തീരസംരക്ഷണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ കൊഞ്ഞനം കുത്തുന്നത്; ചെല്ലാനം-കൊച്ചി ജനകീയ വേദി
വെറും രണ്ട് പുലിമുട്ടുകൾ മാത്രം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡ്ഢികളാക്കുന്നു...
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിന്റെ കടൽത്തീര സംരക്ഷണ പദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ ചെല്ലാനം കൊച്ചി മേഖലയുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമായിപ്പോയെന്ന് ചെല്ലാനം-കൊച്ചി ജനകീയ വേദി ഭാരവാഹികളുടെ ആരോപണം. ചെല്ലാനത്ത് ഇതിനകം നടപ്പിലാക്കാൻ തുടങ്ങിയ ജിയോ ട്യൂബ് പദ്ധതി പ്രായോഗികമല്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയിരിക്കെ വീണ്ടും പരാജയപ്പെട്ട പദ്ധതിയുമായി വരുന്നത് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണെന്ന് ജനകീയ വേദി ഭാരവാഹികളായ മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ, ജോസഫ് അറയ്ക്കൽ, ജോസഫ് ജയൻ കുന്നേൽ എന്നിവർ പറഞ്ഞു.
സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽപ്പെടുത്തി 19 പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന് എംഎൽഎമാരായ കെ.ജെ. മാക്സിയും ജോൺ ഫെർണാണ്ടസും പ്രഖ്യാപിച്ചതാണെന്നും, എന്നിട്ടിപ്പോൾ വെറും രണ്ട് പുലിമുട്ടുകൾ മാത്രം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ആരെയാണ് വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്നും വേദി ഭാരവാഹികൾ ചോദിക്കുന്നു.
സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റുപോലും മുപ്പതിലേറെ പുലിമുട്ടുകൾ നിർമ്മിക്കണം എന്ന് ശുപാർശ ചെയ്തിരുന്നതാണെന്നും, പശ്ചിമ കൊച്ചി തീരസംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധിയായ പഠന റിപ്പോർട്ടുകൾ നിലവിലിരിക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടുമൊരു പഠനം പ്രഖ്യാപിച്ചത് പ്രഹസനമാണെന്നും ജനകീയ വേദി ഭാരവാഹികൾ പറയുന്നു.