തീരദേശ ജനതയുടെ അവകാശസംരക്ഷണ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം രൂപത
രൂപതയിലെ എല്ലാ ഭവനങ്ങളിലും രാത്രി 7:00 മണിക്ക് ദീപം തെളിയിച്ച് ഐക്യദാർഢ്യ പ്രഖ്യാപനം...
ജോസ് മാർട്ടിൻ
കൊല്ലം: തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ദീർഘകാലമായി സെക്രട്ടറിയേറ്റ് പടിക്കൽതുടങ്ങിയ സമരത്തിന് കൊല്ലം രൂപതയുടെ ഐക്യദാർഢ്യം. രൂപതയിലെ എല്ലാ ഭവനങ്ങളിലും ബുധനാഴ്ച രാത്രി 7:00 മണിക്ക് ദീപം തെളിയിച്ചു കൊണ്ട് ഐക്യദാർഢ്യ പ്രഖ്യാപനം നടത്താൻ കൊല്ലം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ ആന്റെണി മുല്ലശ്ശേരി ആഹ്വാനം ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തെ തീരപ്രദേശ ജനതയും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾക്ക് സമാനമായ പ്രശ്നങ്ങൾ കൊല്ലത്തും ഉയർന്നുവരുന്നുണ്ടെന്ന് കൊല്ലം തങ്കശ്ശേരി മെത്രാസന മന്ദിരത്തിൽ ദീപം തെളിയിച്ചുകൊണ്ട് കൊല്ലം രൂപതാ മെത്രാൻ ഡോ.പോൾ ആന്റെണി മുല്ലശ്ശേരി പറഞ്ഞു.
രൂപതാ വികാരി ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ, അഡീഷണൽ വികാരി ജനറൽ ഫാ.ജോസഫ് സുഗുൺ ലിയോൺ, എപ്പിസ്കോപ്പൽ വികാര്‍ ഫാ.ബൈജു ജൂലിയാൽ എന്നിവരും കൊല്ലം തീരദേശത്തെ പ്രതിനിധികളും ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി പി.ആർ.ഓ. ഫാ.ഫിൽസൺ അറിയിച്ചു.