Kerala

തീരദേശത്തെ സര്‍ക്കാര്‍ വീണ്ടും വീണ്ടും അവഗണിക്കുന്നു; ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

അനിൽ ജോസഫ്

തിരുവനന്തപുരം: തീരദേശത്തെയും അവിടുത്തെ ജനങ്ങളെയും സര്‍ക്കാര്‍ വീണ്ടും അവഗണിക്കുന്നുവെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. തിരുവനന്തപുരത്തിന്റെ തീരമേഖലയിലുണ്ടായ കടലാക്രമണവുമായി ബന്ധപ്പെട്ട് വലിയതുറ സെന്റ് ആന്‍റണീസ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തികഞ്ഞ നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ദുരന്തങ്ങള്‍ വരുന്നതിനുമുമ്പ് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു.

ഏപ്രില്‍ അവസാന വാരം മുതല്‍ ഇന്നുവരെ തിരുവനന്തപുരം തീരദേശം പ്രത്യേകിച്ച് വലിയതുറ, കൊച്ചുതോപ്പ്, തോപ്പ്, മേഖലകളില്‍ മുപ്പതോളം കെട്ടുറപ്പുള്ള ഭവനങ്ങള്‍ പൂർണ്ണമായും കടലെടുത്തു. ഈ മേഖലയില്‍ എണ്‍പതോളം ഭവനങ്ങള്‍ കടലാക്രമണം ഭീതിയിലുമാണ്.

ഇതിനകം 72-Ɔളം കുടുംബങ്ങള്‍ വലിയതുറ ഫിഷറീസ് ഗോഡൗണ്‍ സ്കൂള്‍ വലിയതുറ യു.പി. സ്കൂള്‍ എന്നിവിടങ്ങളിലായി അഭയാര്‍ത്ഥികളായി കഴിയുന്നു. അവരുടെ ആവശ്യത്തിന് ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല ബിഷപ്പ് പറഞ്ഞു.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണം ഒരു സാധാരണ കാലവര്‍ഷ പ്രതിഭാസമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. 20-30 വര്‍ഷമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ ഇരുനില വീടുകള്‍ പോലും കടലാക്രമണത്തില്‍ വീണുകൊണ്ടിരിക്കുന്നു.

മുഖ്യമന്ത്രിക്കും ജലസേചന റവന്യൂ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
475 കോടി രൂപ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല, ഇപ്പോള്‍ കേരളത്തിലെ പല തീരദേശങ്ങളിലും ചെല്ലാനം പോലുള്ള തീരപ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി സമൂഹം തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെന്നും ബിഷപ്പ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker