Diocese

തെക്കന്‍ കുരിശുമല തീര്‍ഥാടനം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍; ഉദ്യാഗസ്ഥതല യോഗം നടന്നു

തീര്‍ഥാടനം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്...

അനിൽ ജോസഫ്

വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ 63- ാമത് തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു. തിരുവനന്തപുരം എഡി.എം. അനൂപ് എസ്. നായരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ. പീറ്റര്‍, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ മോഹന്‍കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്‍റണി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.എസ്.ദേവപാലന്‍, എ.ആര്‍. നന്ദഗോപന്‍, പി.ശിവകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി, വെളളറട എസ്.ഐ. സതീഷ്ശേഖര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ ഷൈനി വി.എസ്., അസിസ്റ്റന്‍റ് മോട്ടേര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ്ബാബു, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഓഫിസ് സെക്രട്ടറി ജയന്തി, തീര്‍ഥാടന സെക്രട്ടറി സാബു കുരിശുമല തുടങ്ങിയവര്‍ പ്രസംഗിച്ചു.

കൂതാളി കാരിശുമല പന്നിമല കത്തിപ്പാറ റിംഗ്റോഡ് അടിയന്തിരമായി പണി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കണമെന്ന് എഡി.എം. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം സംഗമവേദിയില്‍ ഉറപ്പാക്കണമെന്ന് എഡി.എം. ആവശ്യപെട്ടു. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി 4 ആബുലന്‍സുകളും തീര്‍ഥാടന സമയത്ത് ഉണ്ടാവും.

കുടിവെളള ലഭ്യതക്കുറവ് പരിഹരിക്കാനായി തീര്‍ഥാടകേന്ദ്രവുമായി സഹകരിച്ച് പഞ്ചായത്ത് കുടിവെളളം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ക്കിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം സംഗമവേദിയില്‍ ക്രമീകരിക്കും. കൂടാതെ ഇത്തവണ തീര്‍ഥാടനത്തിന് കൂടുതല്‍ പോലീസുകാരുടെ സേവനം ആവശ്യമാണെന്ന് കുരിശുമല ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീര്‍ഥാടന സമയത്ത് സ്വകാര്യ ഭക്ഷണശാലകളിലെ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് എഡി.എം. ആവശ്യപെട്ടു. തീര്‍ഥാടന മേഖലയില്‍ ലഭിക്കുന്ന കുടിവെളളം പരിശോധനകള്‍ക്ക് ശേഷം മാത്രം തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യണമെന്നും എഡി.എം. ആവശ്യപ്പെട്ടു. ലഹരി ഉപയോഗം നിയന്ത്രിക്കാനായി എക്സൈസ് കടകളില്‍ കര്‍ശന പരിശോധന നടത്തണമെന്നും, ലഹരി ഉപയോഗിച്ച് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവരെ കര്‍ശനമായി തടയണമെന്നും യോഗം ആവശ്യപ്പെട്ടു.

“വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍” എന്ന ആപ്തവാക്യവുമായി മാര്‍ച്ച് 22 മുതല്‍ 29 വരെയും, രണ്ടാംഘട്ടം ഏപ്രില്‍ 9,10 തിയതികളിലുമായാണ് ഇത്തവണത്തെ തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. വിവിധ രൂപതകളില്‍ നിന്നുളള മതമേലധ്യക്ഷന്‍മാര്‍ വിവിധ ദിവസങ്ങളില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

തീര്‍ഥാനടത്തിന്റെ ഭാഗമായി സാംസ്കാരിക സന്ധ്യ, മാധ്യമസദസ്, മതസൗഹാര്‍ദ്ദസമ്മേളനം, ജനകീയസദസ്, തീര്‍ഥാടന പൊതുസമ്മേളനം എന്നിവയും ഉണ്ടാകുമെന്ന് കുരിശുമല റെക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ അറിയിച്ചു.

തീര്‍ഥാടനം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്

63 ാമത് തെക്കന്‍ കുരിശുമല തീര്‍ഥാടനം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കുമെന്ന് തീര്‍ഥാടന കമ്മറ്റി അറിയിച്ചു. പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കിമാത്രമെ തീര്‍ഥാടകരെ കുരിശുമലയിലേക്ക് കടത്തി വിടുകയുളളു. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്നും, ഹരിതകര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തി മാലിന്യ സംസ്കരണത്തിനുളള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ആദ്യപടിയായി ഉദ്യോഗസ്ഥതല മീറ്റിംഗിലും സ്റ്റീല്‍ഗ്ലാസുകളിലാണ് ചായയും കുടിവെളളവും ക്രമീകരിച്ചത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker