ദേവാലയങ്ങളില്‍ കോവിഡു പടരുമോ? സർക്കാർ തീരുമാനത്തിലെ യുക്തി നല്ലത്
റിസ്‌കിനെ യുക്തിപൂര്‍വം നിയന്ത്രണവിധേയമാക്കിയേ മുന്നോട്ടു പോകാനാകൂ...
ഫാ.ജോഷി മയ്യാറ്റിൽ
ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും, വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും, നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയായില്‍ തട്ടിവിടുന്നുണ്ട്. വിശ്വാസികള്‍ക്ക് എവിടെയിരുന്നും പ്രാര്‍ത്ഥിക്കാമല്ലോ എന്നു കമന്റിയവർ ഈശോയുടെ വിശുദ്ധമായ ബലിയർപ്പണം ദേവാലയത്തിലേ ഉള്ളൂവെന്ന ലളിതമായ യുക്തി മറന്നു പോയി! പള്ളികള്‍ തുറക്കാൻ ആഗ്രഹിക്കുന്നത് വിശ്വാസംകൊണ്ട് ഉപജീവനം നടത്തുന്നവര്‍ മാത്രമാണെന്നൊക്കെ എഴുതിത്തള്ളിവിടുന്നവരെയും കണ്ടു. ഒരിക്കലും പള്ളിയില്‍ പോകാത്തവർ പോലും പള്ളി പ്രവേശത്തെ അപഹസിച്ചു കാച്ചി വിടുന്ന പഞ്ച്ഡയലോഗുകൾ വരെ ഷെയര്‍ ചെയ്തു ലൈക്കടിക്കുന്ന ‘ഭക്ത’ന്മാരെയും സോഷ്യല്‍ മീഡിയായില്‍ കാണാനിടയായി.
സർക്കാർ തീരുമാനത്തിലെ യുക്തി
ഏതായാലും സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ കൃത്യമായ ഒരു യുക്തിയുണ്ട്. എല്ലാം ശരിയാക്കിയിട്ട് സാധാരണ ജീവിതം തുടങ്ങാന്‍ കാത്തിരുന്നാല്‍ ഒന്നും ശരിയാകില്ലെന്ന് സര്‍ക്കാരുകള്‍ക്ക് മനസ്സിലായിട്ടുണ്ട്. കോവിഡ് 19 നെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം ഇനി സാധ്യമാണെന്ന് ലോകത്തിലെ ഒരു സര്‍ക്കാരും വിചാരിക്കുന്നില്ല. നിരോധനമല്ല, നിയന്ത്രണമാണ് അഭികാമ്യം എന്ന തിരിച്ചറിവും നിലപാടുമാണ് സർക്കാരുകൾക്കുള്ളത്.
മാളുകളും ബിവറേജസുകളും യാത്രാസൗകര്യങ്ങളും അനുവദിച്ചത് ‘റിസ്‌കി’ല്ലാഞ്ഞിട്ടല്ല, ആ റിസ്‌കിനെ യുക്തിപൂര്‍വം നിയന്ത്രണവിധേയമാക്കിയേ മുന്നോട്ടു പോകാനാകൂ എന്ന തിരിച്ചറിവിലാണ്. ദേവാലയങ്ങള്‍ തുറക്കുന്നതിലും അതേ റിസ്‌കുണ്ട്. പക്ഷേ വിശ്വാസീസമൂഹം ഉത്തരവാദിത്വപൂര്‍വം കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കും എന്ന വിശ്വാസമാണ് സര്‍ക്കാരിനുള്ളത്. പ്രത്യേകിച്ച്, കേരളത്തിലെ വിശ്വാസീസമൂഹങ്ങള്‍ തങ്ങളുടെ പ്രബുദ്ധത തങ്ങളുടെ ആരാധനക്രമീകരണങ്ങളില്‍ വെളിവാക്കും എന്ന് കേരള സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.
വിശ്വാസവും യുക്തിയും പൗരധര്‍മവും
കേരളത്തിലെ വിവിധ വിശ്വാസീസമൂഹങ്ങള്‍ക്ക് തങ്ങളുടെ യുക്തിഭദ്രതയും പൗരബോധവും പൂര്‍ണമായും പ്രകടമാക്കാന്‍ ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്. ആരാധനയ്ക്കായി ദേവാലയങ്ങൾ തുറക്കാനും മാക്സിമം നൂറു പേർക്ക് ഓരോ ദിവ്യബലിയിലും പങ്കെടുക്കാനും സർക്കാർ അനുമതി നല്കി എന്നത് വലിയ കാര്യം തന്നെയാണ്. ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കാൻ നമുക്കു കഴിയണം.
