തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം
ഈ നോമ്പുകാലം എന്റേതെന്നുള്ളതൊക്കെ നഷ്ടപ്പെടുത്താം, അവന്റേതെന്നുള്ളതൊക്കെ എന്നിൽ ജീവിക്കട്ടെ...
നിയമാ 30, 15-20
ലൂക്കാ 9, 22- 25
“ഇതാ നിന്റെ മുന്നിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു” (30,15). ഒന്നാം വായനയിലും സുവിശേഷത്തിലും ജീവനെയും മരണത്തെയും കുറിച്ച് പറഞ്ഞിട്ട്, ഒരു തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നമുക്ക് മുന്നിൽ വച്ചിരിക്കുന്നു. ജീവനെ തിരഞ്ഞെടുക്കുകയെന്നാൽ “കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക” എന്നർത്ഥം. ഒറ്റവാക്കിൽ പറഞ്ഞാൽ, ജീവനെ തിരഞ്ഞെടുക്കുകയെന്നു പറഞ്ഞാൽ ദൈവഹിതമനുസരിച്ചു ജീവിക്കുകയെന്നർത്ഥം. എങ്കിൽ മരണമെന്താണ് ? എന്റെ ഹിതമനുസരിച്ചു ജീവിക്കുക, തന്നിഷ്ടമനുസരിച്ചു ജീവിക്കുകഎന്ന് സാരം. “പാപത്തിന്റെ വേതനമാണ് മരണ”മെന്ന് പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നുണ്ട് (റോമാ 6, 22).
ദൈവഹിതമനുസരിച്ചു ജീവിക്കാതെ, തന്നിഷ്ടമനുസരിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ മരണം സംഭവിച്ചു തുടങ്ങി. അതിനാൽ ജീവൻ ലഭിക്കാൻ ദൈവഹിതമനുസരിച്ചു ജീവിക്കാൻ തുടങ്ങാം . ലൂക്കാ 9, 24-ൽ പറയുന്നു, “സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും”. എന്നുപറഞ്ഞാൽ, ഈ ലോകത്തിനുവേണ്ടിയും , എന്റെ ആഗ്രഹത്തിനുവേണ്ടിയും ജീവിക്കാൻ തുടങ്ങുമ്പോൾ മരണം സംഭവിക്കുന്നു, ജീവൻ നഷ്ടമാകുന്നു. എന്നാൽ വചനം തുടർന്ന് പറയുന്നു, “എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കുന്നു”.
ജീവൻ നമുക്ക് നൽകുവാൻ വേണ്ടിയാണു ക്രിസ്തു മരിച്ചത്. മനുഷ്യകുലം രക്ഷിക്കപ്പെടാൻ വേണ്ടി അവൻ പാപമായിമാറി; 2 കോറി. 5, 21 ൽ പറയുന്നു, “പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി മാറ്റി”. ക്രിസ്തുവിന്റെ മരണത്തിലൂടെ നമ്മൾ നീതീകരിക്കപ്പെട്ടവരായി മാറി, നിത്യജീവൻ സ്വന്തമാക്കി കഴിഞ്ഞു. ആയതിനാൽ, മരണത്തെ നേടാത്തവരായി മാറാൻ, പാപമായി മാറിയ ക്രൂശിതൻ കാണിച്ച കുരിശിന്റെ വഴിയേ നടന്ന്, അനുദിനം ലോകത്തിനുമുന്നിൽ പലതിനോടും ഒരു ‘NO’ പറയാൻ പഠിക്കാം. അത് നിന്റെ ഇഷ്ടങ്ങളുടെ മരണമാണ്. ഈ ലോകത്തോടുള്ള പാപത്തോടുള്ള അകൽച്ചയാണ്. എന്നാൽ അത് നിന്നിൽ ദൈവഹിതങ്ങൾ ജീവിക്കലും നിത്യജീവിതത്തോടുള്ള അടുക്കലുമാണ്. അതോടൊപ്പം ക്രിസ്തുവിലൂടെ നിത്യജീവിതത്തിനു കൂടാവകാശം കരസ്ഥമാക്കലുമാണ്.
ഈ നോമ്പുകാലം എന്റേതെന്നുള്ളതൊക്കെ നഷ്ടപ്പെടുത്താം, അവന്റേതെന്നുള്ളതൊക്കെ എന്നിൽ ജീവിക്കട്ടെ. കാരണം, “ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തുപ്രയോജനം?