സാബു കുരിശുമല
കുരിശുമല: കാരുണ്യത്തിന്റെ ഉദാത്തമാതൃകയായി തെക്കൻ കുരിശുമലയിൽ കാരുണ്യസദസ്സ് സംഘടിപ്പിച്ചു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ ഓർമ്മയ്‌ക്കായി കുരിശുമല വജ്രജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ പദ്ധതികളുടെ തുടർച്ചയായി നിർദ്ധനരും നിരാലംബരുമായ നിരവധിപേർക്ക് കുരിശുമല കാരുണ്യത്തിന്റെ സഹായ ഹസ്‌തമായി.
മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള കമിലൻസ് മെമ്മോറിയൽ മെഡിസിൻ സ്‌കോളർഷിപ്പ്, സെന്റ് വിൻസെന്റ് ചാരിറ്റബിൾ ട്രസ്റ്റ് മെഡിസിൻ സ്‌കോളർഷിപ്പ്, സുശീല മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തോബിയാസ്-സെൽവിൻ മേരി മെമ്മോറിയൽ ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ്, കാരുണ്യസ്‌പർശം ചികിത്സാ സഹായ വിതരണം, സ്‌നേഹസാന്ത്വനം തുടർ പെൻഷൻ വിതരണം എന്നിവ നിരവധി പേർക്ക് കൈത്താങ്ങായി മാറി. സംഗമവേദിയിൽ നടന്ന കാരുണ്യസദസ്സിൽ വച്ചാണ് സഹായ പദ്ധതികൾ വിതരണം ചെയ്‌തത്.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷനായിരുന്നു. യോഗത്തിൽ മനോതങ്കരാജ് എം.എൽ.എ., എ.റ്റി.ജോർജ്ജ്, റവ. ഇ.ഷൈൻ, കിരൺ, അശ്വതി ജ്വാന, അഞ്‌ജന സുധീഷ്, ടി.ജി.രാജേന്ദ്രൻ, ബിബിൻ ജെ.ആർ. എന്നിവർ പ്രസംഗിച്ചു.