ദുരിതങ്ങളൊഴിയാതെ ആലപ്പുഴ കടലോര ഗ്രാമങ്ങൾ… കൈതാങ്ങുമായി ആലപ്പുഴ രൂപതയിലെ എൽ.സി.വൈ.എം.
ദുരിതങ്ങളൊഴിയാതെ ആലപ്പുഴ കടലോര ഗ്രാമങ്ങൾ... കൈതാങ്ങുമായി ആലപ്പുഴ രൂപതയിലെ എൽ.സി.വൈ.എം.
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം തുടരുന്നു. ആലപ്പുഴ രൂപതയിലെ സെന്റ് വിൻസെന്റ് പള്ളോടി LCYM യുണിറ്റ് അംഗങ്ങളാണ് വീട് നഷ്ടപെട്ട് വായന ശാലയിലും മറ്റും കഴിയുന്ന കുടുംബങ്ങൾക്ക് കൈതാങ്ങുമായി എത്തുന്നത്. തങ്ങളാൽ കഴിയുന്നരീതിയിൽ നിത്യോപയോഗ സാധനങ്ങൾ അവർക്ക് എത്തിച്ചു കൊടുക്കുകയാണ് യുവജങ്ങൾ.
ഓഖി ചുഴലിക്കാറ്റിനു പിറകെ തീരദേശവാസികൾക്ക് കനത്ത പ്രഹരവുമായെത്തിയിരിക്കയാണ് ശക്തമായ കടലാക്രമണം. ആലപ്പുഴ ജില്ലയിലെ കാട്ടൂർ, കോർത്തശേരി തുടങ്ങിയ പ്രദേശങ്ങളിൽ ചില വീടുകൾ പൂർണമായി കടലെടുത്തു. പുന്നയ്ക്കൽ ജോസഫിന്റെയും അൽഫോൺസിന്റെയും വീടുകൾ പൂർണ്ണമായും തകർന്നു. മറ്റു നിരവധി വീടുകളും തകർച്ചാ ഭീഷണിയിലാണ്.
കടലാക്രമണം രൂക്ഷമായതുമൂലം ദിവസങ്ങളായി പണിക്ക് പോകുവാൻപോലും കഴിയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഏറെ പ്രതിസന്ധിയിലായിരിക്കുന്നു.
അശാസ്ത്രിയമായ കടൽഭിത്തി നിർമ്മാണവും ചിലയിടങ്ങളിൽ കടൽഭിത്തിയുടെ പൂർണ്ണമായ അഭാവവും കടലാക്രമണത്തിന്‍റെ തീവ്രത കൂട്ടുന്നു. കടൽ ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കടൽ കരയിലേക്ക് കുടുതൽ ശക്തിയായിഅടിച്ചു കയറുന്നുണ്ട്.
ഒരു ശാശ്വത പരിഹാരമെന്ന നിലയിൽ കടലിൽ 200 മീറ്റർ ഇടവിട്ട് പുലിമുട്ട് നിർമിക്കണമെന്ന വർഷങ്ങളായുള്ള ഇവരുടെ ആവശ്യത്തിനു മാറിവരുന്ന സർക്കാരുകളുടെ ഭാഗത്ത് നിന്നു ഇതുവരെ അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥലം വാങ്ങി വീട് വയ്ക്കാൻ സർക്കാർ നൽകാം എന്ന് പറയുന്ന പത്തു ലക്ഷം രൂപാ ധനസഹായം ഇന്നത്തെ അവിടുത്തെ സ്ഥല വിലയനുസരിച്ച് ഒന്നിനും തികയില്ലയെന്നത് യാഥാർഥ്യം.
തീരദേശ ദേശ ടൂറിസത്തിന്‍റെ പേരിൽ വൻകിട റിസോർട്ടുകളും മറ്റും ഭുരിഭാഗം കടലോരപ്രദേശങ്ങളുംകൈഅടക്കി കഴിഞ്ഞു. ഒരു തുണ്ട് ഭൂമിപോലും ഇവിടെ കിട്ടാനില്ലാത്ത അവസ്ഥ നിലനിൽക്കുന്നുമുണ്ട്.