തെക്കന്‍ കുരിശുമലയില്‍ വൈദികമന്ദിരം ഉദ്ഘാടനം ചെയ്തു
രൂപതാ പ്രഖ്യാപനത്തിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മ്മിച്ചതാണ് വൈദികമന്ദിരം...
സാബു കുരിശുമല
കുരിശുമല: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ നിര്‍മ്മിച്ച കാര്‍മല്‍ വൈദികമന്ദിരത്തിന്റെ ആശീര്‍വാദകര്‍മ്മം നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ പ്രഖ്യാപനത്തിന്റെ രജത ജൂബിലി സ്മാരകമായി നിര്‍മ്മിച്ചതാണ് വൈദികമന്ദിരം.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ കര്‍മ്മപദ്ധതികളുടെ ആദ്യ ഘട്ടമായാണ് കാര്‍മല്‍ വൈദികമന്ദിരം നിര്‍മ്മിച്ചത്. ചടങ്ങില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കുരിശുമല ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍, രൂപതയിലെ വിവിധ വൈദീകര്‍, തീര്‍ത്ഥാടനകമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കര്‍മ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് കുരിശുമല സംഗമവേദിയില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ് തിരുനാള്‍ദിന മരിയന്‍ സന്ദേശം നല്‍കി.
കോവിഡ് മാനദണ്ഡങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് തിരുക്കര്‍മ്മങ്ങള്‍ സംഘടിപ്പിച്ചത്. തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വരെ സംഗമവേദിയിലും, മാതാമലയിലും വിവിധ തിരുകര്‍മ്മങ്ങള്‍ ഉണ്ടാകുമെന്ന് ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ അറിയിച്ചു.