Meditation

ദൈവപുത്രനായ യേശു രക്തം വിയർത്തു. കാരണമെന്ത്…?

വൈദ്യശാസ്ത്രത്തിൽ തന്നെ വളരെ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള ഒന്നാണ് രക്തം വിയർക്കുക എന്നത്

പ്രേംജി മുണ്ടിയാങ്കൽ

ലൂക്കായുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു പ്രതിപാദ്യമാണ്; “അവന്റെ വിയര്‍പ്പ് രക്‌തത്തുള്ളികള്‍ പോലെ നിലത്തുവീണു” (ലൂക്കാ 22:44) എന്നത്. ജൂലൈ മാസം ഈശോയുടെ തിരുരക്തത്തെക്കുറിച്ച് ധ്യാനിക്കുകയും, ഭക്തിപൂർവ്വം പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ യേശു രക്തം വിയർത്തതിനെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്.

ദൈവമായിരുന്ന, ദൈവപുത്രനായിരുന്ന യേശു മനുഷ്യനായി ഭൂമിയിൽ ജനിച്ചത് പിതാവിന്റെ ഹിതം നിറവേറ്റുന്നതിന് വേണ്ടിയാണ്. ലോകത്തിൽ തിന്മയുടെ അതിപ്രസരംമൂലം ദൈവീകശക്തിയുടെ പ്രവർത്തനങ്ങൾ തടയപ്പെടുമ്പോൾ അതിനെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള ശബ്ദമായി യേശു കടന്നുവരുന്നു. തിന്മയുടെ ശക്തികൾ എല്ലാക്കാലത്തും ഉണ്ടാകുമെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, അതിന്റെ തീവ്രത കുറയ്ക്കാൻ കഴിയുന്ന രീതിയിൽ നന്മയുടെ ശക്തികൾ വളർന്നുവരണം. അതിനുവേണ്ടി യേശു കുറച്ചുപേരെ തിരഞ്ഞെടുക്കുകയും, മൂന്നുവർഷത്തോളം കൂടെ കൊണ്ടുനടന്നു പരിശീലിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പംതന്നെ തന്റെ വചനങ്ങൾ കേൾക്കാൻ വന്നവരോടെല്ലാം ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുന്നു.

പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചു പോകാനുള്ള സമയമായെന്ന് ഈശോ തിരിച്ചറിയുന്നു. ഇനി ഒഴിവുകഴിവുകൾ പറഞ്ഞു മാറിനിൽക്കാനാവില്ല. സമയം അടുത്തു വന്നുകൊണ്ടിരിക്കുകയാണ് എന്ന ചിന്ത യേശുവിനെ വല്ലാതെ ഉലച്ചു. “തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം യേശു അറിഞ്ഞിരുന്നു” (യോഹ 18:4). അതുകൊണ്ടുതന്നെ എത്രമാത്രം തീവ്രതയേറിയതാണ് തന്റെ മുന്നിലുള്ള ഉത്തരവാദിത്വമെന്ന് വേദനയോടെ ചിന്തിക്കുന്നു.

പൂർണ്ണ മനുഷ്യനായ യേശു തന്റെ മാനുഷികതയിൽ നിന്നുകൊണ്ട് തനിക്ക് താങ്ങാവുന്നതിലും വലിയ സഹനമാണ് ഇനിയുള്ള മണിക്കൂറുകളിൽ സംഭവിക്കാൻ പോകുന്നത് എന്ന ചിന്തയാൽ വേദനിക്കുന്നുണ്ട്. യേശുവിന്റെ നാഡീ ഞരമ്പുകൾ വലിഞ്ഞുമുറുകി. ഈശോ ശിഷ്യരോട് ഇക്കാര്യം പറയുന്നുമുണ്ട്; “തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു” (മത്തായി 26 : 38).

വൈദ്യശാസ്ത്രത്തിൽ തന്നെ വളരെ വിരളമായി മാത്രം സംഭവിച്ചിട്ടുള്ള ഒന്നാണ് രക്തം വിയർക്കുക എന്നത്. കാരണം, അത്രയേറെ മാനസികസമ്മർദ്ദം ഉണ്ടാവുകയും ഞരമ്പുകൾ വലിഞ്ഞു പൊട്ടുകയും ചെയ്യുന്ന ഒരവസ്ഥയിലാണ് രക്തം സ്വേദ മുകുളങ്ങളിലൂടെ പുറത്തുവരിക. ഒരു വൈദ്യൻ കൂടിയായ വിശുദ്ധ ലൂക്ക മാത്രം ഇത് എടുത്തു പറയാനുള്ള കാരണവും അദ്ദേഹത്തിനുള്ള വൈദ്യശാസ്ത്രപരമായ അറിവിന്റെ വെളിച്ചത്തിലാണ്.

