ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപെരുന്നാള്‍ ഇന്നുമുതല്‍
ഇന്നു മുതല്‍ 14 വരെ വിവിധ സമയങ്ങളില്‍ കബറിടത്തിങ്കല്‍...
അനിൽ ജോസഫ്
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുനഃരൈക്യ പ്രസ്ഥാനത്തിന്റെ ശില്‍പിയും, തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായും, ബദനി ആശ്രമം സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് ഇന്നു മുതല്‍ 15 വരെ നടക്കും. എല്ലാ വര്‍ഷവും കബറിടത്തിങ്കലേക്ക് നടത്തിയിരുന്ന തീര്‍ത്ഥാടന പദയാത്ര ഈവര്‍ഷം ഒഴിവാക്കിയാണ് ഓര്‍മ്മ പെരുന്നാള്‍ സംഘടിപ്പിക്കുന്നത്.
15-ന് നടക്കുന്ന സമാപന കുര്‍ബാനയിലും മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ദിവസവും വൈകിട്ട് സന്ധ്യാപ്രാര്‍ഥനയും, വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടക്കും. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മാര്‍ ഇവാനിയോസിന്റെ കര്‍മ്മ ഭൂമിയായിരുന്ന പത്തനംതിട്ടയിലെ റാന്നി പെരുനാട് ഇന്ന് രാവിലെ 7 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ കുര്‍ബാന അര്‍പ്പിച്ചു.
ഇന്നുമുതല്‍ വിവിധ ദിവസങ്ങളില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തീയോഡോഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കും.
14-ന് വൈകിട്ട് കബറിങ്കല്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനയും, ശ്ലൈഹീക ആശീര്‍വാദവും നടക്കും. 15-ന് രാവിലെ നടക്കുന്ന ഓര്‍മ്മപെരുനാള്‍ കുര്‍ബാനയില്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്നു മുതല്‍ 14 വരെ വിവിധ സമയങ്ങളില്‍ കബറിടത്തിങ്കല്‍ എത്തിച്ചേരുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്തിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.