വിശ്വാസം വെറും വികാരമല്ല. വിശ്വാസവും യുക്തിയും കൈകോർത്താണ് നീങ്ങേണ്ടത്. അതു കൃത്യമായ കത്തോലിക്കാ നിലപാടാണ്. അതിനാൽ, യുക്തിഭദ്രമായ നിലപാടുകളാണ് വിശ്വാസാചരണത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ടത്. അത്തരം നിലപാടുകൾ തന്നെയായിരിക്കും ഉത്തമമായ പൗരബോധത്തിൻ്റെ ലക്ഷണങ്ങളും.
അനുഗ്രഹകേന്ദ്രങ്ങളായി ദേവാലയങ്ങൾ തുടരാൻ ജാഗ്രത അനിവാര്യം
ദേവാലയങ്ങളിൽ കോവിഡ് പടരാൻ സാധ്യതയുണ്ടെന്ന് ആദ്യമേ നാം അംഗീകരിക്കണം. അശ്രദ്ധയും അലംഭാവവും മൂലം വിശ്വാസികൾ തന്നെയോ ദുഷ്ടലക്ഷ്യങ്ങളോടെ സാമൂഹ്യദ്രോഹികളോ രോഗം പടർത്താൻ സാധ്യതയുണ്ടെന്നും നാം തിരിച്ചറിയണം. രോഗബാധയ്ക്ക് അല്പം പോലും സാധ്യത അവശേഷിപ്പിക്കുന്ന ഒരു ഭാഗ്യപരീക്ഷണത്തിനും നാം നിന്നുകൊടുക്കരുത്.
ജൂൺ ഒമ്പതു മുതൽ കുർബാനയർപ്പണം അനുവദനീയമാണെങ്കിലും എല്ലാ പള്ളികളും അതു ചെയ്യണമെന്നില്ലെന്നാണ് എൻ്റെ അഭിപ്രായം. കൊല്ലം പരിസരത്തെ പ്രത്യേക സാഹചര്യം മുൻനിറുത്തി കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ മുല്ലശ്ശേരി പിതാവ് എടുത്തിട്ടുള്ള നിലപാട് ശ്ലാഘനീയമാണ്. രൂപതാ കേന്ദ്രങ്ങളിൽ നിന്ന് വിശ്വാസത്തിനും ആരാധനക്രമത്തിനും കൂടുതൽ ഉണർവു നല്കുന്നതും, എന്നാൽ പൊതുസമൂഹത്തോടുള്ള വിശ്വാസികളുടെ ഉത്തരവാദിത്വത്തിൽ ഊന്നിയതുമായ പിഴവില്ലാത്ത നിർദ്ദേശങ്ങൾ വ്യക്തവും കൃത്യവുമായി നല്കാൻ ശ്രദ്ധിക്കണം. വരാപ്പുഴ അതിരൂപതാധ്യക്ഷൻ്റെ സർക്കുലർ ശ്രദ്ധയിൽ പെട്ടു. സുചിന്തിതവും വ്യക്തവുമാണത്. കർക്കശമായ നിയന്ത്രണം പാലിക്കുമെന്ന് നൂറു ശതമാനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ആരാധനാലയങ്ങൾ തുറക്കേണ്ടതുള്ളൂ. കാര്യമായ ടീം വർക്കും ഉത്തരവാദിത്വമുള്ള അല്മായ നേതൃത്വവും കാര്യക്ഷമതയുള്ള സംഘടനകളും ശുശ്രൂഷാ സമിതികളും ഉള്ള ഇടവകകളിലേ ഇതു സാധ്യമാകൂ.
രൂപതാദ്ധ്യക്ഷന്മാരുടെ നിർദ്ദേശങ്ങൾ ഓരോ രൂപതയിലും നൂറു ശതമാനം കൃത്യമായി വിശ്വാസികൾ പാലിക്കുക ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇപ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യത്തെ നമുക്ക് ദുരുപയോഗിക്കാതിരിക്കാം. ദുരുപയോഗിക്കാൻ സാധ്യതയുള്ളവരെ അകറ്റി നിർത്താം. കോവിഡ് പകരാനും പടർത്താനും സാഹചര്യമുണ്ടെന്ന ഓർമ്മ ഏവർക്കും ഉണ്ടാകണം.
ദിവ്യകാരുണ്യനാഥൻ നമ്മെയും നമ്മുടെ നാടിനെയും നാട്ടാരെയും ജീവൽസമൃദ്ധി നല്കി അനുഗ്രഹിക്കട്ടെ!