തിരുവനന്തപുരം അതിരൂപത നയിക്കുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മരിയൻ എൻജിനീയറിങ് കോളജ് മാനേജർ മോൺ. വിൽഫ്രെഡ് ഇ-ഫ്ലാഗ് ഓഫ് ചെയ്യും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടമായ അനിശ്ചിതകാല അവകാശ സമരം നാളെ അഞ്ചാം ദിവസത്തിലേക്ക്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടത്തിയ അവകാശ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. അവകാശങ്ങൾ നേടുന്നതുവരെയും പോരാട്ടം തുടരാനാണ് അതിരൂപതയുടെ തീരുമാനം. സമരത്തിന്റെ അഞ്ചാം ദിവസമായ നാളെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിനും സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണയ്ക്കും നേതൃത്വം നൽകുന്നത് പുതുക്കുറിച്ചി ഫെറോനയിലെ ഇടവകാംഗങ്ങളും വൈദികരുമാണ്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് മരിയൻ എൻജിനീയറിങ് കോളജ് മാനേജർ മോൺ. വിൽഫ്രെഡ് ഇ-ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണ്ണ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്യും. പുതുക്കുറിച്ചി ഫൊറോന വികാരി ഫാ. ജെറോം ഫെർണാണ്ടസ്, വികാരി ജനറൽ മോൺ. യൂജിൻ പെരേര, മോൺ. ജെയിംസ് കുലാസ് എന്നിവർ നാളെ സമരമുഖത്ത് വിഷയാവതരണം നടത്തും.
പുതുക്കുറിച്ചി ഫറോവനയിലെ തീരദേശ ജനതയ്ക്കൊപ്പം ഫാ.ജോസ് മാത്യു എസ്.ജെ, അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ.ഷാജിൻ ജോസ്, ഫാ.രാജശേഖരൻ, ഫാ.കിരൺ ലീൻ, ഫാ.പങ്ക്രേഷ്യസ്, ഫാ.ജെറോം റോസ്, ഫാ.ബാബുരാജ്, ഫാ.ഷൈനിഷ് ബോസ്കോ, എന്നിവർക്കൊപ്പം ഫറോനിയിലെ മറ്റു വൈദികരും സന്യസ്ത-അല്മായ പ്രതിനിധികളും സമരത്തിന് നേതൃത്വം വഹിക്കും.