തിരുവനന്തപുരം ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.
തിരുവനന്തപുരം ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.ആർ.എൽ.സി.സി. പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം.
നിർദിഷ്ട കടൽ റണ്‍വേ പദ്ധതി കടലിന്റേയും തീരത്തിന്റേയും പാരിസ്ഥിതിക ആവാസവ്യവസ്ഥയ്ക്കു ദൂരവ്യാപകമായ വിപത്തുകൾ വരുത്തിവയ്ക്കും. കടലും കടലോരവും വൻകിട പദ്ധതികൾക്ക് തീറെഴുതി നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി മാത്രമേ ഈ പദ്ധതിയെ കാണാനാകൂവെന്നു ബിഷപ്സ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായ വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യ കുത്തകയ്ക്കു നൽകിയതുപോലെ തിരുവനന്തപുരം വിമാനത്താവളവും ശംഖുമുഖം തീരവും കടലും വൻകിട കുത്തകകൾക്കു നൽകി മത്സ്യതൊഴിലാളികളെ അവിടെനിന്ന് കുടിയൊഴിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണ് പദ്ധതികൾക്കു പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജപ്പാനിലേയും ഹോങ്കോംഗിലേയും കടൽറണ്വേകളുടെ മാതൃകയിൽ തിരുവനന്തപുരത്തും കടൽറണ്‍വേ നിർമിക്കാനാണ് കാപ്പിറ്റൽ റീജൻ ഡെവലപ്മെന്റ് പ്രോജക്ട്- രണ്ടിന്റെ പ്രാഥമിക രൂപരേഖ ശിപാർശ ചെയ്യുന്നത്. മേൽപ്പറഞ്ഞ രാജ്യങ്ങളിലെ ഭൂപ്രകൃതി തീർത്തും വ്യത്യസ്തമാണ്. ഹോങ്കോംഗിൽ ചതുപ്പിലാണ് റണ്‍വേ നിർമിച്ചിരിക്കുന്നത്. മണ്‍സൂണിൽ, ജൂണ്‍- ജൂലൈ മാസങ്ങളിൽ അറബിക്കടൽ പ്രക്ഷുബ്ധമാണ്. അതിനാൽ കടൽറണ്‍വേ പദ്ധതിയിൽ തീരദേശ ജനതയ്ക്ക് കടുത്ത ആശങ്കയുണ്ട്. അതിനാൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
വികസനത്തിനു സഭയും സമുദായവും എതിരല്ല. എന്നാൽ, ജനങ്ങളുടേയും പ്രകൃതിയുടേയും പാരിസ്ഥിതിക- ആവാസ വ്യവസ്ഥകൾ തകർത്തുകൊണ്ടാകരുത് ഈ വികസനങ്ങൾ നടപ്പിലാക്കേണ്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും അഞ്ചുതെങ്ങ് മുതലപ്പൊഴിയിലെ പുലിമുട്ടു നിർമാണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉണ്ടായപ്പോൾ അതിന്റെ അശാസ്ത്രീയതയിൽ ഞങ്ങൾ ആശങ്ക അറിയിച്ചതാണ്. അതു കണക്കിലെടുക്കാതെ ഈ രണ്ടു പദ്ധതികളും നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സാഗർമാല പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കപ്പൽപാത ഇപ്പോൾ കരിങ്കുളംവരെ നീട്ടണമെന്നാണ് പുതിയ നിർദേശം. പദ്ധതി സംബന്ധിച്ച ചർച്ചയിൽ ആഴിമല ക്ഷേത്രത്തിനു സമാന്തരമായുള്ള കടലിൽ മാത്രം കപ്പൽപാതയെന്നാണ് അന്നത്തെ തുറമുഖ സെക്രട്ടറി ഉറപ്പു നൽകിയിരുന്നത്. മാത്രമല്ല തുറമുഖത്തോടു ചേർന്നു നിർദേശിച്ചിട്ടുള്ള നേവിയുടെ ബർത്ത് മുൻ തീരുമാനങ്ങൾക്കു വിരുദ്ധമാണ്.
ഇത്തരം ആശങ്കകൾ നിലനിൽക്കേ ലത്തീൻ കത്തോലിക്കർ ഡിസംബർ ഒമ്പതിന് സമുദായ ദിനമായി ആചരിക്കുകയാണ്. സംസ്ഥാനതല പരിപാടികളുടെ ഭാഗമായി ശംഖുമുഖം കടപ്പുറത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു. വികാരി ജനറാൾ മോണ്‍. യൂജിൻ പെരേരയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.