തീരനിയന്ത്രണ വിജ്ഞാപനം – തീരദേശവാസികള്‍ക്ക് ആശങ്ക വേണ്ട; മുഖ്യമന്ത്രി
മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും കാര്യത്തില്‍ സുവ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ട് - മുഖ്യമന്ത്രി...
ഷാജി ജോർജ്
തിരുവനന്തപുരം: തീരനിയന്ത്രണ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തീരത്തുനിന്നും ഒരു കുടുംബത്തേയും ഒഴിപ്പിക്കില്ലെന്നും, അത്തരത്തിലുള്ള യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. തീരദേശ ജനസമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യത്തിന്റെ നേതൃത്വത്തിലുള്ള കെ.ആര്‍.എല്‍.സി.സി. നേതൃസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെയും തീരദേശ വാസികളുടെയും കാര്യത്തില്‍ സുവ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോറോണയുടെ ഭീഷണിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ ആര്‍ച്ച്ബിഷപ്പ് പ്രശംസിച്ചു. കടല്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പില്‍, കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍, സെക്രട്ടറി ആന്റെണി ആല്‍ബര്‍ട്ട്, കെ.എല്‍.സി.എ. വൈസ് പ്രസിഡന്റ് ഡാല്‍ഫിന്‍ ടി.എ., സി.എസ്.എസ്. വൈസ് ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, കടല്‍ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി.ആര്‍.കുഞ്ഞച്ചന്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
തീരപരിപാലന വിജ്ഞാപനം ലംഘിച്ച് നിര്‍മ്മിച്ചതായി സംശയിക്കപ്പെടുന്ന 26330 കെട്ടിടങ്ങളടങ്ങുന്ന പട്ടിക വിശദമായി പരിശോധിച്ച് മത്സ്യത്തൊഴിലാളികളുടെയും, തദ്ദേശവാസികളുടെയും ഭവനങ്ങള്‍ നിയമപരമായി ക്രമപ്പെടുത്തണമെന്ന് കെ.ആര്‍.എല്‍.സി.സി. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തുടർന്ന്, പിറനാളാഘോഷിക്കുന്ന ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ ഷാളണിയിച്ച് മുഖ്യമന്ത്രി ആശംസകളറിയിച്ചു.