തീരദേശ സംരക്ഷണം ഉറപ്പ് വരുത്തുക, കടൽ ഭിത്തികൾ നിർമ്മിക്കുക… വില്ലേജ് ഓഫീസുകളുടെ മുൻപിൽ ധർണ്ണ
ജോസ് മാർട്ടിൻ
ആലപ്പുഴ: കാലവർഷം വന്നിട്ടും കടൽ ഭിത്തികൾ നിർമ്മിക്കാത്തതിനെതിരെ ആലപ്പുഴ രൂപതാ കെ.എൽ.സി.എ. സംഘടിപ്പിക്കുന്ന സൂചനാ സമരത്തിന്റെ ഭാഗമായി രൂപതയുടെ ആറ് ഫെറോന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വില്ലേജ് ഓഫിസുകളുടെ മുന്നിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതി ധർണ്ണ നടത്തി. ഹെൽത്ത് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ്ണയുടെ രൂപതാതല ഉത്ഘാടനം ആലപ്പുഴ കളക്ടേറ്റിന് മുൻപിൽ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം ഉത്ഘാടനം ചെയ്തിരുന്നു.
കലവൂർ വില്ലേജ് ഓഫീസ് ധർണ്ണ ചെറിയപൊഴി ക്രിസ്തുരാജ പള്ളി വികാരി ഫാ.ഡെറി വാലയിൽ ഉത്ഘാടനം ചെയ്തു. അർത്തുങ്കൽ വില്ലേജ് ഓഫീസ് ധർണ്ണ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ അർഥശ്ശേരിൽ ഉത്ഘാടനം ചെയ്തു. തുറവൂർ വില്ലേജ് ഓഫീസ് ധർണ്ണ ഫാ.സ്റ്റീഫൻ എം.പുന്നയ്ക്കൽ ഉത്ഘാടനം ചെയ്തു. തോപ്പുംപടി കഴുത്തുമുട്ട് വില്ലേജ് ആഫീസ് ധർണ്ണ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ ഉത്ഘാടനം ചെയ്തു.
അതേസമയം, പുന്നപ്ര തെക്ക് വില്ലേജ് ഓഫീസ് ധർണ്ണ കെ..എൽ.സി.എ. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഉത്ഘാടനം ചെയ്തു. ചെറുപ്പകാലം മുതൽ കേൾക്കുന്ന ഒരു രോദനമാണ് തീരം സംരക്ഷിക്കപ്പെടണമെന്നത്, എന്നാൽ തീരം ഇനിയും പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിട്ടില്ല. ഓരോ കടൽക്ഷോഭ കാലയളവിലും കിട്ടുന്ന ഉറപ്പും പ്രതീക്ഷിച്ച് തീരവാസികളും അവരെ നയിക്കുന്ന നേതാക്കളും ആലപ്പുഴ രൂപതയും കാത്തിരിക്കുകയാണ്. ഓരോ പ്രാവശ്യവും മാറി മാറി വരുന്ന ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയവർ അടുത്ത കടൽക്ഷോഭത്തിനു മുൻപായിട്ട് എല്ലാം ശരിയായിരിക്കും എന്ന് ഉറപ്പു നൽകും എന്നാൽ ഒന്നും ചെയ്യുകയുമില്ല.
കഴിഞ്ഞ വർഷവും ഒറ്റമശ്ശേരിയിലും, ചെല്ലാനത്തും, മറുവാക്കാടും, കാട്ടൂറുമൊക്കെ കടൽക്ഷോഭം ഉണ്ടായപ്പോൾ ഇതേ ഉറപ്പ് കിട്ടിയിരുന്നു. അന്ന് കടലിൽ ഇറങ്ങി സമരം നടത്തിയപ്പോൾ പേരിന് കുറച്ചു കല്ലുകൊണ്ട് വന്നിട്ടു. കഴിഞ്ഞ നാളുകളിൽ പുന്നപ്ര പ്രദേശത്ത് ശക്തമായ കടൽ കയറ്റം ഉണ്ടായി. അറിയുന്നതനുസരിച്ച് കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ കാണാത്ത ഒരു പ്രതിഭാസമാണ് അവിടെ ഉണ്ടായിരിക്കുന്നത്. തീര സംരക്ഷണത്തിനായി നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളടക്കം തീരഭൂമിയും കടലെടുത്തു പോയി. കഴിഞ്ഞവർഷം കടൽ കയറിയ ഇടങ്ങളിലും, പുന്നപ്ര ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും കോവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ പറ്റില്ല അതുകൊണ്ടുതന്നെ വലിയ പ്രയാസങ്ങൾ ഉണ്ടാകും, അതുകൊണ്ട് ഇതിനെ അടിയന്തരമായി കണ്ടുകൊണ്ട് തീരത്തിന്റെ സംരക്ഷണത്തിന് അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും, ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്നും കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ തന്റെ ഉത്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ, പി.എം.ജോസി, തങ്കച്ചൻ തെക്കേ പാലക്കൽ, കെ.ജി.അലോഷ്യസ്, പീറ്റർ തയ്യിൽ എന്നിവർ പ്രസംഗിച്ചു