“മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” (v.2). മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദമാണിത്. ഇതേ സന്ദേശം തന്നെയാണ് യേശുവിന്റെ പ്രഘോഷണങ്ങളുടെ കാതലും. അതെ, ദൈവം നമ്മെ സമീപിച്ചിരിക്കുന്നു. ആ വലിയ തീർത്ഥാടകൻ ചരിത്രങ്ങളുടെ കാതങ്ങൾ താണ്ടി നമ്മുടെ അടുത്ത് എത്തിയിരിക്കുന്നു. എന്നിട്ടും ആ സത്യത്തെ കാണാൻ സാധിക്കാത്ത തലത്തിൽ ഏതോ മായിക വലയത്തിൽ നമ്മൾ അകപ്പെട്ടിരിക്കുകയാണ്. പക്ഷെ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ച പ്രവാചകൻ ഇപ്പോൾ കാണുന്നത് ആ ദൈവത്തിന്റെ കാലടികൾ മാത്രമാണ്. എന്നിട്ട് അവൻ ആർത്ത് വിളിക്കുകയാണ്. താൻ കണ്ട കാഴ്ചയുടെ സൗന്ദര്യം മറ്റുള്ളവരും അനുഭവിക്കുന്നതിനായി.
സമീപസ്ഥനാകുന്ന ദൈവത്തിനായുള്ള കാഹളമാണ് ആഗമനകാലം. ദൈവം എല്ലാവർക്കും സമീപസ്ഥനായിരിക്കുന്നു. അവന്റെ വരവിൽ ശ്രുതിമധുരമായ സംഗീതമെന്ന പോലെ പ്രകൃതിപോലും ലാവണ്യാത്മകമായ ഒരു ലയം അനുഭവിക്കുമെന്ന് ഏശയ്യാ പ്രവാചകൻ ചിത്രീകരിക്കുന്നുണ്ട്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും സഹജവാസന പ്രകൃതിയിൽ നിന്നു പോലും ഇല്ലാതാകും എന്നോർത്ത് പ്രവാചകൻ ആഹ്ലാദിക്കുകയാണ് (11:1-10).
ഓർക്കുക, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നമാണ് സ്വർഗ്ഗരാജ്യം. ആ സ്വപ്നം ഇപ്പോഴെങ്കിലും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുണ്ടോ? നമ്മുടെ ഉള്ളിലും പുറത്തും ഒന്നു നോക്കുക, ആ സ്വപ്നത്തിന്റേതായ ഏതെങ്കിലും കണികകളുണ്ടോ? ചിലപ്പോൾ ഇല്ലായിരിക്കാം. സാരമില്ല. നമ്മെ മാടി വിളിക്കുന്ന ഭാവിയാണ് ദൈവത്തിന്റെ സ്വപ്നം. ഭാവിയിലേക്കാണ് നമ്മൾ യാത്ര ചെയ്യുന്നത്. അങ്ങനെയാകുമ്പോൾ ആ സ്വപ്നം അനുഭവിക്കണമെങ്കിൽ ഇന്ന് നമ്മുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തണം.
മാറ്റം മാനസാന്തരമാണ്. തണുപ്പിൽ നിന്ന് ചൂടിലേക്ക് എന്ന പോലുള്ള സമൂലമായ പരിവർത്തനമാണത്. തീയോട് ചേർന്ന് നിന്നാൽ മാത്രമേ ശീതളമായതിന് ഊഷ്മളമാകാൻ സാധിക്കു. അതുപോലെ യേശുവെന്ന തീയോട് ചേർന്ന് നിന്നാൽ മാത്രമേ മാനസാന്തരം നമ്മിൽ സാധ്യമാകൂ. മാനുഷികമായ ഒരു ശക്തിക്കും നമ്മിൽ ആന്തരികമായ മാറ്റം ഉണ്ടാക്കുവാൻ സാധിക്കുകയില്ല. അതിന് ദൈവീകവും ആത്മീയവുമായ ഒരു ശക്തി നമ്മിലേക്ക് പ്രവേശിക്കണം. അതായത്, സമീപസ്ഥനായിരിക്കുന്ന ദൈവം തന്നെ നമ്മുടെ ഉള്ളിൽ പ്രവേശിക്കണം. അവൻ നമ്മിൽ വളരണം. നമ്മുടെ ഉള്ളിലെ ക്രിസ്തു കണികകളാണ് മാനസാന്തരം.
“മാനസാന്തരപ്പെടുവിൻ” എന്ന സുവിശേഷ വചനം ഒരു കല്പനയല്ല. നമ്മുടെ മുന്നിൽ തുറന്നിട്ടിരിക്കുന്ന അവസരമാണത്. നമ്മുടെ സഞ്ചാരവഴികളും പ്രവർത്തികളും ചിന്തകളും മാറ്റുവാനുള്ള സന്ദർഭമാണിത്. ദൈവത്തോടൊപ്പം സഞ്ചരിക്കാനും പ്രവർത്തിക്കാനും ചിന്തിക്കാനുമുള്ള ഭാഗ്യമാണിത്. ഈയൊരു അനുഗ്രഹത്തിലേക്ക് നമ്മൾ എത്തുകയാണെങ്കിൽ നമ്മുടെ കണ്ണുകളിൽ എന്നും പ്രകാശമുണ്ടായിരിക്കും. ആകാശത്തിന്റെ നീലിമയും സൂര്യന്റെ ഊഷ്മളതയും മണ്ണിന്റെ ഊർവരതയും നമ്മൾ അനുഭവിക്കും. നമ്മുടെ ചുറ്റുമുള്ളവർ സഹോദരങ്ങളായി മാറും. കാടിനു പകരം നമ്മൾ മരങ്ങളെ കാണും. വാടിയ പൂക്കളുടെ ഉള്ളിലും തേനിന്റെ മധുരിമയെ ദർശിക്കും. അങ്ങനെ നമ്മളും ദൈവത്തെപ്പോലെ കാറ്റായും തീയായും മഴയായും മാറും. പറഞ്ഞു വരുന്നത് മാനസാന്തരപ്പെടുകയെന്നാൽ നല്ല ഫലം പുറപ്പെടുവിക്കൽ മാത്രമല്ല, അതിലുപരി നല്ല ഫലം പുറപ്പെടുവിപ്പിക്കാനുള്ള പ്രേരണയാകുക കൂടിയാണ്.
ദൈവം സമീപസ്ഥനാകുമ്പോൾ ജീവിതം ഫലസമൃദ്ധമാകും. ഊഷരമായ ജീവിതനിലങ്ങളിൽ നൂറുമേനിയുടെ വിത്തുകൾ മുളക്കും. എന്തെന്നാൽ അവൻ കടന്നു വരുന്നത് ജീവിതത്തിന്റെ അതിർവരമ്പുകളിലേക്കല്ല, അതിന്റെ ഉള്ളറകളിലേക്കാണ്. അതിലുപരി നമ്മുടെ ജീവിതത്തിന്റെ തായ് വേരിൽ സ്പർശിക്കുന്നതിനു വേണ്ടിയാണ്. ആ സ്പർശനമുണ്ടെങ്കിൽ ജീവിതം ശക്തമായ ഒരു വൃക്ഷമെന്ന പോലെ തലയുയർത്തി നിൽക്കും. ആ സ്പർശനം സഹനത്തിന്റെ പെരുമഴപ്പാച്ചിലിനിടയിലും നമുക്ക് പ്രത്യാശ നൽകും. വയലിലെ കളകളുടെ ഇടയിലും തിളങ്ങുന്ന ഒരു ഗോതമ്പുമണിയായി നമുക്കും നിൽക്കാൻ സാധിക്കും.
ദൈവം കടന്നു വരുന്നത് നമ്മുടെ ജീവിതത്തിന്റെ ഉള്ളറയിലേക്കാണ്. നമ്മുടെ സ്നേഹത്തിന്റെ തീവ്രതയിലേക്ക്, നീതിക്കുവേണ്ടിയുള്ള ദാഹത്തിലേക്ക്, ആത്മാർത്ഥതയ്ക്കു വേണ്ടിയുള്ള നമ്മുടെ ശാഠ്യത്തിലേക്ക്…. ദൈവം കണ്ട സ്വപ്നം പൂർത്തീകരിക്കാനായി നമ്മൾ ഏതെങ്കിലും രീതിയിൽ ഒരു എളിയ സംരംഭം തുടങ്ങുകയാണെങ്കിൽ അതിലേക്ക് അവൻ ക്ഷണിക്കാതെ തന്നെ കടന്നു വരും. നമ്മുടെ കയ്യിലെ ചില്ലിക്കാശിൽ നിന്നും പങ്കുവയ്പ്പെന്ന ശീലത്തിലേക്ക് നമ്മൾ വളരുമ്പോൾ, ആ കുറവിലേക്ക് അവൻ കടന്നു വരും. ഭൂമിയിലെ നന്മകളാണ് ദൈവത്തിന്റെ സ്വപ്നങ്ങൾ. അത് തേടി അവൻ കടന്നു വരുക തന്നെ ചെയ്യും. ഓർക്കുക, പാപം എന്നാൽ നിയമങ്ങളുടെ ലംഘനമല്ല, അത് ദൈവസ്വപ്നത്തിന്റെ തകർക്കലാണ്. ദൈവം കണ്ട സ്വപ്നമാണ് ഗലീലിയിലെ പ്രാന്തപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ കാതുകളിൽ ഒരു മന്ത്രമായി യേശു ഓതിക്കൊടുത്തത്. ആ സ്വപ്നത്തിന്റെ സൗന്ദര്യാനുഭൂതിയാണ് ഏശയ്യാ പ്രവാചകൻ ചെറുപദങ്ങളിലൂടെ വിവരിക്കുന്നത്. ആ സ്വപ്നം തന്നെയാണ് സ്നാപകന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവും പ്രഘോഷണ വിഷയവും.