തീരജനതയുടെ അതിജീവന സമരം ആയിരം ദിവസങ്ങൾ പിന്നിടുന്നു
ഭാഗികമായി പദ്ധതികൾ നടപ്പിലാക്കിയാൽ തീരത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കും; ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ
ജോസ് മാർട്ടിൻ
കൊച്ചി: ചെല്ലാനം കൊച്ചി തീരസംരക്ഷണം ഉറപ്പാക്കുക എന്ന ആവശ്യവുമായി ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അതിജീവന സമരം ആയിരം ദിവസങ്ങൾ പിന്നിടുന്ന ജൂലൈ 24-ന് മാനാശ്ശേരിയിൽ നടന്ന കടൽസമാധി സമരം റവ.ഡോ.ആന്റണീറ്റോ പോൾ ഉദ്ഘാടനം ചെയ്തു. ചെല്ലാനത്ത് നടപ്പാക്കുന്ന തീരസംരക്ഷണ പദ്ധതി ചെല്ലാനം-കൊച്ചി തീരത്തുടനീളം നീട്ടാൻ സർക്കാർ തയ്യാറാകണമെന്നും കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി തീരം പു:നർനിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെല്ലാനത്തെ കടൽകയറ്റത്തിന് കാരണം തീരം നേരിടുന്ന കടുത്ത തീരശോഷണമാണെന്നും, കൊച്ചി കപ്പൽ ചാലിലെ ഡ്രെഡ്ജിങാണ് രൂക്ഷമായ തീരശോഷണത്തിനു കാരണമെന്ന് സർക്കാരിന് വേണ്ടി പഠനം നടത്തിയ നാഷണൽ സെൻറ്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനം തന്നെ തങ്ങളുടെ റിപ്പോർട്ടിൽ ഇത് ചൂണ്ടികാണിച്ചിട്ടുള്ളതാണെന്നും, പോർട്ട് ഡ്രഡ്ജ് ചെയ്തു നീക്കുന്ന മണ്ണുപയോഗിച്ച് തീരം പുന:ർനിർമ്മിക്കണമെന്നും തീരത്തുടനീളം പുലിമുട്ട് പാടം നിർമ്മിക്കണമെന്നാണ് ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുന്നതെന്നും, സർക്കാർ നിലവിൽ പ്രഖ്യാപിച്ച ഭാഗികമായി പദ്ധതികൾ നടപ്പിലാക്കിയാൽ അത് തീരത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കുകയേ ഉള്ളൂവെന്നും ആലപ്പുഴ രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ പറഞ്ഞു. സമഗ്രമായ തീരസംരക്ഷണ പദ്ധതി നടപ്പാക്കുക, കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തെടുത്ത് വിൽക്കുന്ന മണ്ണ് തീരസംരക്ഷണത്തിനായി ലഭ്യമാക്കുക, തുടങ്ങി സമഗ്രമായ പദ്ധതി നടപ്പാക്കുന്നത് വരെ താൽക്കാലിക തീരസംരക്ഷണ നടപടികൾ കൈക്കൊള്ളുക, പുന:ർഗേഹം പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദി സമരം കൂടുതൽ ശക്തമാക്കുമെന്ന് അഡ്വ.തുഷാർ നിർമൽ സാരഥി അറിയിച്ചു.
ഫാ.ജോൺ കളത്തിൽ, ജാക്സൺ പൊള്ളയിൽ, മറിയാമ്മ ജോർജ്ജ് കുരിശ്ശിങ്കൽ, വി.ടി.സെബാസ്റ്റ്യൻ, അഡ്വ.തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, ഷിജി തയ്യിൽ, ക്ലീറ്റസ് പുന്നക്കൽ, സന്തോഷ് കൊടിയനാട്, അഡ്വ.ഷെറി ജെ. തോമസ്, ജോൺ ബ്രിട്ടോ, സാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.