ദിവ്യകാരുണ്യ സ്വീകരണ സമയത്ത് തിരുവോസ്തി തീർന്നു പോയാൽ കൂദാശചെയ്യാത്ത ഓസ്തി നൽകാമോ?
കൂദാശചെയ്ത വീഞ്ഞായ തിരുരക്തത്തിൽ കൂദാശചെയ്തിട്ടില്ലാത്ത ഓസ്തി മുക്കി വിശ്വാസികൾക്ക് വിതരണം ചെയ്യുമ്പോൾ സംഭവിക്കുന്നത് വ്യക്തമായ ദൈവനിന്ദയാണ് (sacrilege)...
സി.മേരി ലില്ലി പഴമ്പിള്ളി CTC
പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ഒരു ഇടവക പള്ളിയിൽ ശുശ്രൂഷയ്ക്കു പൊയ്ക്കൊണ്ടിരുന്ന കാലത്ത് ഒരാൾ എന്നോടൊരു സംശയം ചോദിച്ചു: ദിവ്യകാരുണ്യ സ്വീകരണ സമയത്ത് തിരുവോസ്തി തീർന്നു പോയാൽ സങ്കീർത്തിയിൽ സൂക്ഷിച്ചിരിക്കുന്ന കൂദാശചെയ്യാത്ത ഓസ്തിയെടുത്ത് ജനങ്ങൾക്കു കൊടുക്കാനാകുമോ? കൂദാശചെയ്യാത്ത ഓസ്തി കാസയിലെ തിരുരക്തത്തിൽ മുക്കി കൊടുത്താൽ ശരിയാകുമോ? എന്ന ഉപചോദ്യവും കൂടെയുണ്ട്.
ദിവ്യകാരുണ്യ സ്വീകരണത്തിനിടയ്ക്ക് തിരുവോസ്തി തീർന്നു പോയാൽ വൈദീകൻ എന്തുചെയ്യണമെന്നാണ് കത്തോലിക്കാ ആരാധനാക്രമം പഠിപ്പിക്കുന്നത്? നമുക്കറിയാം പരിശുദ്ധ കുർബാന സ്വീകരണം സഭാമക്കളായ നമ്മുടെ ഓരോരുത്തരുടെയും ആത്മീയ ജീവിതത്തിന്റെ കേന്ദ്രമാണെന്ന്. കുർബാനയിലൂടെയാണ് ദൈവം ലോകത്തെ ക്രിസ്തുവിൽ വിശുദ്ധീകരിക്കുന്നത്. നമ്മൾ പരിശുദ്ധാത്മാവിൽ ദൈവപുത്രനായ ക്രിസ്തുവിലൂടെ പിതാവിന് അർപ്പിക്കുന്ന ആരാധനയാണത്.
ക്രൈസ്തവർ എന്ന നിലയിൽ ഈ ബലിയുമായാണ് നമ്മുടെ ജീവിതത്തിന്റെ പവിത്രമായ എല്ലാ പ്രവർത്തനങ്ങളും ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് പരിശുദ്ധ കുർബാനയുടെ സ്വീകരണം ഒരു ക്രൈസ്തവനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കടമയും ആനന്ദവുമാണെന്ന് പറയുന്നത്. ആ സ്ഥിതിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനിടയിൽ തിരുവോസ്തി തീർന്നു പോയാൽ കാർമ്മികന് എന്തൊക്കെ ചെയ്യാൻ സാധിക്കും?
പരിശുദ്ധ കുർബാനയർപ്പണത്തെ കുറിച്ചുള്ള നിർദ്ദേശങ്ങളായ General Instruction of the Roman Missal അനുസരിച്ച് കാർമ്മികന് മൂന്നു കാര്യങ്ങൾ ചെയ്യാം:
1) തിരുവോസ്തി തികയില്ലെന്നു മനസ്സിലായാൽ കാർമ്മികൻ ചെയ്യേണ്ടത് സിബോറിയത്തിൽ ബാക്കിയുള്ള തിരുവോസ്തികൾ ചെറുതായി മുറിച്ചു നൽകുക എന്നതാണ്. ഓർക്കണം, എത്ര ചെറിയ കഷണമായാലും തിരുവോസ്തിയിൽ ക്രിസ്തുവിന്റെ സാന്നിധ്യം പൂർണ്ണവും സജീവമായും തന്നെയുണ്ട്.
2) വിശ്വാസികൾക്ക് കാസയിൽ നിന്ന് നേരിട്ട് ക്രിസ്തുവിന്റെ രക്തം സ്വീകരിക്കാം. അതിനായി കാർമ്മികൻ കാസ വിശ്വാസിക്ക് കൈമാറുകയും വിശ്വാസി അത് അൽപം കുടിച്ചിട്ടു തിരികെ കാർമ്മികനെ ഏൽപ്പിക്കുകയും ചെയ്യണം; കാർമ്മികൻ കാസയുടെ വക്കിൽ തുടച്ചു അടുത്തയാൾക്കു നൽകണം (Cf. GIRM 286).
റോമൻ മിസ്സാൽ (കുർബാന പുസ്തകം) മാനദണ്ഡമനുസരിച്ച് കാസയിൽ നിന്ന് നേരിട്ട് കർത്താവിന്റെ രക്തം സ്വീകരിക്കാം. അല്ലെങ്കിൽ ഒരു ട്യൂബോ സ്പൂണോ ഉപയോഗിച്ചും സ്വീകരിക്കാം (Cf. GIRM – 285, 245). അല്മായവിശ്വാസികൾക്ക് തിരുരക്തം നൽകുന്നതുമായി ബന്ധപ്പെട്ട്, ട്യൂബോ സ്പൂണോ ഉപയോഗിക്കുന്നത് പ്രാദേശിക ആചാരമല്ലാത്തതിനാൽ അത് ഒഴിവാക്കാമെന്നു മെത്രാൻമാർക്ക് നിർദ്ദേശിക്കാവുന്നതാണ് (Cf. RS 103).
3) അല്ലെങ്കിൽ, കാർമ്മികൻ കാഴ്ച്ചവെയ്പ്പു മുതൽ വീണ്ടും കുർബാന ആരംഭിച്ച് അപ്പവും വീഞ്ഞും പവിത്രീകരിച്ച് വിശ്വാസികൾക്ക് നൽകണം. എത്ര അത്യാവശ്യമാണെന്നു പറഞ്ഞാൽ പോലും ഒരിക്കലും ഓസ്തിയോ വീഞ്ഞോ ഒന്നുമാത്രമായി കൂദാശചെയ്യാൻ പാടില്ല. (Cf. Ca. 927)
മുകളിൽ പറഞ്ഞ 3 കാര്യങ്ങളും സാധിച്ചില്ലെങ്കിൽ കാർമ്മികൻ തിരുവോസ്തി തീർന്ന കാര്യം വിശ്വാസികളെ ക്ഷമാപണത്തോടെ അറിയിക്കുകയും അടുത്ത പ്രാവശ്യം ലഭ്യമാക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യണം. വിശ്വാസികൾക്ക് ആത്മാവിലുള്ള പരിശുദ്ധ കുർബാന സ്വീകരണം (Spiritual Communion) നടത്താവുന്നതാണ്.
കൂദാശചെയ്യാത്ത ഓസ്തി തിരുരക്തത്തിൽ മുക്കി നൽകുന്നത് വൈദീകനു സംഭവിക്കാവുന്ന അബദ്ധമാണ്. അങ്ങനെയുള്ള പ്രവർത്തികളെ കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്:
2004-ൽ ഇറങ്ങിയ Redemptionis Sacramentum എന്ന ദിവ്യബലിയെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിൽ ഈയൊരു വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദിവ്യബലിയുടെ സമയത്ത് ആരാധനാക്രമപുസ്തകങ്ങളിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, കൂദാശ (Consecration) ചെയ്യാത്ത ഓസ്തിയോ, മറ്റ് ഭക്ഷ്യയോഗ്യമായതോ അല്ലാത്തതോ ആയ വസ്തുക്കളോ വിതരണം ചെയ്യുന്ന സമ്പ്രദായം അനുവദനീയമല്ല. അത്തരമൊരു സമ്പ്രദായം റോമൻ ആരാധനക്രമത്തിന്റെ പാരമ്പര്യവുമായി ഒരു തരത്തിലും യോജിക്കുന്നില്ല. അങ്ങനെയുള്ള പ്രവണതകൾ സഭയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രത്തെക്കുറിച്ച് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമെ ചെയ്യൂ.
