തെക്കന്‍ കുരിശുമല 65-ാമത് മഹാതീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം
നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം (വെള്ളറട) : പ്രസിദ്ധതീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമല 65-ാമത് മഹാതീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കൊടിയേറ്റി 10 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു.
ഇന്ന് ആരംഭിച്ച ഒന്നാംഘട്ട തീര്‍ത്ഥാടനം ഏപ്രില്‍ 3-ാം തീയതി സമാപിക്കും .ഇന്ന് 2.ന് വെള്ളറട യുദ്ധവിരുദ്ധ മണ്ഡപത്തില്‍ നടന്ന പ്രാര്‍ത്ഥനയും പ്രതിജ്ഞയും നെയ്യാറ്റിന്‍കര രൂപതാ വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തെക്കന്‍ കുരിശുമല ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ ആമുഖ സന്ദേശം നല്‍കി.
ഫാ.അജീഷ് ക്രിസ്തു യുദ്ധവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നെയ്യാറ്റിന്‍കര ശ്രീ ആചാര്യ രാജേന്ദ്ര നാഥ സൂര്യവംശി ഗുരുരാജ മിഷന്‍ നെയ്യാറ്റിന്‍കര, എഫ്.നാസറുദ്ദീന്‍ മൗലവി മുസ്ലീം ജമാഅദ് മൂങ്ങോട് എന്നിവര്‍ സന്ദേശം നല്‍കി. യുദ്ധവിരുദ്ധ സ്മാരകത്തില്‍ മതസൗഹാര്‍ദ്ദത്തിന്‍റെ അടയാളമായി പ്രതിനിധികള്‍ തിരികള്‍ തെളിച്ചു. സമാധാനത്തിന്‍റെ പ്രതീകമായി പ്രാവുകളെയും പറത്തി.
തുടര്‍ന്ന് കുരിശുമലയിലേക്ക് നടന്ന സിനഡാത്മക കുരിശിന്‍റെ വഴിയില്‍ വൈദീകരും സന്യസ്ഥരും , വിശ്വാസികളുമുള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
കെടിയേറ്റിന് ശേഷം നടന്ന പ്രാരംഭ പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്കു നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മോണ്‍.ജി.ക്രിസ്തുദാസ്, മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍ എന്നിവരും നെയ്യാറ്റിന്‍കര രൂപതയിലെ നിരവധി വൈദികരും സഹാകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഐ.റ്റി. വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് കെ. പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ., കെ.ആന്‍സലന്‍ എം.എല്‍.എ., കുളച്ചല്‍ എം.എല്‍.എ. ജെ.ജി.പ്രിന്‍സ് എം.രാജ്കുമാര്‍, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഎം.രാജ്മോഹന്‍, ജില്ലാപഞ്ചായ്ത്ത് മെമ്പര്‍ അന്‍സജിതാ റസ്സല്‍, പത്തുകാണി വാര്‍ഡ് മെമ്പര്‍ രാജയ്യന്‍, കാക്കതൂക്കി വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ. ലീല. സി.സ്റ്റാലിന്‍, എസ്.ജ്ഞാനദാസ് എന്നിവര്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഷോര്‍ട്ട്ഫിലിം പ്രദര്‍ശനവും, തിരുവനന്തപുരം സര്‍ഗവീണ അവതരിപ്പിക്കുന്ന ക്രിസ്തീയ സംഗീതാര്‍ച്ചനയും നടന്നു.