ദൈവം നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുകയും, നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നത് സ്വപ്നങ്ങള്‍ തച്ചുടയ്ക്കാനല്ല ; ഫ്രാൻസിസ് പാപ്പാ
ദൈവം നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുകയും, നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നത് സ്വപ്നങ്ങള്‍ തച്ചുടയ്ക്കാനല്ല ; ഫ്രാൻസിസ് പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആഗോള യുവജനോത്സവത്തിന് തിരിതെളിയിക്കപ്പെട്ടത് ജനുവരി 22- നാണ്, 27- നാണ് 34-Ɔമത് ലോകയുവജന സംഗമത്തിന് തിരശീല വീഴുക. ദൈവം നമ്മുടെ ജീവിതങ്ങളില്‍ ഇടപെടുകയും, ചില നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നത് നമ്മുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കാനല്ല, നമ്മുടെ ആശകളെ ആളിക്കത്തിക്കാനും യാഥാര്‍ത്ഥ്യമാക്കുവാനുമാണെന്ന് ഫ്രാൻസിസ് പാപ്പാ. 23- ബുധാഴ്ച പാപ്പാ പനാമയിലേയ്ക്കു പുറപ്പെടും മുൻപ് യുവജനങ്ങള്‍ക്കായി അയച്ച വീഡിയോ സന്ദേശത്തിലാണ് വളരെ ശ്രദ്ധയാകർഷിക്കുന്ന ഈ സന്ദേശം.
പാപ്പായുടെ വാക്കുകളുടെ സംപ്ക്ഷിപ്തം ഇങ്ങനെ: പരിശുദ്ധ മറിയത്തെ ഉദാഹരിച്ചായിരുന്നു പ്രബോധനം. അപരനായി സമര്‍പ്പിക്കുന്ന ജീവിതമാണ് അര്‍ത്ഥസമ്പുഷ്ടമാകുന്നതെന്നും ദൈവത്തിന്റെ വിളിയോട് മറിയം സമ്പൂര്‍ണ്ണ സമ്മതം നല്കിയതില്‍പ്പിന്നെ അവള്‍ മറ്റുള്ളവര്‍ക്കായി ജീവിക്കാനും, അതിനായി അകലങ്ങളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനും ധീരത പ്രകടമാക്കിയെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
യുവജനങ്ങള്‍ വിശ്വാസികളോ അവിശ്വാസികളോ ആവട്ടെ, നിങ്ങളുടെ പഠനത്തിന്റെ അവസാന ഭാഗത്ത് എത്തുമ്പോള്‍ മറ്റുള്ളവര്‍ക്കായി, പ്രത്യേകിച്ച് ജീവിതത്തില്‍ ക്ലേശിക്കുന്നവര്‍ക്കായി നന്മചെയ്യണമെന്നു തോന്നുന്നത് സ്വാഭാവികമാണ്. ഇത് എല്ലാ യുവജനങ്ങള്‍ക്കും നന്മചെയ്യാനുള്ള ക്രിയാത്മകമായ കരുത്താണ്. തീര്‍ച്ചയായും നമ്മുടെ ഇന്നിന്റെ കലുഷിതമായ ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ പോരുന്ന കരുത്താണ് യുവജനങ്ങള്‍ക്കുള്ളത്. അത് സേവനത്തിനുള്ള കരുത്താണ്. ലോകത്തുള്ള ഏതു ശക്തിയെയും മാറ്റിമാറിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
മറ്റുള്ളവരെ സഹായിക്കാന്‍ തുനിയുന്നവര്‍ക്ക് അതിനുള്ള സന്നദ്ധത മാത്രം പോര, അവര്‍ ദൈവവുമായി സംവദിക്കുകയും, ഐക്യപ്പെടുകയും, ദൈവികസ്വരം കേള്‍ക്കുകയും, ദൈവികപദ്ധതി തിരിച്ചറിഞ്ഞ് കരുത്താര്‍ജ്ജിക്കുകയും വേണം. അത് വിവാഹ ജീവിതത്തിലൂടെയോ, സന്ന്യാസ സമര്‍പ്പണത്തിലൂടെയോ, പൗരോഹിത്യത്തിലൂടെയോ ആകാമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
മറിയം സന്തോഷവതിയായത് ദൈവത്തിന്‍റെ വിളിയോട് അവള്‍ ഉദാരമായി പ്രത്യുത്തരിച്ചതുകൊണ്ടും, ദൈവത്തിന്‍റെ പദ്ധതികള്‍ക്കായി ഹൃദയം തുറന്നതുകൊണ്ടുമാണ്. മറിയത്തിന്‍റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ ദൈവം നമ്മുടെയും ജീവിതങ്ങളില്‍ ഇടപെടുകയും, ചില നിര്‍ദ്ദേശങ്ങള്‍ നമുക്കായി നല്കുകയും ചെയ്യും. അതു നമ്മുടെ സ്വപ്നങ്ങള്‍ തച്ചുടയ്ക്കാനല്ല, മറിച്ച് നമ്മുടെ ആശകളെ ആളിക്കത്തിക്കാനും യാഥാര്‍ത്ഥ്യമാക്കുവാനുമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.