നമ്മുടെ ശരീരത്തിൽ ലക്ഷക്കണക്കിന് നാഡീ-ഞരമ്പുകളുണ്ട് രക്തം എല്ലാ കോശങ്ങളിലും എത്തിക്കുന്നതിനായി. ഇവയിൽ ആയിരക്കണക്കിന് ഞരമ്പുകൾ വന്ന് അവസാനിക്കുന്നത് സ്വേദഗ്രന്ഥികളുടെ സമീപമാണ്. ഇപ്രകാരം ഞരമ്പുകൾ വലിഞ്ഞുമുറുകുമ്പോൾ അത് സ്വേദഗ്രന്ഥികളെയും ഞെരുക്കുകയും, അവയ്ക്ക് പൊട്ടൽ ഉണ്ടാക്കുകയും ചെയ്യുന്നു. രക്തവും ജലവും കലർന്ന വിയർപ്പുതുള്ളികൾ ശരീരത്തിന് പുറത്തേക്കൊഴുകാൻ ഇത് കാരണമാകുന്നു. സാധാരണഗതിയിൽ നമ്മുടെ ശരീരം ചൂടാകുമ്പോൾ മാത്രമാണ് വിയർപ്പുതുള്ളികൾ പുറത്തേക്ക് വരിക. എന്നാൽ യേശുവിന്റെ ശരീരത്തിൽ നിന്നും രക്തവും ജലവും ഒന്നു ചേർന്നാണ് വിയർപ്പുകണങ്ങളായി പുറത്തേക്ക് വന്നുകൊണ്ടിരുന്നത്.

ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ച് പറുദീസയിലാക്കി. “അവിടുന്നു കിഴക്ക്‌ ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു” (ഉല്‍പത്തി 2:8), എന്നാൽ പൈശാചികശക്തി കയറികൂടിയപ്പോൾ അവൻ പറുദീസയിൽനിന്നും പുറത്തായി.
“ആ വൃക്‌ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട്‌ അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു” (ഉല്‍പത്തി 3:6). ഇപ്രകാരം തിന്മയുടെ ശക്തികൾക്കടിമപ്പെട്ട് പുറന്തള്ളപ്പെട്ട മനുഷ്യരെ തിരിച്ചു ദൈവം അധിവസിക്കുന്ന സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടി, യേശു അയക്കപ്പെട്ടു. ”ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ, അവസാനത്തെ ആദം ജീവദാതാവായ ആത്‌മാവായിത്തീര്‍ന്നു” (1കോറിന്തോസ്‌ 15:45 ). വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പേരിൽ പറുദീസയിൽ നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യനെ വീണ്ടും പറുദീസയിൽ പ്രവേശിപ്പിക്കുന്നതിനായി മനുഷ്യനായ ദൈവം കയ്പേറിയ പാനീയം കുടിക്കുന്നു. “എന്റെ പിതാവേ, ഞാന്‍ കുടിക്കാതെ ഇതു കടന്നുപോകയില്ലെങ്കില്‍ അങ്ങയുടെ ഹിതം നിറവേറട്ടെ!” (മത്തായി 26 : 42).

പൂർണ്ണനും പരിശുദ്ധനുമായ ദൈവം മനുഷ്യനെ വിളിച്ചതും തന്നെപ്പോലെയായിരിക്കുന്നതിനും സന്തോഷിക്കുന്നതിനും വേണ്ടിയാണ്. മനുഷ്യന്റെ പാപപൂരിതമായ ജീവിതം ദൈവം ആഗ്രഹിക്കുന്നതേയില്ല. “അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്‌ധമാണല്ലോ. അകൃത്യം നോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല (ഹബക്കുക്ക്‌ 1:13) എന്ന പ്രവാചക വചനങ്ങളും തിന്മയോടുള്ള ദൈവത്തിന്റെ മനോഭാവം വ്യക്തമാക്കുന്നു.

പിതാവ് ഏൽപ്പിച്ചുതരുന്ന പാനപാത്രം എത്ര കഠിനമാണെന്ന് ചിന്തിക്കുമ്പോൾതന്നെ ഈശോ രക്തം വിയർക്കുന്നു. തുടർന്നുള്ള മണിക്കൂറുകളിൽ നാം കാണുന്നത് അതിക്രൂരമായ പീഡനങ്ങളും. ഇത്തരം ക്രൂര പീഢനങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിന് കൂട്ടു നിൽക്കുന്നതും, ചുക്കാൻ പിടിക്കുന്നതും, ഒട്ടുമിക്ക ക്രിസ്തു നാമധാരികളും.
കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന പീഢനത്തെക്കുറിച്ച് ഇന്നും തലനാരിഴ കീറി പരിശോധനകളും ചർച്ചകൾ നടക്കുന്നു.

ദിവ്യബലിയിൽ പങ്കെടുത്ത് ഈശോയുടെ തിരുശരീരവും തിരുരക്തവും (1) സ്വീകരിക്കാതെ തിരിച്ചുപോകുമ്പോൾ… (2) പാപപങ്കിലമായ അവസ്ഥയിൽ അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിച്ച് നിസ്സംഗമായി കടന്നു പോകുമ്പോൾ നമ്മൾ ചിന്തിക്കണം എത്രമാത്രം അവഹേളനമാണ് യേശുവിനോട് നാം കാണിക്കുന്നതെന്ന്. ഒരു തെറ്റും ചെയ്യാത്ത ഈശോ പാപചേറ്റിൽ കിടക്കുന്ന നമ്മെ കഴുകി ശുദ്ധമാക്കാൻ വേണ്ടിയാണ് രക്തം ചിന്തിയത്. അതിനു വേണ്ടി വരുന്ന സഹനത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് രക്തം വിയർത്തത്. ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളുടെ സ്വീകരണം നമ്മെ ശക്തിപ്പെടുത്തട്ടെ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker