Articles

ദൈവവചനത്തിനായി ദാഹിക്കുന്നവർക്കായി പ്രാർഥനയിൽനിന്ന് രൂപംകൊണ്ട ഇടം

ദൈവവചനത്തിനായി ദാഹിക്കുന്നവർക്കായി പ്രാർഥനയിൽനിന്ന് രൂപംകൊണ്ട ഇടം

ഫാ.ഷീന്‍ പാലക്കുഴി

മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം
വേറ്റിനാട്, തിരുവനന്തപുരം. രണ്ടു വർഷം മുമ്പാണ്. ഒരു പ്രവൃത്തി ദിവസത്തിന്റെ എല്ലാ തിരക്കുകൾക്കുമൊടുവിൽ ആളൊഴിഞ്ഞ് ആലസ്യത്തിലാണ്ട മാർ ഇവാനിയോസ് വിദ്യാനഗറിലെ വിരസമായൊരു വൈകുന്നേരം!

തിരുവനന്തപുരം അതിരൂപതയുടെ വേറ്റിനാട് റബർ എസ്റ്റേറ്റിനു നടുവിലുള്ള വിജനമായ ആ സ്ഥലത്തേക്ക് ഞാനാദ്യമായി പോയത് അന്നാണ്. കൂട്ടിക്കൊണ്ടു പോയത് സാക്ഷാൽ ഡാനിയേലച്ചനാണ്! കേരള സഭയിൽ ഇന്ന് അറിയപ്പെടുന്ന വചനപ്രഘോഷകരിൽ മുൻനിരയിലുള്ള, തിരുവനന്തപുരം മേജർ അതിരൂപതാ വൈദികനായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ! ഒരു നിഴൽ പോലെ അച്ചന്റെ ശുശ്രൂഷകളിൽ സഹായിക്കുന്ന ബ്രദർ പോൾസണും കൂടെയുണ്ടായിരുന്നു. MC റോഡിൽ വട്ടപ്പാറ കഴിഞ്ഞ് മൂന്നു കിലോമീറ്റർ പിന്നിട്ട് വലതു വശത്തുള്ള ഒരു ചെറിയ ഇടറോഡിലേക്ക് വാഹനം തിരിഞ്ഞപ്പോൾ അച്ചൻ പറഞ്ഞു,

“ദൈവം പ്രത്യേകമായി തെരഞ്ഞെടുത്തിരിക്കുന്ന ഒരു സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത്!”

ഞാൻ ചോദ്യഭാവത്തിൽ അച്ചനെ നോക്കി.

“തിരുവനന്തപുരത്ത് ഒരു ധ്യാനകേന്ദ്രം തുടങ്ങണം എന്നത് ഏറെക്കാലമായി നമ്മുടെയൊരു പ്രാർത്ഥനാ വിഷയമാണ്. ഒടുവിൽ ക്ലീമീസ് ബാവാ തിരുമേനിയിലൂടെ ദൈവം നമുക്കൊരുത്തരം തന്നിരിക്കുന്നു. ഈ മലമുകളിലാണ് സുവിശേഷം പങ്കുവയ്ക്കാൻ നമ്മൾ ഇനി ഒരുമിച്ചു കൂടേണ്ടത്. ശക്തമായ പ്രാർത്ഥന കൊണ്ട് നമുക്കീ നിയോഗത്തെ ബലപ്പെടുത്തണം.”

ഞാൻ പുറത്തേക്കു നോക്കി. കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ കയറ്റം കയറി ഞങ്ങളുടെ വാഹനം മുകളിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. എന്നിലെ പിന്തിരിപ്പൻ പതിവുപോലെ ഉണർന്നു.

“പക്ഷെ… അച്ചാ, മെയിൻ റോഡിൽ നിന്ന് ഈ ചെറിയ വഴിയിലൂടെ രണ്ടു കിലോമീറ്റർ കയറ്റം കയറി വേണ്ടേ അവിടെയെത്താൻ? നടന്നു വരാൻ തന്നെ ബുദ്ധിമുട്ടുള്ള ഈ സ്ഥലത്ത് വാഹന സൗകര്യം കൂടി ഇല്ലെങ്കിൽ എങ്ങനെ എത്തിപ്പെടും? കിഴുക്കാം തൂക്കായ കുന്നിൻ ചരിവുകളുള്ള ഈ റബർക്കാട്ടിൽ എങ്ങനെ ആളുകൾക്ക് സൗകര്യങ്ങളൊരുക്കും?”

ഒരു പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആർക്ക് നമുക്കെതിരു നിൽക്കാൻ കഴിയും? ദൈവം അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു നടന്നിരിക്കും. ദൈവത്തിന്റെ ആ ഇഷ്ടം നിറവേറട്ടെ എന്നു പ്രാർത്ഥിക്കാൻ വേണ്ടിയാണ് നമ്മളിപ്പോ ഇവിടെ വന്നത്.”

പിന്നെ ഞാനൊന്നും പറഞ്ഞില്ല. കൂടുതൽ പറഞ്ഞാൽ ‘സാത്താനേ എന്റെ വണ്ടിയിൽ നിന്നിറങ്ങിപ്പോ… നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്’ എന്നെങ്ങാനും പറഞ്ഞ് വഴിയിലിറക്കി വിട്ടാൽ സംഗതി കുഴഞ്ഞില്ലേ…!

കുന്നുകയറി ഞങ്ങളവിടെ എത്തുമ്പോഴേക്കും സ്ത്രീകളും പുരുഷൻമാരുമുൾപ്പടെ ഏതാണ്ട് പത്തോളം ആളുകൾ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഡാനിയേലച്ചന്റെ മാതാപിതാക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. വന്നവരെല്ലാം അച്ചന്റെ പ്രാർത്ഥനാ ടീമിലുള്ളവരാണ്. ധ്യാനകേന്ദ്രത്തിനു വേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാൻ വന്നതാണ്.

ഞങ്ങളൊരുമിച്ച് അവിടെ നിലത്തു മുട്ടുകുത്തി. കരിയിലകളും കാട്ടുചെടികളും മെത്തയൊരുക്കിയ പച്ചമണ്ണിൽ കാൽമുട്ടുകളമർന്നു. തലയ്ക്കു മീതെ കടുംപച്ചക്കുട പിടിച്ച മരക്കാട്. ഇലകൾക്കിടയിലൂടെ പാത്തുപതുങ്ങിയെത്തുന്ന അസ്തമയ സൂര്യന്റെ പൊൻ നൂലിഴകൾ. ചീവീടുകളുടെ പാട്ട്. ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന പുതുനാമ്പുകളുടെ പച്ചിലഗന്ധം! പതിയെപ്പതിയെ ഒരു ഹരിത ദൈവാലയം കണക്കെ ആ പരിസരം മാറുകയായിരുന്നു. പ്രകൃതിയൊരുക്കിയ ആ അൾത്താര മേശയിൽ ഹൃദയങ്ങൾ ചേർത്തുവച്ച്, കരങ്ങൾ ആകാശങ്ങളിലേക്കു വിരിച്ച് അവർ ദൈവത്തെ ചങ്കുപൊട്ടി വിളിച്ചു. ആ മണ്ണിൽ നിന്ന് അധികമാരും അങ്ങനെ ദൈവത്തെ വിളിച്ചിട്ടുണ്ടാവില്ല!

