Kazhchayum Ulkkazchayum

തീയും പൂവൻകോഴിയും മുത്തശ്ശിയും

തീയും പൂവൻകോഴിയും മുത്തശ്ശിയും

പണ്ട്… പണ്ട്… വളരെ പണ്ട്… ചുരുക്കിപ്പറഞ്ഞാൽ അന്ന് തീ കണ്ടു പിടിച്ചിരുന്നില്ല. എന്നാൽ, ഗ്രാമത്തിലെ മുത്തശ്ശി ഒരു വരം കിട്ടി. വീട്ടിനുള്ളിൽ ഒരു മുറിയിൽ കെടാത്ത തീ ഉണ്ടായിരുന്നു. ഗ്രാമവാസികൾ എല്ലാവരും മുത്തശ്ശിയുടെ മുന്നിൽ സാഷ്‌ടാഗം പ്രണമിച്ച്, ആദരവോടെ കുറച്ചു തീ കൊണ്ടുപോകുമായിരുന്നു. പക്ഷേ, എത്ര ശ്രദ്ധിച്ചാലും തീ അണഞ്ഞു പോകും. അതിനാൽ എല്ലാദിവസവും മുത്തശ്ശിയെ സമീപിച്ചിരുന്നു. ക്രമേണ മുത്തശ്ശിയ്ക്ക് അസൂയയും, അഹന്തയും, ചിലരോട് നീരസവും തോന്നിയിരുന്നു. വെറുപ്പുള്ളവർക്ക് തീ കൊടുക്കാറില്ലായിരുന്നു. മറ്റുള്ളവരുടെ വീട്ടിൽ നിന്ന് തീ എടുത്താൽതന്നെ ഉടനെ അത് അണഞ്ഞുപോകും. ഒടുവിൽ ഗ്രാമവാസികൾ ഒരു തീരുമാനത്തിലെത്തി. മുത്തശ്ശിയുടെ വീട്ടിൽ നിന്ന് എടുക്കുന്നില്ല, മറ്റുവല്ലപോംവഴിയും അന്വേഷിക്കണം. ഗ്രാമവാസികൾ ഒരുമിച്ചിരുന്നു ചിന്തിച്ചു… ഒരുമിച്ചിരുന്ന് ആലോചിച്ചു… എങ്ങനെ… എങ്ങനെ തീ കണ്ടുപിടിക്കാം? അങ്ങനെ മൂന്നാം ദിവസം അവർ തീപ്പെട്ടി കണ്ടുപിടിച്ചു. മടിയിൽ കൊണ്ടു നടക്കാമെന്ന തീ കണ്ടുപിടിച്ചു. ആവശ്യം സൃഷ്ടിയുടെ മാതാവാണ്. പ്രതികൂലസാഹചര്യങ്ങളെ ഒരുമിച്ച് നേരിടാൻ, ഒറ്റക്കെട്ടായി ചിന്തിച്ചുറച്ചാൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകും… പ്രത്യാശയുടെ പുത്തൻ വാതിലുകൾ തുറക്കപ്പെടും… പുതിയ ആകാശം ദർശിക്കും… “ഞാൻ ഉറക്കമുണരാൻ വൈകിയാൽ അന്ന് സൂര്യനും താമസിച്ച് ഉദിച്ചാൽ മതി” എന്ന് ശഠിക്കുന്ന വ്യക്തികളുടെ പ്രതീകമാണ് മുത്തശ്ശി.

തന്നെ ബഹുമാനിക്കാത്ത, കുമ്പിടാത്ത ഗ്രാമവാസികളെ ഒരു പാഠം പഠിപ്പിക്കാൻ മുത്തശ്ശി തീരുമാനിച്ചു. എല്ലാദിവസവും വെളുപ്പിന് 5 മണിക്ക് പുരയ്ക്കു മുകളിൽ കയറി ഗ്രാമവാസികളെ വിളിച്ചുണർത്തുന്ന തന്റെ “പൂവൻ കോഴിയെ” അന്ന് മുത്തശ്ശി ഒരു കുട്ടയിൽ കെട്ടി കിണറ്റിൽ ഇറക്കിവച്ചു. ഇനി സമയത്തിന് ഗ്രാമവാസികൾ എങ്ങനെ ഉണരും? അവർ എങ്ങനെ സമയത്തിന് ജോലിക്ക് പോകും? മക്കൾ എങ്ങനെ പഠിക്കാൻ പോകും? അവർ തന്റെ കാലുപിടിച്ച് മാപ്പ് ചോദിക്കാൻ വരുന്നതും നോക്കി ഉമ്മറത്തിരുന്നു. മൂന്നു ദിവസമായിട്ടും ആരും വന്നില്ല. മുത്തശ്ശി ഗ്രാമത്തിലേക്ക് നടന്നു. അത്ഭുതം, കുട്ടികൾ സമയം കയ്യിൽ കെട്ടി നടക്കുന്നു. എല്ലാവരും വാച്ച് കെട്ടിയിരിക്കുന്നു. കഥയിൽ അതിശയോക്തി ഉണ്ട്. പക്ഷേ, നമ്മിൽ പലരുടെയും മനോഭാവം ഇതല്ലേ? മാറേണ്ട സമയത്ത്, മാറ്റേണ്ട സമയത്ത് നമ്മുടെ മുടന്തൻ ന്യായങ്ങളും, പിടിവാശികളും മാറ്റേണ്ടിവരും. അല്ലാത്തപക്ഷം സമൂഹം നമ്മെ പുറന്തള്ളും!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker