Daily Reflection

ദൈവസാന്നിധ്യമില്ലാത്ത കൂടാരങ്ങൾ

അവന്റെ സമയം കൂടാരത്തിരുന്നാളല്ല, പെസഹാതിരുന്നാളാണ്‌...

അവർക്കു തെറ്റുപറ്റി, ദുഷ്ടത അവരെ അന്ധരാക്കി. ദൈവത്തിന്റെ നിഗൂഢലക്ഷ്യങ്ങൾ അവർ അറിഞ്ഞില്ല” (ജ്ഞാനം 2:21-22). യഹൂദരുടെ കൂടാരത്തിരുന്നാൾ ദിവസം യേശുവിനെ വധിക്കാൻ അവസരം പാർത്തിരുന്ന യഹൂദജനതതിയുടെ തെറ്റും ഇതായിരുന്നു. അവർ അന്ധരായിരുന്നു, ദൈവത്തിന്റെ നിഗൂഢരഹസ്യങ്ങൾ അറിയാത്തവിധം അന്ധരായ ജനം.

കൂടാരത്തിരുന്നാൾ ദിനത്തിലാണ് യേശുവിനെ വധിക്കാൻ തിരയുന്നത്. ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും മോചിതരായി മരുഭൂമിയിലൂടെ പലായനം ചെയ്യുമ്പോൾ കൂടാരങ്ങളിൽ വസിച്ചിരുന്നതിന്റെ ഓർമ്മയ്ക്കായാണ് ഈ തിരുന്നാൾ ആഘോഷിച്ചിരുന്നത്. ദൈവത്തിനു നന്ദിയർപ്പിച്ച് കൂടാരങ്ങൾ ഉണ്ടാക്കി അതിൽ ഇരുന്നു ദൈവത്തിനു നന്ദിയർപ്പിക്കുകയും തിരുന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. കൂടാതെ ദേവാലയം ദീപങ്ങൾ കൊട് അലങ്കരിച്ചിരുന്നു. ദൈവത്തിന്റെ സാന്നിധ്യമായ കൂടാരത്തിൽ വസിച്ച് പ്രാർത്ഥിക്കുന്ന കൂടാരത്തിരുന്നാൾ ദിനം ദൈവത്തിന്റെ കൂടാരം മനുഷ്യനായി അവതരിച്ചത് തിരിച്ചറിയാതെ അവനെ വധിക്കാൻ ശ്രമിക്കുന്നു. കൂടാതെ പ്രകാശങ്ങളാൽ പൂരിതമായ ദേവാലയത്തിന്റെ പ്രകാശം ഉള്ളിൽ ഇല്ലാതെ അന്ധകാരം ഉള്ളിൽ ഉള്ളിൽ നിറഞ്ഞ ജനം. തിരുന്നാൾ ആഘോഷങ്ങളിൽ ദൈവിക സാന്നിദ്ധ്യം തിരിച്ചറിയാതെ പോകുന്ന വിരോധാഭാസം.

ജനങ്ങൾ പറയുന്നുണ്ട്, “ഇവൻ എവിടെനിന്നും വരുന്നുവെന്ന് നമുക്കറിയാം, എന്നാൽ ക്രിസ്തു എവിടെ നിന്നാണ് വരുന്നതെന്നു ആരും അറിയുകയില്ലല്ലോ” (യോഹ 7.27). യഥാർത്ഥത്തിൽ അവർ പറഞ്ഞത് അവർക്കുതന്നെ സാക്ഷ്യം നൽകുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവിനെ അവർ അറിഞ്ഞില്ല. അതുതന്നെയാണ് അവൻ ക്രിസ്തുവാണെന്നതിന്റെ തെളിവും. ഇത്രയും എതിപ്പുകൾക്കിടയിലും അവൻ പഠിപ്പിച്ചുകൊണ്ടേയിരുന്നു, കാരണം അവന്റെ സമയം ആയിട്ടില്ലായിരുന്നുവെന്ന് അവന് അറിയാമായിരുന്നുവെന്ന് വചനം പഠിപ്പിക്കുന്നു.

എന്താണ് അവന്റെ സമയം?
അവന്റെ സമയം കൂടാരത്തിരുന്നാളല്ല, പെസഹാതിരുന്നാളാണ്‌, പെസഹാതിരുന്നാളിൽ പെസഹാ കുഞ്ഞാടായി ഹോമിക്കപ്പെടേണ്ടവനാണ് അവിടുന്നെന്ന് വ്യക്തമായി അറിയാമായിരുന്നു. തിരുന്നാളുകളിൽ, ആഘോഷങ്ങളിൽ, ആരാധനകളിൽ, പ്രാർത്ഥനകളിൽ ഒക്കെ ദൈവത്തിന്റെ സാന്നിദ്ധ്യം അറിയാതെ പോകുന്നത് അവനെ വധിക്കുന്നതിനുതുല്യമാണ്. അവൻ ഇന്നും വചനത്തിലൂടെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ അവന്റെ സാന്നിദ്ധ്യം നമ്മൾ തിരിച്ചറിയാതെ നമ്മുടെ കൂടാരങ്ങൾ കെട്ടി, നമ്മുടെ സ്വപ്നങ്ങൾ പണിത്, അതിൽ കഴിഞ്ഞുകൂടുന്നു, നമ്മുടെ കൂടാരങ്ങളിൽ, നമ്മുടെ സ്വപ്നങ്ങളിൽ ദൈവസാന്നിദ്ധ്യം ഇല്ലാതെപോകുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയാനും, ദൈവത്തിന്റെ കൂടാരം മനുഷ്യരോടൊപ്പം ആയിരിക്കാൻ പിറന്നവനെ അനുദിനം നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും കൂടെ കൂട്ടുവാനും പരിശ്രമിക്കാം. അന്ധമാക്കുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളെ നീക്കി ദൈവിക സാന്നിധ്യത്തിൽ ജീവിക്കാനുള്ള ജ്ഞാനവും കണ്ണിന്റെ കാഴ്ചയും നൽകണമേയെന്ന പ്രാർത്ഥന ഹൃദയത്തിൽ സൂക്ഷിക്കാം, അതാണ് ലോകത്തിന്റെ രക്ഷ. “ജ്ഞാനികളുടെ എണ്ണം വർദ്ധിക്കുന്നത് ലോകത്തിന്റെ രക്ഷയാണ്” (ജ്ഞാനം 6:24).

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker