നുവന്നത്.
കുടിയേറ്റ കാലത്തിന്റെ കെടുതികളിൽ നട്ടംതിരിഞ്ഞിരുന്ന ഹൈറേഞ്ചിൽ ആതുരസേവനത്തിന്റെ കുടചൂടിയ അദ്ദേഹമാണ് സെന്റ് ജോണ്‍സ് സഭയിൽ സന്യാസിനി സഭയ്ക്കും ആരംഭംകുറിച്ചത്. ആതുരസേവനത്തിനു സിസ്റ്റേഴ്സിന്റെ സേവനം ലഭ്യമാക്കാൻ 1977 സെപ്റ്റംബർ എട്ടിന് എട്ടു യുവതികളെ ചേർത്തു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസിനി സമൂഹം സ്ഥാപിച്ചു. എഫ്.സി.സി. കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ബൊറോമിയോ ആയിരുന്നു ആദ്യ സുപ്പീരിയർ. പിന്നീട് സിസ്റ്റർ സ്കൊളാസ്റ്റിക്ക എസ്.എച്ച്. നേതൃത്വം നൽകി.
ആശുപത്രിയുടെ ആരംഭകാലത്ത് പലപ്പോഴും ആശുപത്രി ഉപകരണങ്ങളും മരുന്നുകളും ബ്രദർ ഫോർത്തുനാത്തൂസ് ജർമനിയിലുള്ള സുഹൃത്തുക്കളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സൗജന്യമായി വരുത്തിയാണ് പ്രവർത്തിച്ചത്. ഇദ്ദേഹത്തിന്റെ ഓരോ കത്തുകളും പലരുടെയും ജീവിതത്തിനു കരുതലാകുകയായിരുന്നു.
സാധുജനങ്ങളോടുള്ള ബ്രദറിന്റെ കരുതലിന്റെ ഫലമായി നിർധനർക്കും നിരാലംബർക്കുമായി പ്രതീക്ഷാഭവനും തുടങ്ങി. 2005 നവംബർ 21-ന് കാലംചെയ്ത ബ്രദർ ഫോർത്തുനാത്തൂസിന്റെ 10-ാം ചരമവാർഷിക ദിനത്തിൽ ദൈവദാസനായി മാർപാപ്പയുടെ പ്രഖ്യാപനവും വന്നു.
ബ്രദർ ഫോർത്തുനാത്തൂസിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു നാളെ രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ സെന്റ് ജോണ്‍സ് കാന്പസിൽ ദൈവദാസന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള എക്സിബിഷനും രാവിലെ പത്തിന് ക്വിസ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞ് 2.30-ന് കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെല്ലൂസ് ഫാ. കുര്യൻ താമരശേരിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ പ്രാർഥനയും നടക്കുമെന്ന് പ്രൊവിൻഷ്യൽ കൗണ്‍സിലർ ബ്രദർ വിൻസന്റ് കോച്ചാംകുന്നേൽ ഒ.എച്ച്., സുപ്പീരിയർ ജനറൽ സിസ്റ്റർ മേഴ്സി തോമസ് എസ്സിജെജി, ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് പോസ്റ്റുലേറ്റർ ഫാ. ഫ്രാൻസിസ് മണ്ണാപറന്പിൽ ഒ.എച്ച്. എന്നിവർ അറിയിച്ചു.
Related