ചില സ്ഥലങ്ങളിൽ കുർബാനയ്ക്കുശേഷം വിതരണത്തിനായി അപ്പം ആശീർവദിക്കുന്ന ആചാരം പ്രത്യേക ഇളവോടെ നൽകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ ആ പ്രവർത്തിയെക്കുറിച്ച് വളരെ ശ്രദ്ധാപൂർവം മതബോധനം നൽകണം. ഇത്തരത്തിൽ സമാനമായ മറ്റ് സമ്പ്രദായങ്ങൾ അവതരിപ്പിക്കുമ്പോൾ ഒരിക്കലും പവിത്രീകരിക്കാത്ത ഓസ്തികൾ ഉപയോഗിക്കരുതെന്ന് സഭ നിഷ്കർഷിക്കുന്നുണ്ട്.
എപ്പോഴെല്ലാം വിശുദ്ധ ആരാധനക്രമത്തിന്റെ ആഘോഷത്തിൽ അപഭ്രംശങ്ങൾ സംഭവിക്കുന്നുവോ, അപ്പോഴെല്ലാം സംഭവിക്കുന്നത് കത്തോലിക്കാ ആരാധനാക്രമത്തിന്റെ ദുർവിനിയോഗമാണ്. സെന്റ് തോമസ് അക്വീനാസ് Summa theologica യിൽ എഴുതുന്നു: “തിരുസഭ സ്ഥാപിച്ചതിനും ശീലിച്ചതിനും വിരുദ്ധമായ രീതിയിൽ, ദൈവിക അധികാരത്തോടെ സഭയെ പ്രതിനിധീകരിച്ച് ദൈവത്തിന് ആരാധന അർപ്പിക്കുന്ന ഏതൊരാളും അസത്യത്തിന്റെ ദുഷ്പ്രവൃത്തികൾ ചെയ്യുന്നു” (RS 169).
പരിശുദ്ധ കുർബാന സ്വീകരണത്തിന്റെ തിരുവോസ്തി സാധുതയുള്ള ദ്രവ്യമായ ഗോതമ്പു കൊണ്ട് ഉണ്ടാക്കിയതായിരിക്കണമെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. കൂടാതെ അത് കൂദാശ ചെയ്തതുമായിരിക്കണം. ദിവ്യകാരുണ്യ വിതരണവേളയിൽ കൂദാശചെയ്ത തിരുവോസ്തി തീർന്നു പോയാൽ അതിനുപകരമായി വിശുദ്ധീകരിക്കാത്ത ഓസ്തിയോ മറ്റ് ഭക്ഷണപദാർത്ഥങ്ങളോ ഉപയോഗിക്കുന്നത് തീർത്തും അനുവദനീയമല്ലാത്ത കാര്യമാണ് (Cf. RS 104). കൂദാശചെയ്ത വീഞ്ഞായ തിരുരക്തത്തിൽ കൂദാശചെയ്തിട്ടില്ലാത്ത ഓസ്തി മുക്കി വിശ്വാസികൾക്ക് വിതരണം ചെയ്യുമ്പോൾ സംഭവിക്കുന്നത് വ്യക്തമായ ദൈവനിന്ദയാണ് (sacrilege). അങ്ങനെയുള്ള പ്രവർത്തികളെ ഒരു കാരണവശാലും ദൈവശാസ്ത്രപരമായി ന്യായീകരിക്കരുത്. വിശുദ്ധമല്ലാത്തത് വിശുദ്ധമായതിൽ കലർത്തുമ്പോൾ വിശുദ്ധമായതിനെ അവഹേളിക്കുന്നതിനു തുല്യമാണ്.
ക്രിസ്തുവിന്റെ തിരുശരീരത്തെയും തിരുരക്തത്തെയും ഈ രീതിയിൽ അവഹേളിക്കുന്നത് നിസ്സാരമായ ഒരു കാര്യമല്ല. Redemptionis Sacramentum 107- അനുസരിച്ചു വിശുദ്ധ വസ്തുക്കളെ ആദരിക്കാതെ അശുദ്ധമാക്കുന്ന ആരായാലും അപ്പോസ്തോലിക സിംഹാസനത്തിൽ നിക്ഷിപ്തമായ ബഹിഷ്കരണത്തിന് (Latae sententiae excommunication – Anathema) വിധേയമാകും എന്നകാര്യം എല്ലാ കാർമ്മികരും ഓർക്കണം. അവഹേളനം ചെയ്യുന്നയാൾ വൈദീകനായാലും ശിക്ഷിക്കപ്പെടാം. ആരാധനാക്രമങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടാം. (Cf. Ca. 1367).
ഇങ്ങനെയുള്ള വ്യതിചലനങ്ങൾ പരിശുദ്ധ കുർബാനയുടെയിടയിൽ സംഭവിക്കുന്നുണ്ടെങ്കിൽ ഒരു ക്രൈസ്തവൻ എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
Redemptionis Sacramentum 184 – അനുസരിച്ച് എല്ലാ കത്തോലിക്കർക്കും – അത് പുരോഹിതനോ ഡീക്കനോ ക്രൈസ്തവ വിശ്വാസിയായ അല്മായനോ ആരുമായിക്കൊള്ളട്ടെ – ആരാധനാക്രമപരമായ ദുരുപയോഗം സംബന്ധിച്ച് രൂപത ബിഷപ്പിനോടോ അദ്ദേഹത്തിന് തുല്യമായ അല്ലെങ്കിൽ പാപ്പയുടെ പ്രാഥമികാധികാരത്തിലുള്ള അപ്പോസ്തോലിക സഭയോടോ പരാതിപ്പെടാൻ അവകാശമുണ്ട് ( Cf. Ca. 1417). എന്നിരുന്നാലും, റിപ്പോർട്ടോ പരാതിയോ ആദ്യം രൂപതാ ബിഷപ്പിന് സമർപ്പിക്കുന്നതായിരിക്കും ഉചിതം. കാരണം, സാർവത്രിക സഭയുടെ ഐക്യം സംരക്ഷിക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം മെത്രാനാണ്. ആരാധനക്രമങ്ങളിലെ വ്യതിചലനം അനൈക്യത്തിന്റെയും അച്ചടക്ക രാഹിത്യത്തിന്റെയും പ്രതിഫലനങ്ങളാണ്. അങ്ങനെയുള്ള അവസരങ്ങളിൽ സഭാ നിയമങ്ങളെല്ലാം പാലിക്കണമെന്ന് നിഷ്ക്കർഷിക്കേണ്ടത് മെത്രാന്റെ ചുമതലയാണ് (Cf. RS 177). കാനോൻ നിയമം വളരെ വ്യക്തമായി പറയുന്നുണ്ട് – ആരാധനക്രമത്തിലെ ദുരുപയോഗം സഭാ അച്ചടക്കത്തിൽ കടന്നുകയറാതിരിക്കാൻ മെത്രാൻ ജാഗ്രത പാലിക്കണമെന്ന്, പ്രത്യേകിച്ച് വചനശുശ്രൂഷ, കൂദാശകളുടെയും കൂദാശാനുകരണങ്ങളുടെയും ആഘോഷം, ദൈവാരാധന, വിശുദ്ധരുടെ വണക്കം എന്നിവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ (Cf. Ca. 838 para. 4, 392).
ഒരു മെത്രാനൊ അല്ലെങ്കിൽ ഒരു സഭാസ്ഥാപനത്തിന്റെ അധികാരിക്കൊ പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപവാദമോ ദുരുപയോഗമോ സംബന്ധമായ അറിയിപ്പ് ലഭിക്കുകയാണെങ്കിൽ, അവർ വ്യക്തിപരമായോ മറ്റു മാർഗ്ഗങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റൊരു യോഗ്യനായ പുരോഹിതനിലൂടെയോ വ്യക്തവും സൂക്ഷ്മവുമായ അന്വേഷണം നടത്തിയിരിക്കണം (Cf. RS 178). ദിവ്യബലിക്കിടയിലോ മറ്റ് കൂദാശകളുടെ പരികർമ്മങ്ങളിലോ വിശ്വാസത്തിനെതിരായ ഏതെങ്കിലും തെറ്റോ കുറ്റമോ സംഭവിക്കുകയാണെങ്കിൽ കാലതാമസമൊന്നും കൂടാതെ വിശ്വാസ തിരുസംഘത്തെ അറിയിക്കണമെന്ന് Redemptionis Sacramentum 179 വ്യക്തമായി നിഷ്കർഷിക്കുന്നുണ്ട്. വിശ്വാസ തിരുസംഘത്തിന് അതു പരിശോധിച്ച് നിയമത്തിന്റെ മാനദണ്ഡമനുസരിച്ച് കാനോനിക്കൽ ഉപരോധങ്ങൾ പ്രഖ്യാപിക്കുകയോ ചുമത്തുകയോ ചെയ്യാം (Cf. Pastor Bonus by John Paul II). എങ്കിൽത്തന്നെയും രൂപത തലത്തിലൂടെ ചിന്തിക്കുകയാണെങ്കിൽ പരിശുദ്ധ കുർബാനയുടെ വിശുദ്ധിക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ മെത്രാന് വിശുദ്ധ നിയമങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി നടപടി എടുക്കാവുന്നതാണ്. കാര്യം ഗൗരവമുള്ളതാണെങ്കിൽ മാത്രം ദൈവാരാധനയുടെയും കൂദാശകളുടെയും തിരുസംഘത്തെ അറിയിച്ചാൽ മതിയാകും (Cf. RS 180).
പരിശുദ്ധ കുർബാന എന്ന ഏറ്റവും വിശുദ്ധമായ കൂദാശ എല്ലാ അനാദരവുകളിൽ നിന്നും സംരക്ഷിക്കപ്പെടണമെന്നും എല്ലാ ദുരുപയോഗങ്ങളും സമഗ്രമായി മാറ്റുമെന്നും ഉറപ്പാക്കാൻ എല്ലാവരും അവരവരുടെ കഴിവിൽ സാധിക്കുന്നതെല്ലാം ചെയ്യണം. ഇത് ഓരോ ക്രൈസ്തവ വിശ്വാസിക്കും ബാധ്യതയുള്ള ഏറ്റവും ഗൗരവമേറിയ കടമയാണ്, ഒരു പക്ഷപാതവുമില്ലാതെ അത് നിർവഹിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് (Cf. RS 183). മറക്കരുത്, നമ്മൾ ഓരോരുത്തരും വിശുദ്ധ ആരാധനാക്രമത്തിന്റെ സേവകരാണെന്ന് (Cf. GIRM 24).
തിരുസഭയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവും ഔന്നത്യവും ആരാധനക്രമമാണ്. സഭയുടെ എല്ലാ ശക്തിയും പ്രവഹിക്കുന്ന നീരുറവയാണത്. ആരാധനാക്രമം നമ്മെ വിശുദ്ധിയിൽ ഒന്നായിത്തീരാൻ പ്രേരിപ്പിക്കുന്നു. വിശ്വാസത്താലും മാമ്മോദീസയാലും ദൈവപുത്രരാക്കപ്പെടുന്ന നമ്മൾ ദൈവത്തെ സ്തുതിക്കാനും കർത്താവിന്റെ അന്ത്യഅത്താഴം ഭക്ഷിക്കാനും ഒരുമിച്ചുകൂട്ടുന്ന കൂദാശയാണ് ദിവ്യബലി. അത് ദൈവവും നമ്മളുമായുള്ള ഉടമ്പടി നവീകരിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിൽ നിലനിറുത്തുകയും ചെയ്യുന്നു. അങ്ങനെ ആരാധനാക്രമത്തിൽ നിന്ന്, പ്രത്യേകിച്ച് ദിവ്യബലിയിൽ പരിശുദ്ധ കുർബാനയുടെ സ്വീകരണത്തിൽ നിന്ന്, ഒരു നീരുറവയിൽ നിന്നെന്ന പോലെ കൃപ നമ്മുടെമേൽ ചൊരിയപ്പെടുന്നു.
ക്രിസ്തുവിലുള്ള നമ്മുടെ വിശുദ്ധീകരണവും ദൈവത്തിന്റെ മഹത്വീകരണവും, സഭയുടെ മറ്റെല്ലാ പ്രവർത്തനങ്ങളും ഏറ്റവും ഫലപ്രദമായ രീതിയിൽ ദിവ്യബലിയിൽ കൈവരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ, ആരാധനാക്രമത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Sacrosanctum Concilium പ്രമാണരേഖയിൽ (Cf. SC 10) വ്യക്തമാക്കുന്നതുപോലെ, പരിശുദ്ധ കുർബാനയെ എല്ലാവിധ അപഭ്രംശങ്ങളിൽ നിന്നും കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്.
കെ.ആര്‍.എല്‍.സി.ബി.സി. ലിറ്റര്‍ജി കമ്മീഷന്‍ എക്‌സിക്യൂട്ടീവ് അംഗവും, കെ.ആര്‍.എല്‍.സി.ബി.സി. തിയോളജി കമ്മീഷൻ അംഗവും ഇന്ത്യൻ ലിറ്റർജിക്കൽ അസോസിയേഷൻ അംഗവുമാണ് ലേഖിക.