ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആഹ്വാനംചെയ്ത ബംഗളൂരു ആർച്ച് ബിഷപ്പ്
ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക...
സ്വന്തം ലേഖകൻ
ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ജനുവരി 24, വെള്ളിയാഴ്ചയാണ് 12 മണിക്കൂർ ദിവ്യകാരുണ്യ നടത്തപ്പെടുക. കഴിഞ്ഞ ദിവസമാണ് അതിരൂപതയെയും ഭാരത കത്തോലിക്കാസഭയെയും ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്‌ത ദൈവനിന്ദ അരങ്ങേറിയത്. വിശുദ്ധകുർബാനയുടെ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം പുറത്തേക്ക് എറിയപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു.
കവർച്ചാ ശ്രമത്തിനിടെയിൽ ആയിരിക്കാം ദിവ്യകാരുണ്യം ഇപ്രകാരം ഉപേക്ഷിക്കപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ദിവ്യകാരുണ്യ നാഥനോട് ചെയ്ത ഈ ഗൗരവമായ ദൈവനിന്ദ സെന്റ് ഫ്രാൻസിസ് അസീസി ഇടവകയിലാണ് സംഭവിച്ചത് എങ്കിലും അതിരൂപതയുടെ മുഴുവൻ മനോവികാരത്തെയും ആദ്ധ്യാത്മികതയെയും ഇത് ബാധിക്കുന്നതിനാൽ, അതിരൂപതയിലെ മുഴുവൻ സഭാ വിശ്വാസികളും ഈ ദൈവദ്രോഹ പ്രവർത്തിക്കു പ്രായശ്ചിത്തം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് ആർച്ച് ബിഷപ്പ്, പീറ്റർ മക്കാദോ അറിയിച്ചു.
അതിനാൽ ജനുവരി 24, വെള്ളിയാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ സഭ ഭവനങ്ങളിലും ദിവ്യകാരുണ്യ നാഥനനെ പ്രത്യേകമായി സ്തുതിക്കാനും ആരാധിക്കുവാനും, രാവിലെ മുതൽ വൈകുന്നേരം വരെ പന്ത്രണ്ട് മണിക്കൂർ നീണ്ട ദിവ്യകാരുണ്യ ആരാധന നയിക്കുവാനും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.