എല്ലാ അധരങ്ങളിലുമുണ്ടായിരുന്നത് ഒരേ നിലവിളിയായിരുന്നു. സുവിശേഷം പങ്കുവയ്ക്കാൻ ജനതകൾ ആ മണ്ണിൽ ഒരുമിച്ചുകൂടണമേയെന്ന നിലവിളി! എല്ലാ ഹൃദയങ്ങളിലുമുണ്ടായിരുന്നത് ഒരേ സ്വപ്നമായിരുന്നു. ഭൂമിയുടെ നാലു ദിക്കുകളിൽ നിന്നും ജറുസലേമിലേക്കു ജനമെത്തിയ പോലെ, ദൈവജനത്തിന്റെ കരൾ പിളർന്നൊഴുകുന്ന കണ്ണീർച്ചാലുകൾക്കു മേൽ സ്വർഗ്ഗത്തിൽ നിന്നും സ്നേഹാഗ്നിയിറങ്ങുന്ന കാർമൽ മലയായി ആ കുന്നിൻചെരിവുകൾ രൂപാന്തരപ്പെടണമെന്ന സ്വപ്നം! അന്നൊരു ദിവസം കൊണ്ട് ആ പ്രാർത്ഥന അവസാനിച്ചില്ല. ആ സ്വപ്ന സാക്ഷാത്കാരത്തിനായി അതിനു മുൻപും ശേഷവും അനേകം തവണ അവരാ കുന്നുകയറിയിറങ്ങിയിട്ടുണ്ട്.

ദൈവനിയോഗത്തിന്റെ ആ വഴിയിൽ, മോശയെപ്പോലെ മുമ്പേ നടക്കാൻ ദൈവം അനാദിയിലേ തെരഞ്ഞെടുത്ത് അഭിഷേകം ചെയ്തനുഗ്രഹിച്ചത്, മലങ്കരസഭയുടെ പൗരോഹിത്യ സുകൃതമായ ഫാദർ ഡാനിയേലിനെയാണ്; കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ പൂവണ്ണത്തിൽ വീട്ടിൽ ജോയിയുടേയും ചിന്നമ്മയുടേയും മകനായി ജനിച്ചു വളർന്ന്, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ തിരുവനന്തപുരം മേജർ അതിരൂപതയ്ക്കു വേണ്ടി വൈദികനായിത്തീർന്ന ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ!

പരിശീലനകാണ്ഡം പൂർത്തിയാക്കിയ തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പിന്നീട് വൈദികായനത്തിലും രണ്ടുവർഷം അദ്ദേഹത്തിനു പിൻപേ യാത്ര ചെയ്യാൻ അവസരം കിട്ടിയതുകൊണ്ടു പറയുകയാണ്, ദൈവം സ്വന്തമാക്കുകയും ദൈവത്തെ സ്വന്തമാക്കുകയും ചെയ്ത ഒരു ഉത്തമ പുരോഹിതനാണയാൾ! അല്ലെങ്കിൽ പിന്നെ, സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും ഒന്നാം റാങ്കിൽ പൂർത്തിയാക്കിയ ഒരാൾ, കലയിലും സാഹിത്യത്തിലും വാഗ്വൈഭവത്തിലും അതിനിപുണനായ ഒരാൾ, ഇംഗ്ലീഷ് സാഹിത്യത്തിൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും ഒന്നാംറാങ്കും നെറ്റും മാർ ഇവാനിയോസ് കോളേജിലെ പ്രൊഫസറുദ്യോഗവും ഒക്കെ ലഭിച്ചൊരാൾ, നേടിയതും തുടർന്നു നേടാവുന്നതുമായിരുന്ന സ്ഥാനമാനങ്ങളൊക്കെ ഉച്ഛിഷ്ടം പോലെ വലിച്ചെറിഞ്ഞു കളഞ്ഞതിന്റെ സൂചനയെന്താണ്? സംശയമില്ല, നഗ്നപാദനായി അയാൾ നിരന്തരം അലഞ്ഞു കൊണ്ടിരിക്കുന്നത് കൂടുതൽ ക്രിസ്തുവാകാൻ വേണ്ടിത്തന്നെയാണ്! ആ സമാനത തന്നെയാണ് അയാളുടെ വാക്കുകൾക്കായി ദൈവജനം കാതോർക്കുന്നതിന്റെ കാരണവും!

