തിരുവോസ്തി മാലിന്യ ചതുപ്പിൽ – പ്രതിഷേധയോഗവും, പ്രകടനം സംഘടിപ്പിച്ച് കെ.സി.വൈ.എം. കൊച്ചി രൂപത
കേവലം മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ല...
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റെണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ നിക്ഷേപിച്ച സംഭവത്തിൽ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും, പ്രകടനവും നടത്തി.
കേവലം മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്നും എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും ഏറ്റവും വേദനയുണ്ടാക്കുന്ന രീതിയിൽ നടന്ന നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ അവഹേളനം ഇനിയും ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാവണമെന്നും പ്രതിക്ഷേധയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പനയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ആന്റണി കുഴിവേലി മുഖ്യ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ.തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എ.ഡാൽഫിൻ, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ, വൈസ് പ്രസിഡന്റ് സെൽജൻ കുറുപ്പശ്ശേരി, കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ഫാ.അനീഷ് ബാവക്കാട്, ഫാ.റിൻസൺ കാളിയത്ത്, അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റ് ജിജോ സേവ്യർ, സി. നൊബെർട്ട, ജോസഫ് ദിലീപ്, ക്ലിൻറ്റൺ ഫ്രാൻസിസ്, അലീഷ ട്രീസ, ലിയോ ജോബ് എന്നിവർ പ്രസംഗിച്ചു.