വേറ്റിനാട് എസ്റ്റേറ്റിൽ ഈ വിഷയത്തിൽ പ്രാർത്ഥനകൾ ആരംഭിക്കുന്നതിനും ഒരുപാടു മുൻപേ മലങ്കര സഭാ ഹൃദയത്തിൽ നിലനിന്നിരുന്ന ഒരാഗ്രഹമായിരുന്നു അനന്തപുരിയിൽ ഒരു ധ്യാനകേന്ദ്രം. 2007 ൽ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ കേന്ദ്രമാക്കി ഫാദർ ഡാനിയേലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഒരു പ്രാർത്ഥനാ ഗ്രൂപ്പിന്റെ, ചൊവ്വാഴ്ച തോറും നടന്നിരുന്ന പ്രാർത്ഥനകളിൽ നിരന്തരം ഉയർന്നു കേട്ടിരുന്ന ഒരു നിലവിളിയായിരുന്നു ഒരുമിച്ചു പ്രാർത്ഥിക്കാൻ ഒരിടം വേണമെന്നത്.

പിന്നീട് 2011 ൽ നടന്ന പ്രഥമ മലങ്കരസഭാ അസംബ്ലിയിൽ സഭയുടെ ആത്മീയ നവീകരണം ലക്ഷ്യമാക്കി തിരുവനന്തപുരത്ത് ഒരു ധ്യാനകേന്ദ്രം വേണമന്നെ ആശയം ഉയർന്നു വരികയും അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രത്യേക താൽപ്പര്യ പ്രകാരം അത് അംഗീകരിക്കപ്പെടുകയും ചെയ്തു.

മുളപൊട്ടിയ ആഗ്രഹവും ആശയവും വീണുടയാതിരിക്കാൻ തീക്ഷ്ണമായി പ്രാർത്ഥന തുടരാൻ പരിശുദ്ധാത്മാവ് മലങ്കര മക്കളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. ഫാദർ ഡാനിയേൽ തന്നെ നേതൃത്വം കൊടുത്തിരുന്ന കാർമ്മൽ കാത്തലിക് മിനിസ്ട്രീസിന്റെ പ്രാർത്ഥനാ ശുശ്രൂഷകളോടു ചേർന്ന് ഈ നിയോഗത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അനേകം പേർ മുന്നോട്ടുവന്നു.

നാലാഞ്ചിറയിലെ മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജ് ചാപ്പലിൽ അഞ്ഞൂറു ദിവസത്തിലധികം തുടർച്ചയായി, ഒരു ദിവസം പോലും മുടങ്ങാതെ ഈ നിയോഗത്തിൽ പ്രാർത്ഥനകൾ നടന്നു എന്നത് ഇപ്പോൾ ഓർമ്മിക്കുമ്പോൾ ഒരദ്ഭുതമാണ്! അച്ചനോടൊപ്പം എല്ലാ അർത്ഥത്തിലും പ്രാർത്ഥിച്ചൊരുങ്ങാൻ തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ആളുകളെ ദൈവം ഒരുമിച്ചു കൂട്ടി എന്നത് മറ്റൊരദ്ഭുതമാണ്! രൂപതാ റീത്ത് സഭാ വ്യത്യാസങ്ങൾക്കപ്പുറത്ത് ദൈവം കൂട്ടിച്ചേർത്ത ആ സമൂഹത്തിൽ വൈദികരും സന്യസ്തരും വിശ്വാസികളും ഇതര മതസ്ഥരും ഒക്കെയുണ്ടായിരുന്നു. ദൈവമെന്ന ചങ്ങലയിൽ ഹൃദയങ്ങൾ പരസ്പരം കൊരുത്തു വച്ച ആ മനുഷ്യരുടെ ദീർഘനാൾ നീണ്ട, മടുത്തു പോകാത്ത പ്രാർത്ഥനയുടെ പ്രധാന നിയോഗമായിരുന്നു ധ്യാനകേന്ദ്രം!

ഒടുവിൽ സ്വർഗ്ഗത്തിന്റെ കനിവെന്നവണ്ണം, തിരുവനന്തപുരത്തു നിന്നും പതിനഞ്ചു കിലോമീറ്റർ അകലെ, എം. സി. റോഡിൽ വട്ടപ്പാറയ്ക്കും വെമ്പായത്തിനും മധ്യേയുള്ള വേറ്റിനാട് എന്ന സ്ഥലത്ത്, തിരുവനന്തപുരം മേജർ അതിരൂപതയുടെ എസ്റ്റേറ്റിൽ, മറ്റാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത, പ്രകൃതിരമണീയമായ ആ മണ്ണിൽ ധ്യാനകേന്ദ്രം ആരംഭിക്കാൻ സഭാധ്യക്ഷനായ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തീരുമാനിച്ചു. എന്നാൽ ഏറെനാൾ പ്രാർത്ഥനയ്ക്കു വിഷയമാക്കി അദ്ദേഹം അതു മനസ്സിൽ സൂക്ഷിച്ചു. 2016 ലെ പെന്തിക്കൊസ്തിപ്പെരുനാൾ ദിവസം ആറ്റിങ്ങൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ശുശ്രൂഷകൾക്കെത്തിയ അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനി, അന്ന് ആ ദൈവാലയത്തിന്റെ അൾത്താരയിൽ വച്ചാണ്, ധ്യാനകേന്ദ്രം വേറ്റിനാട് എസ്‌റ്റേറ്റിൽ സ്ഥാപിക്കാനുള്ള ദൈവഹിതം, ആദ്യമായി ഫാദർ ഡാനിയേലിനേയും സഹവൈദികരേയും ദൈവജനത്തേയും അറിയിക്കുന്നത്!

പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോട് ഒരു സഭാധ്യക്ഷനെന്ന നിലയിൽ വന്ദ്യ തിരുമേനി പുലർത്തുന്ന തുറവിയുടെ ഉദാത്തമായ അടയാളങ്ങളിലൊന്നായിരുന്നു അത്. ധ്യാനകേന്ദ്രത്തിലെത്താൻ പോകുന്ന നിരാലംബരായ അനേകം മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനകളിൽ കാലമെത്ര കഴിഞ്ഞാലും ആ നല്ല തീരുമാനത്തിന്റെ പേരിൽ, അഭിവന്ദ്യ ബാവാ തിരുമേനി ഓർമ്മിക്കപ്പെടും. ഒപ്പം, ആ കാലയളവിൽ തിരുവനന്തപുരത്തെ സഹായമെത്രാനായിരുന്ന അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് തിരുമേനിയുടെ പ്രോത്സാഹനവും ഇടപെടലുകളും ആത്മീയ നേതൃത്വവും ധ്യാനകേന്ദ്രമെന്ന ആശയത്തിന് വലിയ കരുത്തും ആവേശവും പകർന്നു.

ധ്യാനകേന്ദ്രത്തിനുള്ള സ്ഥലം തീരുമാനിക്കപ്പെട്ടതു മുതൽ പിന്നീടങ്ങോട്ട് ആ പരിസരങ്ങൾക്കു വേണ്ടി ദൈവസന്നിധിയിൽ സമർപ്പിക്കപ്പെട്ട പ്രാർത്ഥനകളുടെ കണക്കും ഉപവാസത്തിന്റെ പരിധികളും ത്യാഗത്തിന്റെ ആഴവും ഉരുക്കഴിക്കപ്പെട്ട ജപമണികളുടെ എണ്ണവും തിട്ടപ്പെടുത്താൻ കഴിയുന്നതല്ല.

ദീർഘനാൾ നീണ്ട ആ പ്രാർത്ഥനകളുടെ ഉത്തരമെന്നവണ്ണം ധ്യാനകേന്ദ്രത്തിനായി പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ ആശീർവദിച്ച അടിസ്ഥാന ശില 2017 ഏപ്രിൽ ഒന്നിന് വേറ്റിനാട് എസ്റ്റേറ്റിലെ മണ്ണിൽ അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയാൽ സ്ഥാപിക്കപ്പെട്ടു. എലിയായുടെ ബലി സ്വീകരിക്കാൻ സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറങ്ങിയ കാർമൽ മലയുടെ ചൈതന്യത്തെ അനുസ്മരിച്ച് പുതിയ ധ്യാനകേന്ദ്രത്തിന് ‘മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ’ എന്ന് കാതോലിക്കാ ബാവാ തിരുമേനി നാമകരണം ചെയ്തു. ധ്യാനകേന്ദ്രത്തിനു വേണ്ടി അനേക വർഷങ്ങൾ ത്യാഗം ചെയ്തു പ്രാർത്ഥിച്ച കാർമ്മൽ മിനിസ്ട്രീസിന്റെ അതേ പേരു തന്നെ പുതിയ ധ്യാനകേന്ദ്രത്തിനു നൽകാൻ ബാവാ തിരുമേനിയെ പ്രേരിപ്പിച്ചത് തീർച്ചയായും പരിശുദ്ധാത്മാവു തന്നെയായിരിക്കണം.

നിർമ്മാണ പ്രവർത്തനങ്ങളുൾപ്പടെ ധ്യാനകേന്ദ്രത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് നേതൃത്വം നൽകാൻ ഡയറക്ടറായി അഭിവന്ദ്യ കാതോലിക്കാ ബാവാ നിയോഗിച്ചത് ഫാദർ ഡാനിയേലിനെത്തന്നെയാണ്. എന്നാൽ ധ്യാനകേന്ദ്രത്തിന്റെ പൂർണ്ണ ചുമതലക്കാരനും അഡ്മിനിസ്ട്രേറ്ററുമായി ദൈവം ഒരുക്കിയ മറ്റൊരു പുരോഹിതനുണ്ടായിരുന്നു. അത് ഫാദർ വിൽസൻ തട്ടാരുതുണ്ടിലാണ്. ഭരണപരമായ ഭാരിച്ച ചുമതലകളുടെ ഒരു ലോകത്തു നിന്ന് സ്വയം വിടവാങ്ങിയ ശേഷം സഭയുടെ ആത്മീയ ശുശ്രൂഷകൾക്കു വേണ്ടി മാത്രം മുഴുവൻ സമയവും മാറ്റിവച്ച ഒരു പുരോഹിതനാണദ്ദേഹം! ഫാദർ ഷാജി തുമ്പേച്ചിറയിൽ പരിശുദ്ധ അമ്മയെ ‘മറിയം- മറഞ്ഞിരിക്കുന്നവൾ’ എന്നു വിശേഷിപ്പിക്കും പോലെ അനേക നാളുകളായി ധ്യാനകേന്ദ്രത്തിന്റെ തുടക്കവുമായും നടത്തിപ്പുമായും ബന്ധപ്പെട്ട ആത്മീയ ശുശ്രൂഷകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ നിശബ്ദ സാന്നിദ്ധ്യത്തെക്കുറിച്ചും നിർലോഭമായ പിന്തുണയെക്കുറിച്ചും സഹായ ഹസ്തങ്ങളെക്കുറിച്ചും പൗരോഹിത്യ സമർപ്പണത്തെക്കുറിച്ചുമൊക്കെ ഫാദർ ഡാനിയേൽ തന്നെ പല തവണ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടേയും ആഴമായ സമർപ്പണവും ത്യാഗവും ശരിയായ ദിശയിൽ, ദൈവം ആഗ്രഹിക്കുന്ന പ്രകാരം തന്നെ കാര്യങ്ങളെ മുന്നോട്ടു നയിച്ചു. മാത്രമല്ല, എപ്പോൾ വിളിച്ചാലും സഹായത്തിനോടിയെത്തുന്ന ഒരു കൂട്ടം സഹോദര വൈദികരുടേയും ശുശ്രൂഷകരുടേയും സാന്നിദ്ധ്യം പ്രവർത്തനങ്ങൾക്കു ബലമായി.

ആഴ്ചകളും മാസങ്ങളും നീണ്ട പ്രാർത്ഥനാപൂർവ്വമായ കാത്തിരിപ്പിനൊടുവിൽ ഒരു വർഷം കൊണ്ട് ധ്യാനകേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 2018 ഏപ്രിൽ 8 ന് മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ അഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനി കൂദാശ ചെയത് ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ചു. ആ ദിവസം ദൈവകരുണയുടെ തിരുനാൾ ദിവസമായിരുന്നു എന്നത് യാദൃശ്ചികമായിരുന്നില്ല, മറിച്ച് അത് ദൈവത്തിന്റെ ഒരു തീരുമാനമായിരുന്നു. തകർന്നു പോയ ജീവിതങ്ങൾക്കു മേൽ കരുണയൊഴുക്കാൻ ദൈവം ആ സ്ഥലം തെരഞ്ഞെടുത്തതിന്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരടയാളം! മാത്രമല്ല ധ്യാനകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആളും അർത്ഥവും പ്രാർത്ഥനയും നൽകി സഹായിക്കാൻ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി ദൈവം ഒരുക്കിയ മനുഷ്യരുടെ ത്യാഗവും ദൈവകരുണയുടെ അടയാളമായി ഗണിക്കപ്പെടേണ്ടതു തന്നെയാണ്.

ഇപ്പോൾ തുടക്കമെന്ന നിലയിൽ എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ഫാദർ ഡാനിയേൽ പൂവണ്ണത്തിലും ടീമംഗങ്ങളും നയിക്കുന്ന ധ്യാന ശുശ്രൂഷകൾ ഇവിടെയുണ്ട്. ആയിരത്തോളം ആളുകൾ ശനിയാഴ്ചകളിൽ ഇപ്പോൾ ധ്യാനിക്കാനെത്തുന്നുണ്ട്. മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്ററിന്റെ പ്രധാന കാരിസം രോഗശാന്തിയോ അദ്ഭുതങ്ങളോ അല്ല, മറിച്ച് ജനത്തെ വചന രഹസ്യങ്ങൾ പഠിപ്പിക്കുക എന്നതാണ്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും വിദേശത്തു നിന്നുമൊക്കെ നിരവധിയാളുകൾ ദൈവവചനത്തെ ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടി എത്തിച്ചേരുന്നുണ്ട്. ഇക്കഴിഞ്ഞ വേനലവധിക്ക്, തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു വേണ്ടി ‘അപ്പസ്തോലിക് സ്കൂൾ’ എന്ന പേരിൽ രണ്ടുമാസം നീണ്ടുനിന്ന വചനാനുഭവ ധ്യാനവും വചനജീവിത പരിശീലനവും നടത്തപ്പെട്ടിരുന്നു.

കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്ക് MC റോഡിൽ വരുമ്പോൾ വെഞ്ഞാറമ്മൂട് കഴിഞ്ഞുള്ള വെമ്പായം എന്ന സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് വേറ്റിനാട്. തിരുവനന്തപുരത്തു നിന്നാണു വരുന്നതെങ്കിൽ MC റോഡിൽ  വട്ടപ്പാറയിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരം. വേറ്റിനാടു നിന്ന് ധ്യാനകേന്ദ്രത്തിലേക്കുള്ള ഒന്നര കിലോമീറ്റർ ദൂരം വാഹനങ്ങളിലോ നടന്നോ എത്താം. ധ്യാനത്തിനെത്തുന്നവർ മുൻകൂട്ടി അറിയിക്കേണ്ട ആവശ്യമില്ല.

കൂടുതൽ വിവരങ്ങൾക്ക്:
Phone: 8078088088,  8281101101
Email: mcrctrivandrum@gmail.com

ആരോപിക്കപ്പെടുന്നതും അല്ലാത്തതുമായ വീഴ്ചകളുടെ പേരിൽ ദൈവവും സഭയും സഭാമക്കളും കൂദാശകളുമൊക്കെ തെരുവിൽ അധിക്ഷേപിക്കപ്പെടുമ്പോഴും സഭയെ വിശ്വാസത്തിലുറപ്പിക്കാൻ ഇത്തരം ചില ശക്തമായ നന്മകൾ ദൈവം കാത്തുവയ്ക്കുന്നു എന്നത് വലിയ ബലമാണ്!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker